ഭാരതാംബയുടെ ചിത്രം: ഗവർണർക്കെതിരെ എസ്എഫ്ഐയും കെഎസ്‌യുവും

ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ എസ്എഫ്ഐയും കെഎസ്‌യുവും പ്രതിഷേധവുമായി തെരുവിലിറങ്ങി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം മാറ്റാതെ പരിപാടി നടത്താൻ സമ്മതിക്കില്ലെന്നായിരുന്നു വിദ്യാർത്ഥി സംഘടനകൾ പറഞ്ഞത്. ഇതൊരു സർക്കാർ പരിപാടിയല്ല, സ്വകാര്യ പരിപാടിയാണ്. അവിടെ ആരുടെ ചിത്രം ഉപയോഗിക്കണമെന്ന് സംഘടകരാണ് തീരുമാനിക്കേണ്ടത്. എന്നിട്ടും ഈ പരിപാടി അലങ്കോലമാക്കുവാനാണ് ശ്രമം നടന്നത്. എന്നാൽ ആരിഫ് മുഹമ്മദ് ഖാനെ പോലെ ധൈര്യ സമ്മേതം പരിപാടിയുടെ ഉദ്‌ഘാടനവും നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ മടങ്ങുകയാണ് ചെയ്‌തത്‌ .

കേരള സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു ഉദ്ഘാടകന്‍. പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്ഐയും പ്രതിഷേധവുമായി കെഎസ്‌യുവും രംഗത്തെത്തിയത്.

എന്നാല്‍ പ്രതിഷേധം അവഗണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിക്കെത്തി. പരിപാടി നടന്ന സെനറ്റ് ഹാളിനു പുറത്തും അകത്തും സംഘര്‍ഷമുണ്ടായി. കെഎസ്‌യു പ്രവര്‍ത്തകര്‍ ഹാളിനകത്തേക്ക് തള്ളിക്കയറി. ഇതിനിടെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് വന്‍ സംഘര്‍ഷം അരങ്ങേറി. ഇവരെ പുറത്താക്കി പരിപാടി ആരംഭിച്ചു. ഇതിനിടെ ഹാളിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ചിത്രം മാറ്റിയില്ലെങ്കില്‍ ഗവര്‍ണറെ തടയുമെന്ന് എസ്എഫ്ഐ അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഗവര്‍ണര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി പരിപാടിയില്‍ പങ്കെടുത്തു. വന്‍ പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുകയും നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്ത് സര്‍വകലാശാലയുടെ പുറകിലത്തെ ഗേറ്റ് വഴി മടങ്ങി.