താര സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ ബാബുരാജ് മത്സരിക്കരുത് .ആരോപണ വിധേയർ മാറി നിൽക്കണം എന്ന് പ്രമുഖ നടിയും പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരൻ .
ആരോപണ വിധേയൻ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാൽ പല സംശയങ്ങൾക്കും ഇടവരുത്തും .
മടുത്തിട്ടാണ് മോഹൻലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്. എല്ലാ പ്രശ്‍നങ്ങളിലും ലാലിന്റ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കിൽ പ്രവർത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്‍ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

അമ്മ’ ഒരു മാതൃക സംഘടനയായി നിലനില്‍ക്കണമെന്നും നിയമം ബാബുരാജിന് വേണ്ടി മാത്രം മാറ്റരുതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു പരിപാടിക്ക് സ്പോൺസറെ കണ്ടെത്തുന്നതും ലക്ഷങ്ങൾ ലാഭം ഉണ്ടാക്കുന്നതും അയാള്‍ ചെയ്ത തെറ്റുമായി താരതമ്യപ്പെടുത്തരുതെന്നും മല്ലിക പറഞ്ഞു.
പെന്‍ഷന്‍ വാങ്ങുന്നവരും ആരോപണ വിധേയരും മത്സരിക്കരുതെന്നാണ് നിയമം. ആരോപണം നേരിടുന്നവര്‍ക്ക് മത്സരിക്കാമെങ്കില്‍ എന്തുകൊണ്ട് പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്ക് മത്സരിച്ച് കൂടായെന്നും മല്ലിക ചോദിച്ചു. കുറച്ച് ആളുകൾക്ക് ഒരു നിയമം, മറ്റു ചിലർക്ക് ഈ നിയമം ബാധകമല്ല എന്ന നിലപാട് തെറ്റാണ്. അങ്ങനെ ഒരാൾ മാറേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ വേറെ കാരണങ്ങൾ ഉണ്ടെന്നും മല്ലിക പറഞ്ഞു.
ബാബുരാജ് വിട്ടുനില്‍ക്കണമെന്ന് നടൻ വിജയ് ബാബുവും പറഞ്ഞു. ഫേസ്‌ബുക്കിൽ വിജയ് ബാബു എഴുതിയതിങ്ങനെയാണ്.

“എനിക്ക് എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാൻ വിട്ടുനിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. അദ്ദേഹം നിരപാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടന ഏതൊരു വ്യക്തിയേക്കാളും വലുതാണ്, അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ “

അമ്മയുടെ ജോയിന്റ് സെക്രട്ടറിയായിരുന്ന ബാബുരാജ് ഇപ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. അതേസമയം, ബലാല്‍സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ നില്‍ക്കുന്ന ആളാണോ അമ്മയെ നയിക്കേണ്ടതെന്ന് നടൻ അനൂപ് ചന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു. ബാബുരാജ് മല്‍സരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആഗ്രഹിക്കാത്തത് അദ്ദേഹത്തിന് ചില സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും അനൂപ് ചന്ദ്രൻ അമ്മ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി ചിത്രീകരിച്ച വീഡിയോയിൽ പറഞ്ഞു.
.