വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് അറസ്റ്റ് ചെയ്തത്

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതരമായ വകുപ്പുകളാണ് . സിസ്റ്റർ പ്രീതിയെ ഒന്നാം പ്രതിയും സിസ്റ്റർ വന്ദനയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിട്ടുള്ളത്. നിർബന്ധിത മതപരിവർത്തനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്ന് സംശയിക്കുന്നതായും മനുഷ്യക്കടത്തും സംശയിക്കുന്നതായും എഫ്ഐആറിൽ പറയുന്നു.

പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന കന്യാസ്ത്രീകളെ ഒരു പറ്റം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്‌ദൾ പ്രവർത്തകർ ദുർഗ് റെയിൽവേസ്റ്റേഷനിൽ കന്യാസ്ത്രീകളെ തടഞ്ഞുവച്ചത്.
അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ നിലവില്‍ റിമാന്‍ഡിലാണ്. കണ്ണൂര്‍ ഉദയഗിരി ഇടവകാംഗമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്. അങ്കമാലി എളവൂര്‍ ഇടവകാംഗമാണ് സിസ്റ്റര്‍ പ്രീതി മേരി. ഞായറാഴ്ചയായതിനാല്‍ ഇരുവർക്കും ജാമ്യാപേക്ഷ നല്‍കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ഇതിനുള്ള നടപടികളുണ്ടാകും.
കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
