മോൺസൺ മാവുങ്കലിൽ നിന്നും കുടുംബമേള നടത്താൻ എറണാകുളം പ്രസ് ക്ലബ് ഭാരവാഹികൾ പണം വാങ്ങിയതുമായി ബന്ധപ്പെട്ട എൻഫോൺസ്മെൻറ് ഡയറക്ടറേറ്റ് (ഇ ഡി ) എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിക്ക് കത്തയച്ചു .
2025 ജൂലൈ പതിനൊന്നിനാണ് ഇ ഡി കത്തയച്ചത്. പത്രപ്രവർത്തകരുടെ ജില്ലാ ആസ്ഥാനമായതിനാൽ ഇതുവരെ വാർത്ത പുറത്ത് വന്നില്ല. മാധ്യമ സ്വാതന്ത്ര്യം ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നിട്ടാണ് സ്വന്തം സ്ഥാപനത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ ഡി നോട്ടീസ് അയച്ചിട്ടും വാർത്തയാകാതിരുന്നത്.അച്ഛൻ തെറ്റ് ചെയ്താലും താൻ റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പാരമ്പര്യം അവകാശപ്പെടുന്ന പത്ര മാധ്യമ പ്രവർത്തകരാണ് ഇക്കാര്യം ജനങ്ങളിൽ നിന്നും മറച്ചു പിടിച്ചത്. ഏതെങ്കിലും രാഷ്ട്രീയക്കാർക്കെതിരെ ഇ ഡി നോട്ടീസ് അയച്ചിരുന്നെങ്കിൽ മാധ്യമ പ്രവർത്തകൾ ഉറഞ്ഞു തുള്ളുമായിരുന്നു.

മോൺസൺ മാവുങ്കലിൽ നിന്നും വാങ്ങിയ പണം ഒരു പ്രസ് ക്ലബ് അംഗത്തിന്റെ അക്കൗണ്ടിലെത്തിഎന്നും ആ തുക കണക്കിൽപ്പെടാതെ മൂന്നു പേർക്കായി വീതിച്ചെന്നായിരുന്നു നേരത്തെ ആരോപണം ഉയർന്നത്. ഈ സംഭവം സോഷ്യൽ മീഡിയിൽ വിവാദമായതിനെ തുടർന്ന് പ്രസ് ക്ലബ് ഭാരവാഹികളിൽ ചിലർക്കെതിരെ നടപടി ഉണ്ടായി.പ്രസ്തുത കമ്മിറ്റി രാജിവെക്കുകയും ഉടനെ തെരെഞ്ഞെടുപ്പിലൂടെ പുതിയ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചുമതല ഏൽക്കുകയുമുണ്ടായി.അത് വാസ്തവുമാണ്.
2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് (PMLA ) എറണാകുളം പ്രസ് ക്ലബിനു ഇ ഡി നൽകിയ നോട്ടീസ് സെക്രട്ടറി കൈപ്പറ്റിയെന്നാണ് മനസിലാക്കാൻ സാധിച്ചത്.ഇ ഡി നൽകിയ നോട്ടീസിൽ പറയുന്നത് ഇപ്രകാരമാണ്:നോട്ടീസിന്റെ പരിഭാഷ താഴെ കൊടുക്കുന്നു.
വിഷയം: മോൺസൺ മാവുങ്കൽ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട ഇടപാടിന്റെ വിശദാംശങ്ങൾക്കായുള്ള അപേക്ഷ:

“മോൺസൺ മാവുങ്കലിനും മറ്റുള്ളവർക്കുമെതിരെ പിഎംഎൽഎ 2002 ലെ വ്യവസ്ഥകൾ പ്രകാരം ഈ ഓഫീസ് അന്വേഷണം നടത്തുന്നുണ്ടെന്ന വിവരം നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ 2020 ജനുവരിയിൽ പ്രസ് ക്ലബ്ബ് അംഗങ്ങൾക്കായി നടത്തിയ ‘കുടുംബമേളയുമായി ബന്ധപ്പെട്ട് മോൺസൺ മാവുങ്കൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകേണ്ടതാണ്. പ്രസ് ക്ലബിന്റെ കുടുബ മേളയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങൾ ഞങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
- മോൺസൺ മാവുങ്കലിൽ നിന്നും ലഭിച്ച ഫണ്ടുകളും അതിന്റെ ഉപയോഗവും
- പരിപാടിക്ക് വേണ്ടി വന്ന ആകെ ചെലവ്
- 2020 ലെ കുടുംബസംഗമത്തിന്റെ ചെലവുകളുടെ ഉറവിടം
- എറണാകുളം പ്രസ് ക്ലബ്ബിന്റെ ബാങ്ക് അക്കൗണ്ട് നമ്പറുകൾ
2002 ലെകള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (P M L A ) A സെക്ഷൻ 54(i) പ്രകാരമാണ് ഈ വിവരങ്ങൾ തേടുന്നത്. അതിനാൽ ഈ വിഷയം ഏറ്റവും അടിയന്തിരമായി പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഇതാണ് ഇ ഡി നൽകിയ നോട്ടീസിൽ പ്രതിപാദിക്കുന്നത്.
മോൺസൻ മാവുങ്കൽ മുഖ്യ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട കുറ്റപത്രവും, മൂന്നാം ഘട്ട കുറ്റപത്രവും കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ച് കഴിഞ്ഞു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
വിവിധ വർഷങ്ങളിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് മൂന്ന് ഘട്ടങ്ങളിലായി കുറ്റപത്രം സമർപ്പിച്ചത്. മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും പത്ര മാധ്യമ പ്രവർത്തകരും ആരോപണ വിധേയരാണ്. അടുത്ത കാലത്ത് നടന്ന തട്ടിപ്പ് കേസുകളിൽ പത്ര മാധ്യമ പ്രവർത്തകർ ആരോപണ വിധേയരായ കേസ് മോൺസൺ മാവുങ്കൽ നടത്തിയ തട്ടിപ്പ് കേസിലാണ്. കേരളത്തിൽ ആദ്യമായാണ് ഇ ഡി ഒരു പ്രസ് ക്ലബിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം നോട്ടീസ് അയച്ചത്. നോട്ടീസിനു എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി മറുപടി നൽകിയെന്ന് വ്യക്തമല്ല.
