ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ തലമുറക്ക് അന്ത്യം: സഖാവ് വി.എസ്. അച്യുതാനന്ദന് ആം ആദ്മി പാർട്ടി കേരളയുടെ ആദരാഞ്ജലികൾ.
ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭദ്രതയും ജനാധിപത്യ മൂല്യങ്ങളോടുള്ള സമർപ്പണവും പ്രതിനിധീകരിച്ച കരുത്തുറ്റ നിരയുടെ അവസാനം കുറിച്ചുകൊണ്ട് സഖാവ് വി.എസ്. അച്യുതാനന്ദൻ ഇന്ന് വിടപറഞ്ഞത് കേരളത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ഒരു വലിയ നഷ്ടമാണ് എന്ന് ആം ആദ്മി പാർട്ടി കേരള അഭിപ്രായപ്പെട്ടു.

സ്വാഭാവിക നീതിബോധവും ജനപക്ഷ നിലപാടുകളും കൊണ്ട് പതിറ്റാണ്ടുകളോളം ജനങ്ങളുടെ ശബ്ദമായി നിലകൊണ്ട സഖാവ് വി.എസ്., അഴിമതിയ്ക്ക് എതിരായ പോരാട്ടത്തിന്റെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ നിഷ്ഠയും ധൈര്യവും ഇനി എന്നും ജനങ്ങളുടെ ഓർമകളിൽ തുടരും.
അദ്ദേഹത്തിന്റെ ജീവിതം ആധുനിക രാഷ്ട്രീയത്തിൻ്റെ പാഠപുസ്തകമാണ് എന്നും, ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ മാതൃകയാണെന്നും ആം ആദ്മി പാർട്ടി കേരള വിശ്വസിക്കുന്നു.
പാർട്ടി സംഘാടകർ, പ്രവർത്തകർ, അനുഭാവികൾ ഏവരുടെയും പേരിൽ, സഖാവ് അച്യുതാനന്ദന്റെ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

ഈ വിഷമകരമായ ഘട്ടത്തിൽ അദ്ദേഹത്തിന്റെ വിയോഗത്തിൽ ആം ആദ്‌മി പാർട്ടിയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുയെന്ന് ആം ആദ്മി പാർട്ടി കേരള പ്രസിഡണ്ട് വിനോദ് മാത്യു വിൽസൻ പറഞ്ഞു.
