വിഎസും അമേരിക്കക്കാരനായ റിച്ചാർഡ് സ്റ്റാൾമാനും തമ്മിലുള്ള ബന്ധം? സ്റ്റാൾമാൻ ആരായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണ്‌ എന്ന് സാധാരണക്കാർ കേട്ടിട്ടു പോലുമില്ലാത്ത കാലത്ത്‌ വിഎസ് എങ്ങനെ അറിഞ്ഞു.

ഇരുപതു വർഷം മുൻപാണ്‌. ഇന്ത്യയിൽ സന്ദർശനത്തിനു വന്ന ബിൽ ഗേറ്റ്‌സിനെ കാണാൻ ശ്രീ ഉമ്മൻ ചാണ്ടി ഡൽഹിക്കു പോയി. തിരിച്ചു വന്ന ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു, കേരളത്തിലെ സ്കൂളുകളിൽ ഐടി വിദ്യാഭ്യാസത്തിന്‌ മൈക്രോസോഫ്റ്റുമായി ധാരണയുണ്ടാക്കി. സ്കൂളുകളിൽ മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയർ പഠിപ്പിക്കും .

അടുത്ത ദിവസം വിഎസ്‌ പത്രസമ്മേളനം നടത്തി. കുട്ടികളെ പഠിപ്പിക്കേണ്ടത്‌ കുത്തക (proprietary) സോഫ്റ്റ്‌വെയർ അല്ല. സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ (open source) പഠിപ്പിക്കണം .

പിന്നീട്‌ കുറച്ച്‌ വാചക ഗുസ്തി ഒക്കെ ഉണ്ടായി എങ്കിലും കേരളത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ തന്നെ നടപ്പാക്കി. (അതിന്റെ മുഴുവൻ ഗുണവും കിട്ടിയോ എന്നു ചോദിച്ചാൽ, ഇല്ല). ഇക്കഴിഞ്ഞ ആഴ്ച്ചയാണ്‌ കേന്ദ്ര സർക്കാരിന്റെ ഒരു നയ തീരുമാനം കണ്ടത്‌. സുരക്ഷാ കാരണങ്ങളാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഉപയോഗത്തിനായി ഇവിടെ വികസിപ്പിച്ച (based on open source) സുരക്ഷിത സോഫ്റ്റ്‌വെയർ ഉപയോഗിക്കാനുള്ള തീരുമാനം.

സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്താണ്‌ എന്ന് സാധാരണക്കാർ കേട്ടിട്ടു പോലുമില്ലാത്ത കാലത്ത്‌ അത്തരം ഒരു നയം വിഎസ്‌ എങ്ങനെ മുന്നോട്ടു വച്ചു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്‌ (ഇത്‌ ഇപ്പോൾ പോലും ബഹുഭൂരിപക്ഷം കമ്പ്യൂട്ടർ ഉപയോക്താക്കളേയും ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടുള്ള കാര്യമാണ്‌). അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ്‌ ആയിരിക്കണം അത്‌ ഉപദേശിച്ചത്‌ എന്ന് ഊഹിച്ചു. പിന്നീട്‌ ശ്രീ ജോസഫ്‌ സി മാത്യുവിനേയും, ശ്രീ കെ.എം.ഷാജഹാനേയും നേരിട്ടു കണ്ടു സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ഇക്കാര്യം ചോദിച്ചു മനസ്സിലാക്കി.

ഇന്ദിരാ ഗാന്ധി മുതൽ വിഎസ്‌ വരെയുള്ള നേതാക്കളെ സൂപ്പർ ഹ്യൂമൻസ്‌ ആക്കിയത്‌ അവരുടെ ഉപദേശകരുടെ കൂടെ കഴിവായിരുന്നു. ഇന്ദിരാ ഗാന്ധിക്ക്‌ അത്‌ പി എൻ ഹക്സർ ആയിരുന്നു (സഞ്ജയ്‌ ഗാന്ധി വന്ന് ഹക്സറെ മാറ്റിയപ്പോൾ ഇന്ദിരാ ഗാന്ധിയുടെ പതനവും തുടങ്ങി). വിഎസിന്റെ കരുത്ത്‌ ഒരു സംഘം മികച്ച ഉപദേശകരായിരുന്നു. മികച്ച ഉപദേശകരെ കണ്ടെത്തുന്നത്‌ മികച്ച നേതാക്കളുടെ കഴിവാണ്‌ എന്നും പറയാം. ഉദാഹരണത്തിന്‌ ശ്രീ പിണറായി വിജയന്‌ ഉപദേശകരില്ലാഞ്ഞിട്ടല്ല, അദ്ദേഹത്തിനു തുടർച്ചയായി വീഴ്ച്ചകൾ പറ്റുന്നത്‌.

റിച്ചാർഡ് മാത്യു സ്റ്റാൾമാൻ ആരാണ് .

(സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാവ് റിച്ചാർഡ് മാത്യു സ്റ്റാൾമാൻ ആണ് .അമേരിക്കൻ ഐക്യനാടുകളിൽ‌, മാസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ‌ കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ സ്ഥാപകനായാണ് ലോകമെമ്പാടും അറിയപ്പെടുന്നത്.

വൻകിട കുത്തക കമ്പനികളുടെ ഇടപെടലുകൾ‌ കാരണം കൈമോശം‌ വരികയും സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ വ്യാപനം‌ സാങ്കേതിക വിദ്യയുടെ സ്വതന്ത്രമായ വളർച്ചയ്ക്കു തടസ്സമാകാൻ‌ തുടങ്ങുകയും ചെയ്ത ഒരു അവസരത്തിലാണ് സ്വതന്ത്ര സോഫ്റ്റ്‌വേർ പ്രസ്ഥാനത്തിനു അദ്ദേഹം തുടക്കം‌ കുറിച്ചത്. ഉപഭോക്താവിന്റെ മേൽ സ്വകാര്യ സോഫ്റ്റ്‌വേയറുകൾ‌ അടിച്ചേൽപ്പിച്ച ചില നിഷേധാത്മകമായ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച സ്റ്റാൾമാൻ‌ സ്വകാര്യ സോഫ്റ്റ്‌വെയറുകൾക്ക് ഒരു ബദൽ ഉണ്ടാക്കുന്നതിലേക്കായി തന്റെ ശേഷ ജീവിതം മാറ്റി വെച്ചു

ഷൈബു മഠത്തിൽ (ആം ആദ്‌മി പാർട്ടിയുടെ വക്താവ് )

കവർ ഫോട്ടോ കടപ്പാട് :ഹിന്ദു ദിനപത്രം.