ഇടം കൈകൾ കൊണ്ട് വന്മതിൽ തീർത്ത ഇന്ത്യ സമനില പിടിച്ചു വാങ്ങി:

മാഞ്ചസ്റ്റർ ടെസ്റ്റ്: കരിയറിലെ ഒൻപതാം ടെസ്റ്റ് സെഞ്ചുറിയുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ അവസാന ദിവസം 228 പന്തിൽ 12 ബൗണ്ടറികൾ ഉൾപ്പെടെയാണ് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ സെഞ്ചുറി പൂർത്തിയാക്കിയത്. പരമ്പരയിലെ നാലാം സെഞ്ചുറിയാണ് ഗിൽ സ്വന്തമാക്കിയത്. സർ ഡൊണാൾഡ് ബ്രാഡ്മാനും സുനിൽ ഗവാസ്കറിനും ശേഷം ഒരു പരമ്പരയിൽ നാലു സെഞ്ചുറി നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനെന്ന സുവർണ നേട്ടവും ഇതോടെ ഗില്ലിനെ തേടിയെത്തി

ഇന്നിങ്സ് തോൽവി എന്ന നാണക്കേടിലേക്ക് ഇന്ത്യയെ തള്ളിയിട്ട് ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്നതായിരുന്നു ബെൻ സ്റ്റോക്ക്സും സംഘവും മാഞ്ചസ്റ്ററിൽ സ്വപ്നം കണ്ടത്. എന്നാൽ ആ സ്വപ്നം നടക്കില്ലെന്ന് കണ്ടപ്പോൾ അഞ്ചാം ദിനം നിശ്ചിത ഓവർ തീരും മുൻപേ ബെൻ സ്റ്റോക്ക്സ് സമനിലയ്ക്കായി ഹസ്തദാനം നീട്ടി. സ്റ്റോക്ക്സിന് കൈകൊടുക്കാതെ ഇന്ത്യയുടെ മാസ് മറുപടി. അങ്ങനെ വാഷിങ്ടൺ സുന്ദറും രവീന്ദ്ര ജഡേജയും അവർ അർഹിച്ച സെഞ്ചുറി തൊട്ടു. ഇന്ത്യൻ പുതുയുഗത്തിന്റെ ചങ്കുറപ്പുള്ള പ്രകടനം.


ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് 311 റൺസിന്റെ ലീഡ് ലഭിച്ചപ്പോഴും ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും പിന്നീട് സായ് സുദർശനും പൂജ്യത്തിന് പുറത്തായപ്പോഴും ഇന്ത്യയുടെ സാധ്യതകൾ അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ ഉജ്ജ്വലമായ ഓപ്പണിംഗ് സ്പെൽ ഒഴികെയുള്ള ഇംഗ്ലണ്ട് ബൗളിംഗ് ആക്രമണത്തിനെതിരെ മധ്യനിര ഉരുക്കു പ്രകടനം കാഴ്ചവച്ചു.


90 ൽ രാഹുൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയപ്പോൾ. തുടർന്ന് വന്ന വാഷിംഗ്ടൺ സുന്ദറും. ക്യാപ്റ്റൻ ഗില്ലിന്റെ പാത പിന്തുടരാനെത്തിയ ജഡേജയും അക്ഷരാർതഥത്തിൽ ഇടം കൈകൾ കൊണ്ട് വൻ മതിൽ തീർക്കുകയായിരുന്നു. ഒടുവിൽ നിശ്ചിത ഓവർ തീരും മുൻപേ സമനിലയ്ക്കായി കൈനീട്ടിയ ബെൻ സ്റ്റോക്സിന് കൈ കൊടുക്കാതെ ഇരുവരും സെഞ്ച്വറി പൂർത്തിയാക്കിയതിനു ശേഷമാണ് മത്സരം സമനിലയിലെത്തിച്ചത്.185 പന്തുകൾ നേരിട്ട ജഡേജ 107 റൺസും 206 പന്തുകൾ നേരിട്ട സുന്ദർ 101 റൺസും നേടി പുറത്താകാതെ നിന്നു. പരമ്പരയിൽ ഇപ്പോഴും ആതിഥേയർ 2 -1 ന് മുന്നിട്ടു നിൽക്കുന്നു.