
യേശുക്രിസ്തുവിൻ്റെ പുനരവതാരത്തിനു കോടതി 12 വർഷത്തെ തടവ് ശിക്ഷ കിട്ടി.റഷ്യയിലെ സൈബീരിയയിലാണ് സംഭവം.സൈബീരിയയിൽ “ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റ്” എന്ന ആരാധനാ സംഘം സ്ഥാപിച്ച സെർജി ടോറോപ് എന്നയാളെയാണ് ശിക്ഷിച്ചത്.
വിസാരിയോൺ എന്ന പേരിൽ അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്ന ഇയാളെ “ജീസസ് ഓഫ് സൈബീരിയ” എന്നും വിശേഷിപ്പിക്കപ്പെടുന്നു

2020 സെപ്റ്റംബറിലാണ് റഷ്യൻ സുരക്ഷാ സേന സൈബീരിയയിലെ യേശു എന്ന് വിളിക്കപ്പെടുന്ന ഇയാളെ അറസ്റ്റ് ചെയ്തത് . മുൻ ട്രാഫിക് പോലീസുകാരനാണ് ഇയാൾ.സെർജി ടോറോപ്പ് എന്ന യഥാർത്ഥ പേര് വഹിക്കുന്ന മതനേതാവിനെതിരെയുള്ള കുറ്റം സാമ്പത്തിക തട്ടിപ്പാണ്. ലോകമെമ്പാടുമുള്ള ഏതാണ്ട് 10,000 അനുയായികളിൽ നിവിനും പണം തട്ടിയെടുക്കുകയും അവർക്ക് ശാരീരികവും മാനസികവുമായ ഉപദ്രവമുണ്ടാക്കുകയും ചെയ്തതായാണ് പോലീസ് ആരോപിച്ചത്.2020-ൽ റഷ്യൻ സുരക്ഷാ സേന ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് സെർജി ടോറോപിനെയും അദ്ദേഹത്തിൻ്റെ രണ്ട് സഹായികളെയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിനുശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ജൂൺ 30 (2025 ) തിങ്കളാഴ്ച സൈബീരിയൻ കോടതിഅയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മറ്റ് രണ്ട് നേതാക്കളായ വ്‌ളാഡിമിർ വെഡെർനിക്കോവ്, വാഡിം റെഡ്കിൻ എന്നിവരും 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.കൂടാതെ, ഇരകൾക്ക് നഷ്ടപരിഹാരമായി 45 ദശലക്ഷം റൂബിൾസ് (ഏകദേശം $572,000) നൽകാനും കോടതി ഉത്തരവിട്ടു.തങ്ങൾ നിരപരാധികളാണ് എന്ന് പ്രതികൾ ബോധിപ്പിച്ചെങ്കിലും കോടതി അത് തള്ളുകയാണുണ്ടായത് .അതോടെ യേശുക്രിസ്തുവിൻ്റെ പുനരവതാരമെന്ന പ്രതിച്ഛായയാണ് തകർന്നത്.ഒരു വിഗ്രഹം ഉടഞ്ഞു വീണു.1991-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്ക് തൊട്ടുമുമ്പാണ് സെർജി ടോറോപ് “ചർച്ച് ഓഫ് ദി ലാസ്റ്റ് ടെസ്റ്റമെന്റ്” സ്ഥാപിച്ചത്.1989-ൽ തനിക്ക് ജോലി നഷ്ടപ്പെട്ടതിന് ശേഷം ഒരു “ദൈവിക വെളിപാട്” ഉണ്ടായെന്നും അതിനുശേഷമാണ് ഇത് സ്ഥാപിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട് .

