കേരളം വീണ്ടും നിപ വൈറസ് ബാധ.ആശങ്കയല്ല ,ജാഗ്രതയാണ് വേണ്ടത് . മലപ്പുറത്തെ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം. മങ്കട സ്വദേശിനിയായ പെൺകുട്ടിയുടെ മരണമാണ് നിപ മൂലമെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ പെൺകുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനാ ഫലവും പോസിറ്റീവാണ്.
നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ മാസം 28നാണ് പെൺകുട്ടി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. നില ഗുരുതമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് പെൺകുട്ടി മരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ട് ജീവനക്കാരും ഹോം ക്വാറന്റൈനിൽ തുടരുകയാണ്.
നിപ വൈറസ് ബാധ ആദ്യമായി കേരളത്തിലെത്തിയ വർഷം 2018 ആണ്. 2018 മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.ഈ രോഗം ബാധിച്ച് 17 പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി പുതുശ്ശേരിയും നിപ ബാധിച്ച് മരിച്ചു.ഈ രോഗം പിന്നീട് മലപ്പുറം ജില്ലയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു.ആദ്യമായി നിപ വന്നപ്പോൾ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജയായിരുന്നു.അവർ മികച്ച രീതിയിൽ കൈകാര്യം ചെയ്തതുകൊണ്ടാണ് നിപ രോഗം ഗുരുതരമാകാതിരുന്നത്.നിപയ്ക്കു ശേഷമാണ് കോവിഡ് എത്തിയത്.