ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം.

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ ഗുഡ്‌സ് ട്രെയിന്‍ വാഗണുകള്‍ക്ക് തീ പിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം. ട്രെയിന്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തിന് സമീപം ട്രാക്കില്‍ കണ്ടെത്തിയ വിള്ളലാണ് സംശയത്തിന് ഇടയാക്കുന്നത്. ട്രെയിന്‍ പാളം തെറ്റാന്‍ ഇടയാക്കിയത് പാളത്തിലെ വിള്ളലാണോ എന്ന നിലയിലാണ് ഇപ്പോഴത്തെ പരിശോധനകള്‍. അപകടം നടന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ മാത്രം മാറിയാണ് ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ ഉണ്ടാകാനിടയായ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍. വിഷയത്തില്‍ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ 5.30 ഓടെയായിരുന്നു തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ച് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ച് വാഗണുകളില്‍ തീ പടര്‍ന്നത്. ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്. വലിയ തോതില്‍ തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തീപിടിച്ച വാഗണുകളില്‍ 27000 ലിറ്ററോളം ഡീസല്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ തോതില്‍ തീ പടര്‍ന്നെങ്കിലും ജീവഹാനിയോ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. എട്ട് ട്രെയിനുകള്‍ റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.