64 വയസ്സുള്ള, താടിയും മുടിയുമുള്ള ഈ പുനരവതാരം പറഞ്ഞത് ദൈവവചനം ലോകത്തിന് കൈമാറാൻ താൻ “പുനർജനിച്ചു” എന്നായിരുന്നു. അതോടെ അദ്ദേഹത്തിന്റെ നിരവധി ഭക്തർ ‘പ്രഭാതത്തിന്റെ വാസസ്ഥലം’ അല്ലെങ്കിൽ ‘സൂര്യനഗരം’ എന്നറിയപ്പെടുന്ന വാസസ്ഥലത്തേക്ക് ഒഴുകിയെത്തി, പുനർജന്മം, സസ്യാഹാരം, യോജിപ്പുള്ള മനുഷ്യബന്ധങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹം ഭക്തരെ പഠിപ്പിച്ചത്.
2002-ൽ ദി ഗാർഡിയന്റെ റിപ്പോർട്ടറോട് അദ്ദേഹം പറഞ്ഞത്” എല്ലാം വളരെ സങ്കീർണ്ണമാണ്,”എന്നായിരുന്നു. . “എന്നാൽ കാര്യങ്ങൾ ലളിതമായി പറഞ്ഞാൽ, അതെ, ഞാൻ യേശുക്രിസ്തുവാണ്. ഞാൻ ദൈവമല്ല. യേശുവിനെ ദൈവമായി കാണുന്നത് ഒരു തെറ്റാണ്. പക്ഷേ ഞാൻ പിതാവായ ദൈവത്തിന്റെ ജീവനുള്ള വചനമാണ്. ദൈവം പറയാൻ ആഗ്രഹിക്കുന്നതെല്ലാം അവൻ എന്നിലൂടെ പറയുന്നു.”എന്നായിരുന്നു ഗാർഡിയന്റെ റിപ്പോർട്ടറോട് വിശദീകരിച്ചത്.
മാംസം കഴിക്കരുതെന്നും, പുകവലിക്കരുതെന്നും, മദ്യപിക്കരുതെന്നും, സത്യം ചെയ്യരുതെന്നും – പണം ഉപയോഗിക്കുന്നത് നിർത്തണമെന്നും ടോറോപ്പ് തന്റെ അനുയായികളോട് പറഞ്ഞു. സൂര്യന്റെ നഗരത്തിലെ അദ്ദേഹത്തിന്റെ വലിയ കുന്നിൻ മുകളിലുള്ള വസതിയിലേക്ക് നോക്കി അവർ പലപ്പോഴും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പ്രാർത്ഥനകൾ നടത്തുമായിരുന്നു.

എന്നാൽ വിസാരിയോണിന്റെ കമ്മ്യൂണിലെ ജീവിതത്തിന്റെ ഇരുണ്ടതും മറഞ്ഞിരുന്ന തട്ടിപ്പുകളാണ് അദ്ദേഹത്തെ അറസ്റ്റിലേക്ക് നയിച്ചത്.
ലോകാവസാനം അടുത്തിരിക്കുന്നു എന്നും,തൻ്റെ അനുയായികളെ മാത്രമേ രക്ഷിക്കൂ എന്നും അദ്ദേഹം പ്രവചിച്ചിരുന്നു.ക്രിസ്മസിന് പകരം തൻ്റെ ജന്മദിനമായ ജനുവരി 14 വിശേഷ ദിവസമായി ആചരിക്കാനായിരുന്നു അദ്ദേഹത്തിൻ്റെ ആഹ്വാനം.

ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും, ഏഴു വയസ്സുമുതൽ തന്നോടൊപ്പം താമസിച്ചിരുന്ന 19 വയസ്സുകാരിയെ വിവാഹം കഴിക്കുകയും ചെയ്തു എന്നാണ് പറയുന്നത്.രണ്ട് വിവാഹങ്ങളിലുമായി അദ്ദേഹത്തിന് ആറ് മക്കളുണ്ട്.യേശുവിൻ്റെ അമ്മയായ മറിയയെയാണ് വിസാരിയോൺ തൻ്റെ അമ്മയായി കണക്കാക്കുന്നത്