വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ചികിത്സ തുടരുന്നത്. നിലവിൽ ഡയാലിസിസ് തുടരുകയാണ്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു.
ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ ആശുപത്രിയിലെത്തി അദ്ദേഹത്തിനെ സന്ദർശിച്ചിരുന്നു.
ഫേസ് ബുക്കിൽ ഹരികൃഷ്ണൻ എന്ന മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് ശ്രദ്ദേയമായിരുന്നു .ആ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ് :
“സഖാവ് വി.എസ്. അച്യുതാനന്ദൻ ജീവിതത്തിലേക്ക് തിരിച്ചുവരാനായി സ്റ്റാറ്റസ് ഇടുന്നവരോടാണ്:
നൂറ്റാണ്ട് പിന്നിട്ട സാർഥക ജീവിതമാണ് അദ്ദേഹത്തിൻ്റേത്. അതിനൊരു സ്വാഭാവിക അന്ത്യം അനിവാര്യമാണ്. സമൂഹത്തിനായി വലിയ ജീവിത പോരാട്ടം നടത്തിയ അദ്ദേഹം തൻ്റെ ദൗത്യങ്ങൾ എന്നേ പൂർത്തിയാക്കിക്കഴിഞ്ഞു. Better State of Life എന്നൊന്നുണ്ട്. അതിലേക്ക് മടങ്ങാൻ സഖാവ് വി.എസിന് ഇനി കഴിയില്ലെന്നിരിക്കെ ആ ജീവൻ ഏതുവിധേനയും പിടിച്ചു നിർത്തുന്നതിനായി നമുക്ക് ആഗ്രഹിക്കാതിരിക്കാം. കാരണം അതൊരു മനുഷ്യത്വപരമായ സമീപനമാണ്.
(അഭിപ്രായം വ്യക്തിപരം)”
2006-2011 കാലത്ത് കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി എസ്, 1992-1996, 2001-2006, 2011-2016 വർഷങ്ങളിൽ പ്രതിപക്ഷനേതാവ് ആയിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹം നിലവിൽ ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവാണ്.
പ്രതിപക്ഷ നേതാവ് ആയിരിക്കുന്ന കാലഘട്ടത്തിലാണ് വി.എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്‌നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി.എസിനെ ശ്രദ്ധേയനാക്കിയത്.
വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്‌ക്കെതിരെ ശക്തമായ നിലപാടുകൾ വി.എസ് കൈക്കൊണ്ടു. ആരോഗ്യ പ്രശ്നങ്ങൾമൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു വി.എസ്.