ഭാരതാംബ വിഷയത്തിൽ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാറിൻ്റെ സസ്‌പെൻഷൻ റദ്ദാക്കി. ഇന്ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
അതേസമയം രജിസ്ട്രാർ തന്റെ സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു.കോടതി സ്റ്റേ ചെയ്യാൻ വൈസ് ചാൻസലറുടെ തീരുമാനം അനുവദിച്ചില്ല.സിൻഡിക്കേറ്റ് ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ളതാണ് .അതിനാൽ അവിടെ ഭരണകക്ഷിക്ക് അനുകൂലമായ എന്ത് തീരുമാനവും നടപ്പിലാക്കാം.ഹൈക്കോടതിയുടെ പരിഗണനയിൽ കേസിൽ സിൻഡിക്കേറ്റ് ഇടപെട്ടത് നിയപ്രശ്നങ്ങൾക്ക് കാരണമായേക്കും.
സിൻഡിക്കേറ്റിന്റെ അധികാര പരിധി ഉപയോഗിച്ച് വി സിയുടെ വിയോജിപ്പ് തള്ളിക്കൊണ്ടാണ് തീരുമാനം. രജിസ്ട്രാറുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും താൽക്കാലിക വി സിയായ സിസ തോമസ് തയ്യാറായിരുന്നില്ല. എന്നാൽ വി സിയും സിൻഡിക്കേറ്റിന്റെ ഭാഗമാണെന്ന നിലയിൽ വോട്ട് ചെയ്താണ് സസ്‌പെൻഷൻ റദ്ദാക്കിയിരിക്കുന്നത്. ഇടത് അംഗങ്ങളുടെയും കോൺഗ്രസ് അംഗങ്ങളുടെയും വൻ ഭൂരിപക്ഷ വോട്ടുകളോടെയാണ് സസ്‌പെൻഷൻ നടപടി റദ്ദാക്കിയത്.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലാണ് രജിസ്ട്രാർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്. നിലവിൽ മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റിവൈസ് ചാൻസലർ സിസ തോമസാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നൽകിയ സാഹചര്യത്തിൽ കാര്യങ്ങൾ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയിൽ നൽകാം.വൈസ് ചാൻസലർ ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കും.കേരള സർവകലാശാല സിൻഡിക്കേറ്റ് ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണെന്നും വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു.
സസ്പെൻഷൻ കോടതിയുടെ പരിഗണനയിലാണെന്നും യോഗം അവസാനിപ്പിച്ചതായും വൈസ് ചാൻസലർ സിസ തോമസ് പറഞ്ഞു. സസ്‌പെൻഷൻ നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരെ ചുമതലപ്പെടുത്തി. ഇത് കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.രജിസ്ട്രാർ അനിൽകുമാറിനോടോപ്പമാണ് ഇടതും വലതും മുന്നണികൾ .അതേസമയം ബിജെപിയും ഗവർണറും വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനോടോപ്പവും.ഈ രാഷ്ട്രീയ കളിയിൽ ആര് ജയിക്കുമെന്ന് കാത്തിരുന്ന് കാണാം.
