എം ആർ അജയൻ
amrajayan@gmail.com
ഇ കെ നായനാർ സർക്കാർ നിയമിച്ച പത്മനാഭൻ നായർ കമ്മീഷൻ 1997 മെയ് 27 നു നൽകിയ റിപ്പോർട്ടിൽ വെടിവെപ്പിന് ന്യായീകരണമില്ലെന്നും കൂത്തുപറമ്പ് സംഭവത്തിൽ എം വി രാഘവൻ, ഡെപ്യുട്ടി കളക്ടർ ടി ടി ആന്റണി,എസ്‌പി രവത ചന്ദ്രശേഖർ, ഡിവൈഎസ്‌പി ഹക്കീം ബത്തേരി എന്നിവർ കുറ്റക്കാർ ആയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തുത്തതോടെ സിപിഎമ്മിൽ വൻ പൊട്ടിത്തെറി. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. ഈ വാർത്ത അറിഞ്ഞ ഉടനെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയുമായ പി ജയരാജൻ കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പി ജയരാജനു മറുപടിയായി എത്തിയ ഇ പി ജയരാജൻ പറഞ്ഞത് കൂത്തുപറമ്പ് സംഭവം കഴിഞ്ഞിട്ട് കാലമെത്രയായെന്നായിരുന്നു.
കൂത്തുപറമ്പിൽ പ്രതിഷേധക്കാർക്കെതിരെ ശക്തമായ കടന്നാക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത് അന്നത്തെ തലശ്ശേരി ഡിവൈഎസ്‌പി ഹക്കീം ബത്തേരിയാണെന്നും റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.
കൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ചുപേരാണ് പോലീസ് വെടിവെപ്പിൽ തൽക്ഷണം കൊല്ലപ്പെട്ടത്.വെടിവെപ്പിൽ പുഷ്‌പൻ ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്‍ഷംജീവിച്ചു.1994 നവംബർ 24 നു കൂത്തുപറമ്പിലെ സമരത്തിൽ വെടിയേൽക്കുമ്പോൾ പുഷപന് പ്രായം 24. പാർട്ടിക്കാരുടെ വികാരമായിരുന്ന പുഷപൻ വിട വാങ്ങിയത് 2024 സെപ്തംബർ മാസം ആണ്.
ഇനി കൂത്തുപറമ്പിൽ നടന്ന വെടിവെപ്പ് യാഥാർഥ്യം എന്താണ്? കൂത്തുപറമ്പിലെ പ്രതികളായിരുന്നു പോലീസ് ഉദ്യോഗസ്ഥരെ ചില സിപിഎം നേതാക്കൾ വെള്ള പൂശുമ്പോൾ എന്താണ് യാഥാർഥ്യം. ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ്. എന്തിനാണോ കൂത്തുപറമ്പിൽ സമരം ചെയ്‌തത് അതൊക്കെ പാർട്ടി വിസ്മരിച്ച കാലത്ത് ഈ ചരിത്ര യാഥാർഥ്യം അവർക്കു കൂടി ഓർമ്മപ്പെടുത്തലാവും. കൂത്തുപറമ്പ് സംഭവത്തിൽ റവാഡ ചന്ദ്രശേഖറിനു പങ്കുണ്ടായിരുന്നോ? ചരിത്ര വഴിയിലൂടെ സഞ്ചരിക്കാം.
കൂത്തുപറമ്പ് വെടിവെപ്പ്.
1994 നവംബർ മാസം.കത്തുന്ന ഒരു പകൽ.ഈ ദിവസം ചിലർക്ക് മറക്കാനാവില്ല. അന്ന് മുൻ സഹകരണ മന്ത്രി എം വി രാഘവനെ വധിക്കുകയായിരുന്നു കൂത്തുപറമ്പിൽ നടന്ന സമരമെന്ന് എം വി രാഘവൻ തന്റെ ആത്മകഥയായ ‘ഒരു ജന്മത്തി’ൽ എഴുതിയിട്ടുണ്ട്. അതിനു സ്വാശ്രയ കോഴ്‌സുകൾ ഒരു മറയാക്കിയെന്ന് മാത്രം. സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട എംവിആർ കെ കരുണാകരന്റെ സഹായത്തോടെ യുഡിഎഫിലെത്തി സഹകരണ മന്ത്രിയായി വിലസുന്ന കാലം. ഇത് സിപിഎമ്മുകാരെ വിറളി പിടിപ്പിച്ചു. അതുകൊണ്ടാണ് കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്‌ന ശാഖയുടെ ഉദ്‌ഘാടനം നടത്താൻ എത്തിയ മന്ത്രി എം വി ആറിനെ തടയാൻ തീരുമാനിച്ചത്. എം വി ആറും പിന്നാക്കം പോയില്ല. സുരക്ഷയെക്കുറിച്ച് പോലീസ് ആശങ്ക പ്രകടിപ്പിച്ചെങ്കിലും മുന്നോട്ട് പോകാനായിരുന്നു എംവിആറിന്റെ തീരുമാനം.
