പത്തോളം പെൺകുട്ടികളെ നഗ്നരാക്കി ആർത്തവ പരിശോധന നടത്തിയ പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിലായി. മഹാരാഷ്ട്ര താനെ ഷഹാപൂരിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം.
സ്കൂളിലെ ശുചിമുറിയിൽ രക്തക്കറ കണ്ടതിന് പിന്നാലെയാണ് വനിതകളായ പ്രിൻസിപ്പലും സഹായിയും ചേര്‍ന്ന് പെൺകുട്ടികളെ നഗ്നരാക്കി ആർത്തവ പരിശോധന നടത്തിയത്. സംഭവത്തിൽ ട്ട നാല് അധ്യാപകർക്കെതിരെയും രണ്ട് ട്രസ്റ്റിമാർക്കെതിരെയും പൊലീസ് കേസെടുത്തു. അറസ്റ്റിലായവരെ ഇന്ന് (10 -07 -2025 ) വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാതാപിതാക്കൾ പ്രതിഷേധിച്ചതിനെത്തുടർന്ന് സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി സ്വീകരിച്ചതായി താനെ റൂറൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്സോ നിയമത്തിലെ കർശനമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
സ്കൂളിലെ ജീവനക്കാർ ചൊവ്വാഴ്ച ടോയ്‌ലറ്റിൽ രക്തക്കറ കണ്ടെത്തുകയും ഉടൻ തന്നെ അധ്യാപകരെയും പ്രിൻസിപ്പലിനെയും ഇക്കാര്യം അറിയിക്കുകയുമായിരുന്നു. ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തുന്നതിനായി, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി, അവിടെ ഒരു പ്രൊജക്ടർ ഉപയോഗിച്ച് ടോയ്‌ലറ്റിലെയും ടൈലുകളിലെയും രക്തക്കറയുടെ ചിത്രങ്ങൾ കാണിച്ചു.
