ഷോക്കേറ്റ് സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത നടപടി ആരുടെ മുഖം രക്ഷിക്കാൻ ?

കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. സ്കൂൾ മാനേജരാണ് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയാണ് നടപടി. ഷോക്കേറ്റ് സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്ത നടപടി ആരുടെ മുഖം രക്ഷിക്കാൻ എന്ന ചോദ്യം ഉയരുന്നു.

സംഭവത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂളിലെത്തി അപകടസ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. ധനമന്ത്രി കെ. എൻ. ബാലഗോപാലും അപകടസ്ഥലം സന്ദർശിച്ചു. മന്ത്രിമാർ മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു.

. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സ്‌കൂളിൽ വീണ്ടും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.

കളിക്കുന്നതിനിടയിലാണ് കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന് ഷോക്കേൽക്കുന്നത്. സ്‌കൂളിലെ സൈക്കിൾ ഷെഡിന്റെ ഷീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ വീണ ചെരിപ്പ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോൾ, താഴ്ന്നു കിടന്നിരുന്ന കെ.എസ.്ഇ.ബി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മറ്റു കുട്ടികളാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നും പറയപ്പെടുന്നു.