വിപഞ്ചികയുടെയും മകളുടെയും മരണം:സംശയങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഷാർജയിൽ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സംശയങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിപഞ്ചികയുടെ മരണത്തിൽ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ട്. കോൺസുലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു. ഇവയെല്ലാം അറിയിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് കോൺസൽ ജനറൽ കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും വിപഞ്ചികയ്ക്കും മകൾക്കും കിട്ടണം. ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിനാണ് വിട്ടുകൊടുക്കുക. എന്നാൽ ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ സംസ്കാരം ഇന്നലെ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. എന്നാൽ, കോണ്‍സുലേറ്റിന്‍റെ അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സംസ്കാരം മാറ്റിവയ്ക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് കിട്ടാതെ വിപഞ്ചികയുടെ മൃതദേഹം വിട്ടു കൊടുക്കില്ലെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്.

മൃതദേഹം ഷാർജയിൽ സംസ്കാരം ചെയ്യുന്നത് തടയണമെന്ന് ഷാര്‍ജയിലെത്തിയ വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നാട്ടിലേത്തിക്കാനായി ചൊവ്വാഴ്ച പുലർച്ചെ ഷൈലജ ഷാർജയിലെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ഫയലിങ് ക്ലർക്കാണ് വിപഞ്ചിക.

ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകൾ ചുമത്തി കുണ്ടറ പൊലീസ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. നിതീഷാണ് ഒന്നാം പ്രതി. രാജ്യത്തിന് പുറത്തുനടന്ന കേസായതിനാൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനും സാധ്യതയുണ്ട്.