പൂയംകുട്ടി വനാന്തരത്തിലെ കയ്യേറ്റവും അനധികൃത കൃഷിയും വെളിച്ചത്തു കൊണ്ടുവരാൻ വേണ്ടി 2002 മെയ് 11 നാണ് വിഎസ് വനമേഖല സന്ദർശിച്ചത്.

ആലുവ പാലസിൽ നിന്നും കുട്ടമ്പുഴയിലെത്തി അവിടെനിന്ന് ഫോർവീൽ ഡ്രൈവ് ജീപ്പിലാണ് കാട്ടിലേക്ക് യാത്ര ചെയ്തത്. പരിസ്ഥിതി പ്രവർത്തകരും മാധ്യമപ്രവർത്തകരും വിഎസിനെ അനുഗമിച്ചിരുന്നു
വളരെ ദുർഘടമായ പാതയായിരുന്നു. ജീപ്പിൽ ചാടി ചാടിയുള്ള യാത്ര വിഎസിനെ അലോസരപ്പെടുത്തിയില്ല. കൂടെ വന്നവരിൽ പലരും അവശരായി. പൂയംകുട്ടി വനത്തിലെ വാരിയം, വെള്ളാരംകുത്ത് തുടങ്ങിയ പ്രദേശങ്ങളാണ് വിഎസ് സന്ദർശിച്ചത്. വനം വെട്ടിത്തെളിച്ച് ഏലം കൃഷി ചെയ്തത് വിഎസിന് നേരിട്ട് ബോധ്യപ്പെട്ടു
ജീപ്പ് എത്താത്ത സ്ഥലങ്ങളിലേക്ക് കാൽനടയായാണ് വിഎസ് യാത്ര ചെയ്തത്. നിരവധിതവണ അട്ട കടിയേറ്റു. സോപ്പും പുകയില കഷായവും തീപ്പെട്ടിയും ഉപയോഗിച്ചാണ് വിഎസിന്റെ ശരീരത്തിൽ കടിച്ചു തൂങ്ങിയ അട്ടകളെ ഗൺമാൻ നീക്കം ചെയ്തത്

പല സ്ഥലങ്ങളിലേക്കും വിഎസ് എത്താതിരിക്കാൻ അന്നത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരും ഭൂമി കയ്യേറ്റക്കാരും ശ്രമിച്ചു പക്ഷേ വിഎസ് പിന്തിരിഞ്ഞില്ല. പാതയുടെ കാഠിന്യം മനസ്സിലാക്കി വിഎസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച സഹായികളെ അദ്ദേഹം ശകാരിച്ചു. നിങ്ങൾ വേണമെങ്കിൽ പൊയ്ക്കോളൂ ഞാൻ മുന്നോട്ടു പോയിട്ടേ മടങ്ങുന്നുള്ളൂ എന്നായിരുന്നു വിഎസിന്റെ പ്രതികരണം
ഇടുക്കി ജില്ലയിൽ മതി കെട്ടാനിലെ കയ്യേറ്റം വെളിച്ചത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് പൂയംകുട്ടി കയ്യേറ്റം പരിസ്ഥിതി പ്രവർത്തകർ വിഎസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്
വിഎസിന്റെ സന്ദർശനത്തിന് പിന്നാലെ പൂയംകുട്ടിയിലെ വനം കയ്യേറ്റം വലിയ വിവാദമായി വനമന്ത്രിയായിരുന്ന കെ സുധാകരൻ ഇതിന് പിന്നാലെ പൂയംകുട്ടി സന്ദർശിച്ചു. കയ്യേറ്റം ഇല്ലെന്നാണ് അദ്ദേഹം അന്ന് പ്രഖ്യാപിച്ചത് ഇതിന് പിന്നാലെ വിഎസ് കേന്ദ്ര വനം മന്ത്രിക്ക് പൂയംകുട്ടി വനത്തിലെ കയ്യേറ്റം തടയണമെന്നും വനമേഖല വീണ്ടെടുക്കണം എന്ന് ആവശ്യപ്പെട്ടു കത്തെഴുതി.

നോയൽ തോമസ് ആയിരുന്നു അന്ന് മലയാറ്റൂർ ഡി എഫ് ഒ. എംഎൽഎ ആയിരുന്ന സാജു പോൾ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം, അന്തരിച്ച സിപിഎം നേതാവ് എം പി പത്രോസ് എന്നിവരും കൂടെയുണ്ടായിരുന്നു
വാരിയത്തെയും വെള്ളാരംകുത്തിലെയും ആദിവാസി കുടികളുടെ മറവിലാണ് കയ്യേറ്റക്കാർ അവിടെ അനധികൃതമായി കൃഷിയും മറ്റും നടത്തിയിരുന്നത്. വിഎസിന്റെ ഇടപെടലോടെ ഇതിന് തടയിടാൻ വനം വകുപ്പ് ഊർജ്ജിത നടപടികൾ സ്വീകരിച്ചു.(.കവർ ഫോട്ടോ കടപ്പാട് :ജോൺസൺ)
