സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്നത് പ്രതിമാസം 1,500 കോടി രൂപ വരെ

സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്നത് പ്രതിമാസം 1,500 കോടി രൂപ വരെയെന്ന് പഠന റിപ്പോർട്ട്. 2025 ന്റെ ആദ്യ പകുതിയിലെ (ജനുവരി മുതല്‍ ജൂണ്‍ വരെ) ഡാറ്റ പ്രകാരം, ഇന്ത്യയ്ക്ക് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഏകദേശം 8,500 കോടി രൂപയാണ് നഷ്ടമായിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) സമാഹരിച്ച ഡാറ്റയിലാണ് ഇക്കാര്യം പറയുന്നത്.ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യം വച്ചുള്ള സൈബര്‍ തട്ടിപ്പുകളില്‍ ഭൂരിഭാഗവും മ്യാന്മര്‍, കംബോഡിയ, വിയറ്റ്‌നാം, ലാവോസ്,തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണെന്നാണ് വെളിപ്പെടുത്തല്‍. ഈ രാജ്യങ്ങളിലുള്ളവരാണ് പ്രധാനമായും സൈബർ തട്ടിപ്പുകൾ നടത്തുന്നത്.

ഈ തട്ടിപ്പുകള്‍ പ്രധാനമായും ചൈനീസ് ഓപ്പറേറ്റര്‍മാര്‍ നിയന്ത്രിക്കുന്ന സംഘടിത നെറ്റ് വർക്കുകളുമായി ബന്ധപ്പെട്ടതാണ് . . ഈ നഷ്ടങ്ങളില്‍ പകുതിയിലധികവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2025 അവസാനിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശരാശരി പ്രതിമാസ നഷ്ടം 1,300 കോടി മുതല്‍ 1,500 കോടി വരെയാണെന്നും ഡാറ്റ വെളിപ്പെടുത്തി.

എന്നാല്‍ 2024ല്‍ നഷ്ടം ഇതിലും കൂടുതലായിരുന്നു. 2024ല്‍ ശരാശരി പ്രതിമാസ നഷ്ടം 2200 കോടിയായിരുന്നു. മെച്ചപ്പെട്ട നിരീക്ഷണം, അന്താരാഷ്ട്ര സഹകരണം, പൊതുജന അവബോധ പ്രചാരണങ്ങള്‍ എന്നിവയാണ് ഈ ഇടിവിന് കാരണമെന്നും വൃത്തങ്ങള്‍ പറഞ്ഞു. കംബോഡിയ, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷിത സൗകര്യങ്ങളില്‍ നിന്നാണ് ഈ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പലതും നടക്കുന്നത്. ഫിഷിംഗ്, ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുകള്‍, വ്യാജ ജോലി വാഗ്ദാനങ്ങള്‍ എന്നിവയുള്‍പ്പെടെ വലിയ തോതിലുള്ള ഡിജിറ്റല്‍ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി ഈ സ്ഥലങ്ങള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.