മലയാളി കന്യസ്ത്രീകള്‍ അറസ്റ്റിലായ സംഭവം ;മനുഷ്യക്കടത്തും മതംമാറ്റലും എന്ന് ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി

ഛത്തീസ്‌ഗഡിൽ മനുഷ്യക്കടത്തും മതംമാറ്റലും ആരോപിച്ച് മലയാളി കന്യസ്ത്രീകള്‍ അറസ്റ്റിലായ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു സായ്. കന്യസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയ കുറ്റം ന്യായീകരിച്ച മുഖ്യമന്ത്രി നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും എക്‌സ് പോസ്റ്റില്‍ കുറിച്ചു.

‘പെണ്‍കുട്ടികളെ പ്രലോഭനത്തിലൂടെ മനുഷ്യക്കടത്തിനും മതം മാറ്റാനുള്ള ശ്രമവും നടന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കാര്യമാണിത്. ഈ വിഷയത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നു. നിയമപ്രകാരം നടപടികള്‍ ഉണ്ടാകും. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകള്‍ ഐക്യത്തോടെ ജീവിക്കുന്ന സമാധാനപ്രിയമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബസ്തറിലെ പെണ്‍മക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയവല്‍ക്കരിക്കുന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്’ മുഖ്യമന്ത്രി വിഷ്ണു സായ് എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം തടവ് ലഭിക്കാവുന്ന മനുഷ്യക്കടത്തും മതപരിവര്‍ത്തന കുറ്റവും എഫ്‌ഐആറിലുണ്ട്. മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.