വിഎസിന്റെ വിയോഗം;നാളെ പൊതു അവധി;മൂന്നു ദിവസം ദുഃഖാചരണം ;ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ജൂലൈ 22 മുതല്‍ സംസ്ഥാനത്ത് ഒട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടേണ്ടതാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു

ഇന്ന് വൈകിട്ടോടെ വിഎസിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെത്തിച്ചു. ഇന്ന് രാത്രി എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ തിരുവനന്തപുരം വേലിക്കകത്തെ വീട്ടിലേക്കു കൊണ്ടുപോകും.

നാളെ രാവിലെ ഒന്‍പതിന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി എത്തിക്കും. ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചു.ഇനി പുന്നപ്ര -വയലാർ സമര സഖാക്കൾ ഉറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാടില്‍ പുന്നപ്ര -വയലാർ സമര നായകനായ വിഎസിനു അന്ത്യ വിശ്രമം.