കേരളത്തിലെ പുതിയ ഡിജിപിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു. പൊലീസ് ആസ്ഥാനത്ത് ഇന്ന് (ജൂലൈ ഒന്ന് ) രാവിലെ ഏഴു മണിക്ക് നടന്ന ചടങ്ങിലാണ് റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയേറ്റത്. പൊലീസ് മേധാവിയുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു.
ചുമതലയേറ്റെടുത്ത ശേഷം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, ബറ്റാലിയന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ 41-മത് പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖര്‍. ഇന്റലിജന്‍സ് ബ്യൂറോയില്‍ സ്‌പെഷല്‍ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. അടുത്തിടെയാണ് റവാഡയെ കേന്ദ്ര കാബിനറ്റില്‍ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. റവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായതോടെ റവാഡ ചന്ദ്രശേഖറിന് ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും.