എഡിജിപി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ ശബരിമല യാത്ര നടത്തിയ സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ പൊലീസാണ് കേസെടുത്തത്. എഫ്‌ഐആറില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പറ്റി പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച് ട്രാക്ടറിൽ ആളെ കയറ്റി എന്നതാണ് പ്രധാനകുറ്റം. ഗതാഗത നിയമവുമായി ബന്ധപ്പെട്ട വകുപ്പുകളും ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

പൊലീസിന്റെ ട്രാക്ടറിലാണ് എജിഡിപി എം ആര്‍ അജിത് കുമാര്‍ ശബരിമല യാത്ര നടത്തിയത്. ഈ ട്രാക്ടറിന്റെ ആര്‍സി ഉടമ സംസ്ഥാന പൊലീസ് മേധാവിയാണ്. പൊലീസിന്റെ എഫ്‌ഐആറില്‍ ട്രാക്ടറില്‍ യാത്ര ചെയ്ത വിഐപിയെക്കുറിച്ചോ, അതിന് പ്രേരിപ്പിച്ച ഘടകങ്ങളെപ്പറ്റിയോ പരാമര്‍ശമില്ല. ഹൈക്കോടതി വിധി ലംഘിച്ച്, ആളുകള്‍ക്ക് അപായമുണ്ടാക്കുന്ന രീതിയില്‍ അലക്ഷ്യമായി വാഹനം ഓടിച്ച് മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
നിയമം ലംഘിച്ച് ട്രാക്ടറില്‍ ശബരിമല ദര്‍ശനം നടത്തിയ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എഡിജിപിയുടെ യാത്ര മനപ്പൂര്‍വമാണെന്ന് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണ് എം ആര്‍ അജിത് കുമാറിന്റെ പ്രവൃത്തി. ഇത് ദൗര്‍ഭാഗ്യകരമായിപ്പോയി. എഡിജിപി അജിത് കുമാറിന് ആരോഗ്യപ്രശ്‌നമുണ്ടോ? ആരോഗ്യപ്രശ്‌നമുണ്ടെങ്കില്‍ ആംബുലന്‍സില്‍ പോയിക്കൂടേ എന്നും ഹൈക്കോടതി ചോദിച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ജോലി നോക്കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. അതുകൊണ്ടു തന്നെ നിയമങ്ങളെല്ലാം അദ്ദേഹത്തിന് വ്യക്തമായി അറിയാവുന്നതാണ്. സ്വാമി അയ്യപ്പന്‍ റോഡില്‍ ചരക്കു കൊണ്ടു പോകാന്‍ മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന് നേരത്തെ തന്നെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. സംഭവത്തില്‍ പത്തനംതിട്ട എസ് പിയോട് കോടതി റിപ്പോര്‍ട്ട് തേടി. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒരു തരത്തിലും നിയമവിരുദ്ധ യാത്ര അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പമ്പ-സന്നിധാനം റോഡില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവ് എഡിജിപി അജിത്കുമാര്‍ ലംഘിച്ചുവെന്നാണ് ദേവസ്വം സ്പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്. ഞായറാഴ്ച സന്നിധാനത്തു നടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി ശനിയാഴ്ച വൈകീട്ട് എത്തിയത്. പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാർ ട്രാക്ടറിൽ യാത്ര നടത്തിയത്.