എം ആർ അജയൻ
amrajayan@gmail.com
ആരായിരിക്കും ബിജെപി ദേശീയ പ്രസിഡന്റ് ? കുറച്ചുകാലമായി ദേശീയ ദേശീയ പ്രസിഡന്റിനെ കണ്ടെത്താൻ ബിജെപി ദേശീയ നേതാക്കൾ ബുദ്ധിമുട്ടുകയാണ്.പലരുടെയും പേരുകൾ പരിഗണനനയിലുണ്ടെങ്കിലും അംഗീകാരം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണ ഒരു വനിതാ നേതാവിനെ ദേശീയ പ്രസിഡന്റായി അവരോധിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹം.അതാണ് ദേശീയ പ്രസിഡന്റ് പ്രഖ്യാപനം വൈകാൻ കാരണമായി പറയപ്പെടുന്നത്.
ജെപി നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് പാര്‍ട്ടിയെ നയിക്കാനെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് . ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍ മറ്റു ചിലർ വ്യക്തമാക്കിയത്.
1980 ൽ ബിജെപി രൂപീകരിച്ചത് മുതൽ ഇതുവരെ ദേശീയ പ്രസിഡന്റ് വനിത ഇല്ലായിരുന്നു. അതിനെക്കുറിച്ച് ആരും ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല .ബിജെപിയുടെ പ്രഥമ ദേശീയ പ്രസിഡന്റ് അടൽബിഹാരി വാജ്പേയിയാണ്.അദ്ദേഹം രണ്ടു തവണ പ്രസിഡന്റായ ശേഷം എൽ കെ അദ്വാനിയാണ് പ്രസിഡന്റായത്.അദ്ദേഹവുംഅഞ്ചു വർഷം പൂർത്തിയാക്കി. തുടർന്ന് മുരളി മനോഹർ ജോഷി വന്നു.അതിനുശേഷം അഞ്ചു വർഷം എൽ കെ അദ്വാനി വീണ്ടും പ്രസിഡന്റായി.തുടർന്ന് രണ്ട് വർഷം മധ്യപ്രദേശിൽ നിന്നുള്ള കുഷാബു താക്കറെ ( kushabhau Thakre) പ്രസിഡന്റായി. തുടർന്ന് ഒരു വർഷം ബങ്കാരു ലക്ഷ്മണയും പിന്നീട് രണ്ട് വർഷം ജനകൃഷ്ണമൂർത്തിയും,അതിനു ശേഷം രണ്ടുവർഷം വെങ്കയ്യ നായിഡു പ്രസിഡന്റായി. അതിനുശേഷം ഒരു വർഷം ഒരിക്കൽ കൂടി എൽ കെ അദ്വാനി പ്രസിഡന്റായി. തുടർന്ന് നാലുവർഷം ഇപ്പോഴത്തെ പ്രതിരോധമന്ത്രി രാജനാഥ് സിങ് പ്രസിഡന്റായി. അതിനുശേഷം നാലു വർഷക്കാലം നിതിൻ ഗഡ്‌കരിയാണ് പ്രസിഡന്റായത്. വീണ്ടും ഒരു വർഷം രാജനാഥ് സിങ് പ്രസിഡന്റായി.പിന്നീട് ആറു വർഷം അമിത്ഷാ ആയിരുന്നു പ്രസിഡന്റ്.ഇക്കാലത്താണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയത്. അതിനുശേഷമാണ് 2020 ൽ ഇപ്പോഴത്തെ പ്രസിഡന്റ് ജെ പി നദ്ദ പ്രസിഡന്റായത്. ഇപ്പോൾ അഞ്ചു വർഷമായി നദ്ദ തുടരുകയാണ്. ഹിമാചൽ പ്രദേശുകാരനായ അദ്ദേഹം കേന്ദ്ര മന്ത്രിയുമാണ്.
ബിജെപി അധ്യക്ഷസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജെ പി നദ്ദ നിലവില്‍ ഒരു വര്‍ഷമായി താത്കാലിത ചുമതലയില്‍ തുടരുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു പേരില്‍ എത്തിച്ചേരാന്‍ ഇതുവരെ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ആര്‍എസ്എസിന് കൂടി താത്പര്യമുള്ള നേതാവിനെ കണ്ടെത്തുക എന്നതാണ് നടപടി വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് വനിത നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ആര്‍എസ്എസ് നിലപാടെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബിജെപിയിലെ പ്രമുഖ വനിതാ നേതാക്കളുടെ പേരുകള്‍ എല്ലാം ചര്‍ച്ചയില്‍ നിറയുകയാണ്. കേന്ദ്ര ധനകാര്യമന്ത്രിയും തമിഴ്‌നാട്ടിൽ നിന്നുള്ള നിര്‍മല സിതാരാമന്‍, ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡി പുരന്ദേശ്വരി, തമിഴ്‌നാട്ടിൽ നിന്നുള്ള വനതി ശ്രീനിവാസൻ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്. മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ എന്ന നിലയില്‍ നിര്‍മല സിതാരാമന്‍ (തമിഴ്‌നാട്), ഡി പുരന്ദേശ്വരി (ആന്ധ്രപ്രദേശ്) വനതി ശിവരാമന്‍ (തമിഴ്‌നാട്) എന്നിവര്‍ക്ക് സാധ്യത കൂടുതലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്ര പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങള്‍ക്കും പുതിയ തീരുമാനം ഗുണം ചെയ്യും എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.