അന്നത്തെ സംഘർഷം നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ച് എംവിആർ ഒരു ജന്മം എന്ന അദ്ദേഹത്തിന്റെ ആത്മകഥയിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
“നിശ്ചിത പരിപാടിയനുസരിച്ച് 25നു രാവിലെയുള്ള മലബാറിൽ(ട്രെയിൻ)ഞാൻ കണ്ണൂരിലെത്തി.രാത്രിയുള്ള മലബാറിൽ തിരിച്ചു പോകാനായിരുന്നു ഉദ്ദേശം.റെയിവേ സ്റ്റേഷനിൽ നിന്നും ഗസ്റ്റ് ഹൌസിലേക്ക് പോകവേ വലിയൊരു സംഘം എന്നെ അനുഗമിച്ചു. ഗസ്റ്റ് ഹൌസിൽ നിന്നും പരിയാരത്തേക്ക്.അവിടെ നിന്നും കൂത്തുപറമ്പിലേക്ക്. ഉച്ച്ചയ്ക്ക് 12 മണിക്കായിരുന്നു സായാഹ്‌ന ശാഖയുടെ ഉദ്‌ഘാടന ചടങ്ങ്. ടൗൺ ഹാളിനു 30 മീറ്റർ അകലെയെത്തിയപ്പോൾ പൈലറ്റ് ജീപ്പ് ഉൾപ്പെടെയുള്ള വാഹനവ്യൂഹത്തിന്റെ യാത്ര നിലച്ചു. ആയിരക്കണക്കിനാളുകൾ വഴി തടഞ്ഞിരുന്നു. നാലുഭാഗത്ത് നിന്നും ഏറു വന്നു. ഡിവൈഎസ്‌പി ഹക്കിം ബത്തേരിക്കായിരുന്നു എന്റെ സുരക്ഷാ ചുമതല.
ഹക്കിം ബത്തേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എന്റെ കാർ വളഞ്ഞു സുരക്ഷാവലയം സൃഷ്ടിച്ചു. പോലീസ് ലാത്തിവീശി വഴിയുണ്ടാക്കി. എന്നെ ടൗൺ ഹാളിലേക്ക് നയിച്ചു. ടൗൺ ഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. കൊല വിളി നടത്തുന്ന സിപിഎം ഡിവൈഎഫ്ഐ ഗുണ്ടകൾ. ഈ ബഹളത്തിനിടയിൽ ഞാൻ പ്രസംഗിച്ചു. പെട്ടെന്ന് പിറകിൽ നിന്നും കസേര കൊണ്ട് അടി വന്നു. എന്റെ തലക്ക് അടിയേൽക്കും മുമ്പ് ഗൺമാൻ റോബർട്ട് അത് തടഞ്ഞു. ആക്രോശങ്ങളും ഏറും തുടരുമ്പോഴും മിനിറ്റുകളോളം പ്രസംഗിച്ച് ഞാൻ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. പോലീസ് വലയത്തിനുള്ളിൽ എന്നെ പുറത്തേക്ക് കൊണ്ടുപോയി. കാറിൽ കയറി കണ്ണൂർ ഗസ്റ്റ് ഹൌസിലെത്തി.
അതിനുശേഷം കുറെ കഴിഞ്ഞാണ് കൂത്തുപറമ്പിൽ വെടിവെപ്പ് നടന്നത് താൻ അറിഞ്ഞതെന്ന് എം വി രാഘവൻ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
രക്തസാക്ഷികൾ
കൂത്തുപറമ്പിൽ എം വി ആറിനെ തടയുമ്പോഴാണ് അഞ്ചു യുവാക്കൾ വെടിയേറ്റ് മരിച്ചത്. എന്നാൽ വെടിവെപ്പിൽ കൊല്ലപ്പെട്ട കെ വി റോഷന്റെ പിതാവ് കെ വി സോമൻ അന്ന് പത്ര പ്രവർത്തകരോട് പറഞ്ഞത് മകന്റെ നെഞ്ചിലാണ് വെടിയേറ്റത് എന്നായിരുന്നു. അതേസമയം സംഭവത്തിനുശേഷം പിറ്റേന്ന് പുറത്തിറങ്ങിയ ദേശാഭിമാനി പത്രത്തിലെ വാർത്ത പിന്തിരിഞ്ഞു ഓടുമ്പോൾ യുവാക്കൾക്ക് വെടിയേറ്റുയെന്നാണ്. 1994 നവംബറിലെ കൂത്തുപറമ്പ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് അഞ്ചു യുവാക്കളാണ്. കെ കെ രാജീവൻ, കെ ബാബു, മധു, കെ വി റോഷൻ, ഷിബു ലാൽ എന്നിവർ. പരിക്കേറ്റവർ നിരവധി. വെടിയേറ്റവരിൽ ജീവിക്കുന്ന രക്തസാക്ഷി പുഷ്‌പൻ.
