ഒടുവിൽ ഷെറിന് ജയിൽമോചനം അനുവദിച്ചു. ചെങ്ങന്നൂർ ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതിയാണ് ഷെറിൻ .ഇവർ മറ്റുകേസുകളിൽ ജയിലിൽ കഴിയുന്നവർ ഉൾപ്പെടെ 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഇവരെ വിട്ടയക്കണമെന്ന സംസ്ഥാന സർക്കാർ ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ചതോടെ മൂന്നുകേസുകളിലായി 11 പേർക്കാണ് മോചനം നൽകുന്നത്.
ഷെറിന്റെ മോചന ഉത്തരവ് താഴെ :

നേരത്തേ ഷെറിന് ശിക്ഷായിളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ വിവാദമായിരുന്നു. ഷെറിന് അടിക്കടി പരോൾ കിട്ടിയത് എടുത്തുകാട്ടിയാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്. ഷെറിന് ശിക്ഷാ ഇളവ് നൽകാൻഅസാധാരണ വേഗത്തിൽ സർക്കാർ തീരുമാനമെടുത്തതാണ് വിവാദമായത്.
ജയിലിലെ നല്ലനടപ്പും മാനസാന്തരവും നിയമപരമായ അർഹതയും പരിഗണിച്ചാണ്ജയിൽ മോചനത്തിന് ശുപാർശ നൽകിയതെന്ന് ജയിൽ ഉപദേശക സമിതി അംഗം തന്നെ ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. സഹതടവുകാരുമായും ഉദ്യോഗസ്ഥരുമായും ജയിലിൽ പ്രശ്നങ്ങളുണ്ടാക്കിയതിനാൽ നാലു തവണ ജയിൽ മാറ്റിയ ഷെറിനെ ന്യായീകരിച്ചുള്ള ശുപാർശയാണ് വിവാദമായത്.
ഇതിനിടയിലാണ് നൈജീരിയൻ സ്വദേശിനിയായ തടവുകാരിയെ മർദിച്ച സംഭവത്തിൽ ഷെറിനും മറ്റൊരു തടവുകാരിയായ സ്ത്രീയ്ക്കുമെതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇത് ഷെറിന്റെ മോചനത്തിന് തിരിച്ചടിയായി.
ഇതേത്തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ് ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്.

മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരേയും ബന്ധുക്കളെയും അപായപ്പെടുത്തിയ മറ്റു രണ്ട് കേസുകളിൽപ്പെട്ടവരെയാണ് ശിക്ഷായിളവ് ലഭിച്ച മറ്റു പത്തുപേർ. മലപ്പുറം തിരുവനന്തപുരത്തും ഉണ്ടായ ഈ കേസുകളിൽ അഞ്ചു വീതം പ്രതികളാണുള്ളത്. 2009ലാണ് ഭർതൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റു മൂന്നു പ്രതികളും ചേർന്ന് വീടിനുള്ളിൽ കൊലപ്പെടുത്തിയത്.