മുംബൈ ട്രെയിൻ സ്‌ഫോടന കേസ്: ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

മുംബൈ ട്രെയിൻ സ്‌ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം. മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ ഹാജരായി.2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്.

ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്‌ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്‌ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമർശിച്ചിരുന്നു.

2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്‌ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്ലി എന്നിവിടങ്ങളിൽ തുടർസ്‌ഫോടനം.

സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണകാലയളവിൽ മരിച്ചിരുന്നു. അഞ്ച് പേർക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കി. ഇപ്പോൾ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.