കൂത്തുപറമ്പ് സംഭവത്തിൽ ആദ്യം എട്ട് ഡിവൈഎഫ്ഐക്കാർക്കെതിരെയും പിന്നീട് എം വി രാഘവനും മറ്റു പോലീസു ഉദ്യോഗസ്ഥർക്ക് എതിരെയും കേസെടുത്തു. 1995 ൽ സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്തതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള നടപടിയുണ്ടായത്. ഡെപ്യുട്ടി കളക്ടർ ടി ടി ആന്റണി, എസ്‌പി രവത ചന്ദ്രശേഖർ, ഡിവൈഎസ്‌പി ഹക്കീം ബത്തേരി ഉൾപ്പെടെയുള്ള ആറു ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. എന്നാൽ 2012 ജൂൺ 25 നു ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തത് എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസ് നടപടി റദ്ദാക്കി.
പത്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ട്
1996 ൽ അധികാരത്തിലെത്തിയ ഇ കെ നായനാർ സർക്കാർ നിയമിച്ച പത്മനാഭൻ നായർ കമ്മീഷൻ 1997 മെയ് 27 നു നൽകിയ റിപ്പോർട്ടിൽ വെടിവെപ്പിന് ന്യായീകരണമില്ലെന്നും, കൂത്തുപറമ്പ് സംഭവത്തിൽ എം വി രാഘവൻ ,ഡെപ്യുട്ടി കളക്ടർ ടി ടി ആന്റണി, എസ്‌പി രവത ചന്ദ്രശേഖർ, ഡിവൈഎസ്‌പി ഹക്കീം ബത്തേരി എന്നിവർ കുറ്റക്കാർ ആണ് എന്നായിരുന്നു പരാമർശം. ഇതേ തുടർന്ന് ഈ ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് പുതിയൊരു എഫ് ഐ ആർ ഫയൽ ചെയ്യപ്പെട്ടു.1997 ജൂലൈ നാലിന് കൂത്തുപറമ്പ് വെടിവെപ്പിന്റെ പേരിൽ എം വി രാഘവനെ അറസ്റ്റ് ചെയ്‌തു. ആദ്യം രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിൽ നടപടി നിർത്തലാക്കി പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെതിരെ എം വി രാഘവനും പ്രതികളായ ഉദ്യോഗസ്ഥരും സുപ്രീം കോടതിയെ സമീപിച്ചു.
തുടർന്ന് സുപ്രീം കോടതി പുതിയ എഫ്ഐആറിലെ നടപടി നിർത്തിവെക്കാൻ ഉത്തരവിട്ടു. 2001 ജൂൺ 12 നു എം വി ആറിനെതിരായ രണ്ടാം എഫ്‌ഐആർ സുപ്രീം കോടതി തള്ളി. അതേമാസം തന്നെ തലശ്ശേരി എസ്‌പി രവത ചന്ദ്രശേഖറിനെ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഇതിനെതിരെ ഇടതുമുന്നണി സർക്കാർ സമർപ്പിച്ച അപ്പീലും സുപ്രീം കോടതി തള്ളുകയാണുണ്ടായത്. വേണമെങ്കിൽ തലശ്ശേരി മജിസ്രേട് കോടതിയുടെ അനുമതിയോടെ ഒന്നാമത്തെ എഫ്‌ഐആർ അടിസ്ഥാനമാക്കി പുനരാരംഭിക്കാമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
റവാഡ ചന്ദ്രശേഖർ കുറ്റക്കാരനോ?
സമരക്കാർക്കെതിരെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകൾ എടുത്തു. ക്രൈം നമ്പർ 353 പ്രകാരം എം വി രാഘവനെ കൊല്ലാൻ ശ്രമിച്ചുയെന്നാണ് ഒരു കേസ്. ഈ കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു. ക്രൈം നമ്പർ 354 പ്രകാരമുള്ള കേസിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചു എന്ന കേസിൽ ആയിരത്തോളം ആൾക്കാരെയും പ്രതികളാക്കി. 96 ൽ ഇ കെ നായനാർ സർക്കാർ വന്നപ്പോൾ ഈ കേസുകളിൽ നടപടി നിർത്തിവെച്ചു. “ഇതാണ് കൂത്തുപറമ്പ് സംഭവത്തിന്റെ ചുരുക്കം. ഇനി റവാഡ ചന്ദ്രശേഖർ പ്രതിയായിരുന്നോ? നിങ്ങൾ തന്നെ വിലയിരുത്തുക.
ഇനി എന്ത്
സംസ്ഥാന ഡിജിപിയായി സംസ്ഥാന സർക്കാർ നിയമനം നൽകിയ റവാഡ ചന്ദ്രശേഖർ നിലവിൽ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ് സി അംഗീകാരം നൽകി സംസ്ഥാന സർക്കാരിന് നൽകിയ ചുരുക്കപ്പട്ടികയിൽ രണ്ടാമത്തെ പേരുകാരനായിരുന്നു. റവാഡ ചന്ദ്രശേഖർ ഇപ്പോഴും കേന്ദ്ര കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായതുകൊണ്ട് കേന്ദ്ര സർക്കാർ ഇതുവരെ വിടുതൽ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അത് കിട്ടിയാൽ മാത്രമേ അദ്ദേഹത്തിനു കേരളത്തിൽ ഡിജിപിയായി ചുമതല ഏറ്റെടുക്കാൻ കഴിയൂ.