ഗുരുപൂജ പെട്ടെന്ന് വിവാദമായത് എന്തുകൊണ്ട് ? ഈ വിവാദത്തിന്റെ യഥാർത്ഥ ലക്‌ഷ്യം എന്ത്.

കേരളത്തിൽ പുതിയ വിവാദത്തിനു തുടക്കമാവുന്നു.നമ്മുടെ നാട്ടിൽ പഞ്ഞമില്ലാത്തത് വിവാദങ്ങൾക്ക് മാത്രമാണ്.ഗുരുപൂജയെ ചൊല്ലിയാണ് പുതിയ വിവാദം.ഗുരുപൂജയെ പുകഴ്ത്തിയും ഇകഴ്ത്തിയും ആളുകൾ രംഗ പ്രവേശം ചെയ്തു കഴിഞ്ഞു.ഗുരുപൂജയും ,ഗുരു വന്ദനവും മിക്കവാറും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കാറുള്ള ചടങ്ങാണ് .അത് ഇതുവരെ വിവാദമായിട്ടില്ല.ഇപ്പോൾ എന്തുകൊണ്ടാണ് ഗുരുപൂജ പെട്ടെന്ന് വിവാദമായത്.മറ്റൊരു രാഷ്ട്രീയ ലക്‌ഷ്യം ഇതിനു പിറകിലുണ്ടെന്ന് സംശയിക്കപ്പെടുന്നു.

സംസ്ഥാന സർക്കാർ സ്‌കൂളുകളിൽ പഠന സമയം അരമണിക്കൂർ വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചതോടെ ചില ഇസ്ലാമിക സംഘനകൾ രംഗത്ത് വരികയുണ്ടായി.മുസ്ലിം കുട്ടികളുടെ മദ്രസ പഠനം തടസപ്പെടുമെന്നാണ് അവരുടെ വാദം.ഇതിനെതിരെ മുസ്ലിം സമുദായത്തിലെ പണ്ഡിത സഭയായ സമസ്‌തയാണ് എതിർപ്പുമായി രംഗത്ത് വന്നത്.സ്‌കൂൾ സമയ ക്രമം മാറ്റിയില്ലെങ്കിൽ സമരം നടത്തുമെന്ന് അവർ പറഞ്ഞിരുന്നു.എന്നാൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ശക്തമായ നിലപാട് സ്വീകരിച്ചു .സമസ്‌തയുടെ വാശിക്കു മുന്നിൽ കീഴടങ്ങില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെ അവർ സമരം പ്രഖ്യാപിച്ചു .ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പെടുന്നനെ ഗുരുപൂജ വിവാദമായത്.ഈ വിവാദം ആരെ ലക്ഷ്യമിട്ടാണ് ?

ഗുരു പൂജയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇപ്പോൾ രംഗത്തുണ്ട്.ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പ്രതികരിച്ചത്. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അതിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ബാലഗോകുലത്തിന്റെ ദക്ഷിണമേഖല 50ാം വര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബാലരാമപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതേസമയം കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഗുരുപൂജക്കെതിരെ പറഞ്ഞു.

മന്ത്രി ശിവൻ കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.ഇങ്ങനെയാണ് .

“ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്‌. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ്.”

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഗുരുപൂജ ചെയ്തു. അത് നമ്മുടെ സംസ്‌കാരമാണ്. ചിലര്‍ അതിനെ എതിര്‍ക്കുന്നു. അവര്‍ ഏത് സംസ്‌കാരത്തില്‍ നിന്ന് വരുന്നതാണെന്ന് എനിക്ക് മനസിലാവുന്നില്ലെന്ന് ഗവർണർ പറഞ്ഞു.ഈ മണ്ണിന്റെയും രാജ്യത്തിന്റെയും സംസ്‌കാരമാണത്. നമ്മള്‍ നമ്മളുടെ സംസ്‌കാരത്തെ മറന്നാല്‍ നമ്മളുടെ ആത്മാവിനെ മറക്കും. നമ്മുടെ കുട്ടികളെ നമുക്ക് കുറ്റപ്പെടുത്താനാകില്ല. ശരിയായ സംസ്‌കാരം പഠിപ്പിച്ചു കൊടുത്തില്ലെങ്കില്‍ നമ്മള്‍ നമ്മളെയാണ് കുറ്റപ്പെടുത്തേണ്ടത് – ഗവർണർ പറഞ്ഞു.

സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഓഫീസറുമായി ഇന്ന് സംസാരിച്ചു. അദ്ദേഹം പ്രണാമം എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു പ്രണാമം എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ സ്ഥാനത്തുനിന്ന് തെറിക്കും. അതുകൊണ്ട് ശ്രദ്ധിക്കാന്‍ പറഞ്ഞു. ഇതാണ് പലരുടെയും സംസ്‌കാരം. രാജ്യത്തിന്റെ ശരിയായ സംസ്‌കാരം തിരിച്ചുകൊണ്ടുവരുന്നത് ബാലഗോകുലം പോലെയുള്ള സംഘടനകളാണ്. നമ്മുടെ സംസ്‌കാരം എല്ലാ സംസ്ഥാനങ്ങളിലേക്കും പകരണം. ഗുരുപൂജയുടെ പ്രാധാന്യം മനസിലാക്കാത്തവരാണ് അത് വേണ്ട എന്ന് പറയുന്നത്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ പ്രണാമം എന്ന് പറയുന്നതും നിരോധിക്കണം – ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ വിദ്യാ നികേതൻ സ്‌കൂളുകൾ സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ല.സിബിഎസ്ഇ സിലബസ് പ്രകാരമാണ് ഇവിടെ പഠിപ്പിക്കുന്നത്.ഹൈന്ദവ സംസ്‌കാരം പിന്തുടരുന്ന സ്‌കൂളുകളാണ് അത്.ഇതുപോലുള്ള നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.അതിലൊന്നാണ് മാത അമൃതാനന്ദമയി വിദ്യാഭാസ സ്ഥാപനങ്ങളും. കോയമ്പത്തൂരിലെ അമൃതാനന്ദമയി വിദ്യാഭ്യാസ സ്ഥാപനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ പഠിച്ചത്.