വിഎസിനെ അവസാനമായി ഒരു വട്ടം കാണുവാൻ തിരുവന്തപുരത്ത് ജനസാഗരം

മനുഷ്യമഹാ സമുദ്രം തീര്‍ത്ത വിലാപ യാത്രയോടെ വി.എസിന്റെ മൃതദേഹം ദര്‍ബാര്‍ഹാളില്‍, ഉച്ചക്കു ശേഷം ആലപ്പുഴക്ക്, സംസ്‌കാരം നാളെ വലിയ ചുടുകാട്ടില്‍.

അന്തരിച്ച മുന്‍മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഒരു നോക്കു കാണാന്‍ പതിനായിരങ്ങളാണ് ദര്‍ബാര്‍ ഹാളിലേക്ക് ഒഴുകിയെത്തുന്നത്. ജനതിരക്കു കാരണം കവടിയാറിലെ വീട്ടില്‍ നിന്ന് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിയപ്പോള്‍ രാവിലെ ഒന്‍പതു പിന്നിട്ടിരുന്നു. മരണ വിവമറിഞ്ഞ നിമിഷം മുതല്‍ വന്‍ തിരക്കാണ് വി.എസിനെ വിഎസിനെ കാണാന്‍ ആശുപത്രിയിലും വീട്ടിലുമെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും സിപിഎം നേതാക്കളുമടക്കം ആയിരങ്ങള്‍ ദര്‍ബാര്‍ഹാളില്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പും മാറ്റിയിട്ടുണ്ട്. ഈ മാസം 26 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.

സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ എല്ലാ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റി വെച്ചെന്ന് പിഎസ്‌സിയുടെ അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പി എസ് സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബാങ്കുകള്‍ക്കും ഇന്ന് പൊതു അവധി ബാധകമാണ്.