കണ്ണൂര്‍ ജയിലില്‍ നിന്നും കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദചാമി രക്ഷപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തലിലാണ് നടപടി എന്ന് ജയില്‍ മേധാവി എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഉടന്‍ പിടികൂടാനായത് ആശ്വാസമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കുമെന്നും ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.

സൗമ്യാ വധക്കേിസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന ഗോവിന്ദച്ചാമി വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് രക്ഷപ്പെട്ടത്. ഇയാളെ മണിക്കൂറുകള്‍ക്കം കണ്ണൂര്‍ നഗരത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. കണ്ണൂര്‍ തളാപ്പിലെ ആളില്ലാത്ത വീട്ടു വളപ്പിലെ കിണറ്റില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. റോഡില്‍ വച്ച് ആളുകള്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇയാള്‍ വീട്ടു വളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് വീടു വളഞ്ഞാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയത്. ജയില്‍ ചാടാന്‍ പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചുവെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെ പുറം ലോകമറിഞ്ഞത്.

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ പ്രതിക്ക് ജയിലിനകത്തു നിന്നോ മറ്റാരുടെയെങ്കിലുമോ സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി നിധിന്‍രാജ്. ജയിലിലെ ഫെന്‍സിങ്ങിന് ഇലക്ട്രിസിറ്റി ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതി ജയില്‍ ചാടിയത് അറിഞ്ഞത് ആറരയ്ക്ക് ശേഷമാണ്. വിവരം ഉടന്‍ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താന്‍ നാട്ടുകാരുടെ ഇടപെടല്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചില്‍. ജയില്‍ ചാടിയതില്‍ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താന്‍ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചില്‍ വിജയം കണ്ടു. മൂന്നര മണിക്കൂര്‍ കൊണ്ട് പ്രതിയെ പിടികൂടി. പ്രതിയെ പിടികൂടുമ്പോള്‍ കൈയ്യില്‍ നിന്ന് ചില ആയുധങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെയാണ് ഉപയോഗപ്പെടുത്തിയതെന്ന് വിശദമായി അന്വേഷിക്കും.

സംഭവത്തില്‍ പൊതുജനത്തിന്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിന്റെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാര്‍ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. വിഷയത്തില്‍ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നല്‍കിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയര്‍ത്തിയ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദിയെന്നും കമ്മീഷണര്‍ പറഞ്ഞു .അപ്പോഴും ഒറ്റകൈയ്യൻ ഗോവിന്ദച്ചാമിക്ക് പരസഹായമില്ലാതെ ജയിലിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.അതിനു ജയിലിലുള്ളവരാണോ പുറമെയുള്ളവരണോ സഹായിച്ചത്? അത് കണ്ടുപിടിക്കാനുള്ള അനേഷണം ഉടനെ നടന്നേക്കും.
