2026 തെരഞ്ഞെടുപ്പ് തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് പുറത്ത്

2026 തെരഞ്ഞെടുപ്പ് കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് പുറത്ത്. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാർഥി പട്ടികയാണ് എ എഐസിസിക്കു കൈമാറിയിട്ടുള്ളതെന്നാണ് വിവരം. തിരുവനന്തപുരം ജില്ലയിൽ 14 നിയമസഭ മണ്ഡലങ്ങളുണ്ട്.

തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഏതാണ്ട് ഇപ്രകാരമാണ് .

വർക്കല നിയമസഭാമണ്ഡത്തിൽ വർക്കല കഹാർ അല്ലെങ്കിൽ എം ജെ ആനന്ദ്. എന്നാൽ കഹാറിന്റെ പേരിനാണ് മുൻ‌തൂക്കം. കഴിഞ്ഞ 2021 ലെ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബി ആർ എം ഷെരീഫിനെ തോൽപ്പിച്ചത് സിപിഎമ്മിലെ വി ജോയിയായിരുന്നു.

ആറ്റിങ്ങൽ ആർഎസ്‌പിയുടേതാണ്. ചിറയിൻ കീഴ് മണ്ഡലത്തിൽ പി എസ് അനൂപ്, കെ എസ് അനിൽകുമാർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചവർ.

നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പി എസ് പ്രശാന്തായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി സിപിഐയിലെ ജി ആർ അനിലിനോട് പരാജയപ്പെട്ടു. അനിൽ ഇപ്പോൾ സിവിൽ സപ്ളൈ വകുപ്പ് മന്ത്രിയാണ്.കഴിഞ്ഞ തവണ മത്സരിച്ച പി എസ് പ്രശാന്ത് ഇപ്പോൾ സിപിഎമ്മിലാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമാണ്.

നെടുമങ്ങാട് ഇത്തവണ കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കും. അങ്ങനെയാണെങ്കിൽ ബി ആർ എം ഷെരീഫ് അല്ലെങ്കിൽ പാലോട് രവി എന്നിവരിൽ ഒരാൾ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. 2011 ൽ പാലോട് രവി നെടുമങ്ങാട് നിന്നും എൽഡിഎഫ് സ്വതന്ത്രനായ രാമചന്ദ്രൻ നായരെ തോൽപ്പിച്ച് എംഎൽഎ യായിട്ടുണ്ട്.

വാമനപുരം നിയമസഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ തോറ്റ ആനാട് ജയൻ അല്ലെങ്കിൽ രമണി പി നായർ എന്നിവരാണ് പട്ടികയിലുള്ളത്. സിപിഎമ്മിലെ ഡി കെ മുരളിയോടാണ് ആനാട് ജയൻ പരാജയപ്പെട്ടത്.

കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് സ്ഥാനാർഥി എം എ വാഹിദ്. ബിജെപി ശക്തമായ വെല്ലുവിളി ഉയർത്തുന്ന നിയമസഭാ മണ്ഡലമാണ് കഴക്കൂട്ടം. കഴിഞ്ഞതവണ ഡോ.ലാൽ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് ശോഭ സുരേന്ദ്രനായിരുന്നു. കടകംപിള്ളി സുരേന്ദ്രൻ തുടർച്ചായി രണ്ടുവട്ടം വിജയിച്ച മണ്ഡലമാണ്. എം എ വാഹിദ് രണ്ടുവട്ടം കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽ നിന്നും ജയിച്ചിട്ടുണ്ട്.

വട്ടിയൂർക്കാവിൽ കെ മുരളീധരനാണ്. മറ്റൊരു പേരും പട്ടികയിലില്ല. തൃശൂർ ലോകസഭാ തെരെഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റ ശേഷം താൻ ഇനി മത്സരിക്കുകയാണെങ്കിൽ അത് വട്ടിയൂർ ക്കാവിൽ ആയിരിക്കുമെന്ന് മുരളി പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിലെ വീണ എസ് നായർ വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ വി വി രാജേഷ്.

തിരുവനന്തപുരം സെൻട്രൽ നിയമസഭ മണ്ഡലത്തിൽ ശബരിനാഥ് മാത്രമാണ് പട്ടികയിലുള്ളത്. അരുവിക്കരയിലാണ് ശബരിനാഥ് രണ്ടുവട്ടം മത്സരിച്ചത്. ആദ്യം ജയിച്ചു. പിന്നെ തോറ്റു .

നേമം നിയമസഭ മണ്ഡലത്തിൽ മൂന്ന് പേരുകൾ മണക്കാട് സുരേഷ്, വീണ എസ് നായർ, വി ആർ ഹരി എന്നിവരാണ് പട്ടികയിലിടം നേടിയവർ .ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് നേമം. 2016 ൽ ബിജെപിയുടെ ഒ രാജഗോപാൽ ജയിച്ചിട്ടുണ്ട്. അന്ന് ശിവൻകുട്ടിയെയാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ ശിവൻകുട്ടി രാജഗോപാലിനെ തോൽപ്പിച്ചു. യുഡിഎഫിന്റെ ഘടകക്ഷിയായ ജനതാദൾ യുണൈറ്റഡ് പാർട്ടിയുടെ സീറ്റാണ്. ഇപ്പോൾ ജനതാദൾ യുണൈറ്റഡ് എൽഡിഎഫിലാണ്. അതിനാൽ കോൺഗ്രസ് ഇവിടെ മത്സരിക്കും

അരുവിക്കര നിയമസഭ മണ്ഡലത്തിൽ രണ്ട് പേരുകൾ പട്ടികയിലുണ്ട്. ഒന്ന് പാലോട് രവി മറ്റൊന്ന് വിതുര ചന്ദ്രൻ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജി സ്റ്റീഫൻ കോൺഗ്രസിലെ യുഡിഎഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎയുമായ കെ എസ് ശബരീനാഥനെ പരാജയപ്പെടുത്തി.

കാട്ടാക്കടയിൽ എൻ ശക്തന്റെയും മലയിൻകീഴ് വേണുഗോപാലിന്റെയും പേരുകൾ പട്ടികയിലുണ്ട്. രണ്ടുവട്ടം തുടർച്ചയായി ജയിക്കുന്ന സിപിഎമ്മിലെ ഐ ബി സതീഷ് കഴിഞ്ഞ തവണ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ മലയിൻകീഴ് വേണുഗോപാലിനെയാണ്.

കോവളം നിയമസഭ മണ്ഡലത്തിൽ എം വിൻസന്റ് മാത്രമാണ് പട്ടികയിലുള്ളത്. 2021ല്‍ ഇവിടെ എം വിൻസന്റ് ജനതാദൾ (മതേതര) നേതാവ് നീലലോഹിത ദാസൻ നാടാരെ പരാജയപ്പെടുത്തി.

നെയ്യാറ്റിൻകര നിയമസഭ മണ്ഡലത്തിൽ നെയ്യാറ്റിൻകര സനൽ മാത്രമാണ് പട്ടികയിലുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസിലെ സെൽവരാജിനെ പരാജയപ്പെടുത്തിയത് സിപിഎമ്മിലെ കെ. ആൻസലൻ ആണ്. 2016 ലും കെ. ആൻസലൻ ആണ് കോൺഗ്രസിലെ സെൽവരാജിനെ പരാജയപ്പെടുത്തിയത്.

പാറശാല നിയമസഭ മണ്ഡലത്തിൽ വിഎസ് ശിവകുമാർ മാത്രമാണ് പട്ടികയിലുള്ളത് .