കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടൽ ഫലം കണ്ടു . നിമിഷപ്രിയയുടെ വധ ശിക്ഷ മാറ്റിവച്ചു. യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയത് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് . മനുഷ്യന്‍ എന്ന നിലയിലാണ് താന്‍ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ബ്ലഡ് മണി സമാഹരിക്കാനുള്ള ചുമതല ചാണ്ടി ഉമ്മന്‍ ഏറ്റെടുക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.
യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ ചെയ്യണം എന്ന് പണ്ഡിതന്മാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇടപെട്ടതെന്നും കാന്തപുരം പറഞ്ഞു.
മലയാളി നേഴ്‌സായ നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപ്പെടുകയും അത് ഫലം കാണുകയും ചെയ്തതിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരത്തെ അഭിനന്ദിച്ചു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ ചേർക്കുന്നു.
“യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള കൂടുതല്‍ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയും ഇടപെടലും ആണ്.
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്‌നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.”
യമനില്‍ വലിയ ചര്‍ച്ചയായ കൊലപാതകമായിരുന്നതിനാല്‍ ബന്ധുക്കളെ ചര്‍ച്ചക്ക് ശ്രമിക്കല്‍ പോലും പ്രയാസകരമായ സാഹചര്യമായിരുന്നു. ഇതിനിടെയാണ് കാന്തപുരത്തിന്റെ ഇടപെടല്‍ വരുന്നതും ചര്‍ച്ചയെ തുടര്‍ന്ന് വധശിക്ഷ നീട്ടിവെക്കുകയും ചെയ്യുന്നത്.

വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരിന്റെ ഇടപെടലിനെ തുടര്‍ന്ന് യമനിലുള്ള സൂഫി പണ്ഡിതന്‍ ഹബീബ് ഉമര്‍ ബിന്‍ ഹഫീദിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. ഇതിന്റെ ഭാഗമായി യമനില്‍ തന്നെയുള്ള ഒരു ഗോത്രവിഭാഗത്തില്‍പെട്ട കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്.