കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ പൊതുപണിമുടക്ക് തുടങ്ങി. ഇന്ന് ( (09 -07 -2025 ) അർധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തിൽ ദേശീയ പണിമുടക്ക് ഹർത്താലായി മാറി.മറ്റു സംസ്ഥാനങ്ങളിൽ ദേശീയ പണിമുടക്ക് ഭാഗികമാണ്.രാജസ്ഥാന്‍, കര്‍ണാടക, പശ്ചിമ ബംഗാള്‍, ഡല്‍ഹി, അസം, തെലങ്കാന, ഹരിയാന,തമിഴ്‌നാട് , ബിഹാര്‍, പഞ്ചാബ്, ഗോവ, ഒഡീഷ എന്നിവിടങ്ങളിലെ വ്യവസായ മേഖലകളില്‍ സമരം ബാധിച്ചെങ്കിലും പൊതുജന ജീവിതം സാധാരണപോലെയാണ്..ചില സംസ്ഥാനങ്ങളിൽ ദേശീയ പണിമുടക്ക് നടക്കുന്നില്ല.
പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കേരളത്തിൽ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമായി. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേര്‍ മാത്രമാണ്.സെക്രട്ടറിയേറ്റില്‍ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ഓഫീസുകളിലേയും പ്രവര്‍ത്തനവും സമാന നിലയിലാണ്.
17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും.
സർക്കാർ ജീവനക്കാർക്ക് ഇന്ന് അവധിയെടുക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാൽ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പു മേധാവികൾ അവധി അനുവദിക്കരുത്. ജീവനക്കാർക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കളക്ടർമാരും ഉറപ്പാക്കുകയും വേണം.
കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നൽകിയതാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. കെഎസ്ഇബിയിലും കെഎസ്ആർടിസിയിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നൽകുന്നത്. അതേസമയം, ബിഎംഎസ് പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടില്ല.
കൊച്ചിയില്‍ സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു. കോഴിക്കോടേക്ക് പോകേണ്ട എസി ലോഫ്ലോർ ബസ് ആണ് തടഞ്ഞത്. പൊലീസ് സംരക്ഷണം നൽകിയാൽ ഓടുമെന്ന് തടഞ്ഞ ബസിലെ ജീവനക്കാർ പറഞ്ഞു.കേരളത്തിൽ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അക്രമം നടക്കുന്നുണ്ട്.

ഇടതു യൂണിയൻ ഉൾപ്പെടെയാണ് ദേശീയ പണിമുടക്കിനു നേതൃത്വം നൽകുന്നത് .അതേസമയം ഇടതു മുന്നണി ഭരിക്കുന്ന കേരളത്തിൽ പണിമുടക്കിൽ പങ്കെടുത്ത് ജോലിയിൽ ഹാജരാവാത്ത തൊഴിലാളികൾക്ക് ഇന്ന് ഹാജരായില്ലെങ്കിൽ ശബളം നഷ്ടപ്പെടും.ഇത് ഇരട്ടത്താപ്പാണെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.