ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാവണം. കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാർക്ക് നൽകുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രസ്താവിച്ചു.

കേന്ദ്രസർക്കാർ ആശമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് രണ്ടായിരം രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നാളുകളായി തുടരുന്ന ആശ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്.
നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് കേന്ദ്രസർക്കാർ ഒരിക്കൽ കൂടി പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംസ്ഥാന സർക്കാരിനു കേന്ദ്ര സർക്കാർ ആശ വർക്കേഴ്‌സിന്റെ ഇൻസെന്റീവ് വർധിപ്പിച്ചതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചത്.
