വിവാദ ഫോണ്‍ സംഭാഷണം;പുറത്തായ പാലോട് രവിക്കുപകരം എൻ ശക്തൻ ;പാലോട് രവി ബിജെപിയിലേക്കോ ?

വിവാദ ഫോണ്‍ സംഭാഷണം പുറത്തായതോടെ രാജിവെച്ച തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചതിന് തുടർന്ന് പകരം തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എൻ ശക്തനു നൽകി.കേരള നിയമസഭ മുന്‍ സ്‌പീക്കറാണ് എന്‍ ശക്തൻ . മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്.

നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. ജില്ലയ്ക്ക് പുറത്തു നിന്നുള്ള മുതിര്‍ന്ന നേതാക്കളില്‍ ആര്‍ക്കെങ്കിലും ഡിസിസി പ്രസിഡന്റിന്റെ ചുമതല നല്‍കുന്നതും പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലെ പേരു ചേര്‍ക്കലും, അതോടൊപ്പം വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും താഴേത്തട്ടു വരെ പ്രവര്‍ത്തിക്കുന്നതിന് കെപിസിസി ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടനടി ജില്ലാ അധ്യക്ഷനെ നിയമിച്ചത്. കോണ്‍ഗ്രസ് സംഘടനയിലെ പുനഃസംഘടനയുടെ ഭാഗമായിട്ടാകും തിരുവനന്തപുരത്ത് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുക.

വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പാലോട് രവി ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. തദ്ദേശതെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പാലോട് രവി ഫോണ്‍ ഓഡിയോക്ലിപ്പില്‍ പറഞ്ഞിരുന്നു.പാലോട് രവിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

ഫോൺ സംഭാഷണത്തിൽ ബിജെപി പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ രണ്ടാമതും കോൺഗ്രസ് മൂന്നാമതുമാവുമെന്ന് പറയുകയും ബിജെപിയെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത പാലോട് രവി താമസിയാതെ ബിജെപി നേതൃത്വവുമായി ചർച്ച നടത്താൻ സാധ്യത തള്ളിക്കളയാനാവില്ല.എന്നാൽ പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടാണ് ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുക.നിലവിൽ പാർട്ടിക്ക് അനഭിമതനായ ശശി തരൂരുമായി ഒന്നിച്ചു നിൽക്കാനായിരിക്കും പാലോട് രവിയുടെ പദ്ധതി.