ദീർഘകാലമായി കാത്തിരുന്ന ഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിനം എന്ന് കരാറിൽ ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

കരാർ പ്രകാരം പ്രതിവർഷം 34 ബില്യൺ യുഎസ് ഡോളർ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സും തമ്മിൽ ലണ്ടനിൽ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി കെയർ സ്റ്റാർമറും നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും എംഎസ്എംഇ മേഖലയ്ക്കും കരാർ ഏറെ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. ‘കാർഷിക ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണം, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, സമുദ്രവിഭവങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതികളുടെ തീരുവ കുറയ്ക്കുന്നതിലൂടുയും യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കും,’ പ്രധാനമന്ത്രി പറഞ്ഞു.

യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ അമേരിക്കയെ ചൊടിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല .ഇരു രാജ്യങ്ങൾക്കെതിരെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താരീഫ് എത്ര ശതമാനം വർദ്ധിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്.ഇതിനകം റഷ്യയുമായി വ്യപാര ബന്ധം സ്ഥാപിക്കുന്നവർക്ക് വൻ തോതിൽ താരീഫ് ചുമത്തുമെന്ന് ട്രംപ് ലോക രാജ്യങ്ങളെ ഭീഷണിപ്പെടുത്തി.
