അടുത്ത തദ്ദേശ തെരഞ്ഞെടുപ്പില്‍ അമ്പതോളം സീറ്റുകളിൽ മത്സരിക്കും

നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ അമ്പതോളം പഞ്ചായത്ത്, മുനിസിപ്പിലാറ്റി എന്നിവിടങ്ങളിലും കൊച്ചി കോര്‍പ്പറേഷനിലും മത്സരിക്കാന്‍ ട്വന്റി20 മത്സരിക്കുമെന്ന് സൂചന നൽകി സാബു ജേക്കബ് . നിലവില്‍ നാല് പഞ്ചായത്തുകളില്‍ ട്വന്റി 20യാണ് ഭരണം നടത്തുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തില്‍ രണ്ട് അംഗങ്ങളുമുണ്ട്. പാര്‍ട്ടി മുന്നോട്ടു വെക്കുന്ന ക്ഷേമ പദ്ധതികളും വികസനാധിഷ്ഠിത സമീപനവും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായിക്കുമെന്നാണ് ട്വന്റി യൂടെ വിലയിരുത്തല്‍.

”കുറഞ്ഞത് 50 പഞ്ചായത്തുകളിലെങ്കിലും മത്സരിക്കാനാണ് തീരുമാനം. അതുപോലെ മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും പാര്‍ട്ടി മത്സരിക്കും. മത്സരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളുണ്ടാകും. കേരളത്തിലെ ജനങ്ങള്‍ മറ്റൊരു ബദല്‍ തേടുകയാണ്. ട്വന്റി 20 ശക്തമായ ഒരു പാര്‍ട്ടിയായി മാറിയിരിക്കുന്നു, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗണ്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.” ട്വന്റി20 കോര്‍ഡിനേറ്ററും കിറ്റക്‌സ് ഗാര്‍മെന്റ്‌സ് എംഡിയുമായ സാബു ജേക്കബ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2015ല്‍ രൂപീകൃതമായ ട്വന്റി 20 പാര്‍ട്ടി, അക്കൊല്ലം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ മത്സരിക്കുകയും 19 ല്‍ 17 സീറ്റുകള്‍ നേടി അധികാരത്തില്‍ വരികയും ചെയ്തു. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍, എറണാകുളത്തെ മൂന്ന് പഞ്ചായത്തുകളിലേക്ക് കൂടി ട്വന്റി 20 സാന്നിധ്യം വ്യാപിപ്പിച്ചു. ഐക്കരനാട് പഞ്ചായത്തില്‍ 14 സീറ്റുകളും നേടി. കുന്നത്തുനാട് പഞ്ചായത്തില്‍ 18 സീറ്റുകളില്‍ 11 എണ്ണം നേടി. മഴുവണ്ണൂര്‍ പഞ്ചായത്തില്‍ 19 ല്‍ 14 സീറ്റുകളും ട്വന്റി 20 നേടി.

എറണാകുളം ജില്ലാ പഞ്ചായത്തില്‍ ട്വന്റി 20യ്ക്ക് രണ്ട് പ്രതിനിധികളുണ്ട്. കോലഞ്ചേരി ഡിവിഷനില്‍ നിന്നും ഉമാമഹേശ്വരി കെ ആര്‍, വെങ്ങോല ഡിവിഷനില്‍ നിന്നും നാസര്‍ പി എം എന്നിവരാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് നാല് മാസങ്ങള്‍ക്ക് ശേഷം നടന്ന 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ട്വന്റി 20 സ്ഥാനാര്‍ത്ഥി സുജിത് പി സുരേന്ദ്രന്‍ 42,701 വോട്ടുകള്‍ നേടി. ഇപ്പോള്‍ സംസ്ഥാനത്തുടനീളം ട്വന്റി 20ക്ക് സാന്നിധ്യമുണ്ട്, 14 ജില്ലകളിലും പാര്‍ട്ടി കമ്മിറ്റികളുണ്ട്. സാബു ജേക്കബ് പറഞ്ഞു.

കിഴക്കമ്പലത്തും ഐക്കരനാടും ഗാര്‍ഹിക വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ 25% നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള അധിക ക്ഷേമ പദ്ധതികള്‍ എന്ന നിലയിലാണ് പ്രഖ്യാപനം. ”കിഴക്കമ്പലത്ത് 32 കോടി രൂപയും ഐക്കരനാട്ടില്‍ 14 കോടി രൂപയും മിച്ച ബജറ്റ് ഉണ്ടായിരുന്നു. ഇത് അഴിമതിരഹിത ഭരണത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ അടുത്ത ഘട്ടം ജനങ്ങളുടെ ക്ഷേമമാണ്, കാരണം മിച്ചത്തിന്റെ ഗുണങ്ങള്‍ പൊതുജനങ്ങള്‍ക്കും ലഭിക്കണം. വികസനത്തോട് ട്വന്റി 20 ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കുന്നത്. അതേസമയം മറ്റുള്ളവര്‍ പരമ്പരാഗത രാഷ്ട്രീയം പിന്തുടരുന്നു. ക്ഷേമം, പ്രതിരോധം, ദീര്‍ഘകാല ആസൂത്രണം എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. ”സാബു ജേക്കബ് പറഞ്ഞു.