പാകിസ്ഥാൻ ഭീകരരുമായി വീണ്ടും ജമ്മു കശ്മീരിലെ പൂഞ്ചിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കർ ഭീകരരാണെന്ന് സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കങ്ങൾ കണ്ടതോടെയാണ് സൈന്യം തിരച്ചിൽ നടത്തിയത്. തുടർന്ന് ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഒരു ഭീകരന്റെ സാന്നിധ്യം കൂടിയുള്ളതായി സൈന്യം സൂചിപ്പിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെയാണ് വധിച്ചത്. സാധാരണക്കാരായ വിനോദസഞ്ചാരികളായ 26 പേരുടെ മരണത്തിന് ഇടയായ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരെ ശ്രീനഗറിന് സമീപമുള്ള ഏറ്റുമുട്ടലിൽ വധിച്ചതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പൂഞ്ചിൽ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂരിൽ വെടിനിർത്തലിന് വേണ്ടി ഒരു രാജ്യവും ഇന്ത്യയോട് ആവശ്യപ്പെട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കവേയാണ് ഇന്നലെ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.