എം ആർ അജയൻ
amrajayan @ gmail .com
2008 ജൂൺ -ജൂലൈ മാസങ്ങളിലാണ് ഇടതുപക്ഷ സർക്കാരിനെതിരെ മത മൗലിക വാദികളുടെ വെല്ലുവിളി ഉയർന്നത്. അന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി എം എ ബേബി. മതമില്ലാത്ത ജീവൻ എന്ന വിവാദമാണ് അന്ന് ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് .ഇടതുപക്ഷ സർക്കാർ ബോധപൂർവ്വം മതനിന്ദയും മതനിരാസവും പാഠ പുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നുയെന്നായിരുന്നു ആക്ഷേപം. ഈ വിവാദത്തിനിപ്പോൾ പതിനേഴ് വർഷമായി. അപ്പോഴാണ് മറ്റൊരു വിവാദം ഇടതു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. ഇന്ന് വിഎസിന്റെ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനും; ബേബിയുടെ സ്ഥാനത്ത് വി.ശിവൻകുട്ടിയും.
മതമില്ലാത്ത ജീവൻ വിവാദത്തിനു കാരണം ഇങ്ങനെയാണ്: ഏഴാം ക്‌ളാസിലെ സാമൂഹ്യ പാഠ പുസ്തകകത്തിലെ മതമില്ലാത്ത ജീവൻ എന്ന അധ്യായമാണ് പ്രതിഷേധത്തിനു കാരണമായത്. ആ പാഠ ഭാഗം ഇങ്ങനെയായിരുന്നു.
സ്‌കൂളിൽ ചേർക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളിൽ ഇരുത്തി ഹെഡ്മാസ്റ്റർ അപേക്ഷ പൂരിപ്പിക്കുവാൻ തുടങ്ങി.
മോന്റെ പേരെന്താ
ജീവൻ
കൊള്ളാം.നല്ല പേര് അച്ഛന്റെ പേര് ?
അൻവർ റഷീദ്
അമ്മയുടെ പേര്
ലക്ഷ്മി ദേവി
ഹെഡ്‌മാസ്റ്റർ മുഖമുയർത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു.
കുട്ടിയുടെ മതം ഏതാ ചേർക്കേണ്ടത്.?
ഒന്നും ചേർക്കേണ്ട.മതമില്ലെന്ന് ചേർത്തൊള്ളൂ.
ജാതിയോ.
അതും വേണ്ട.
ഹെഡ്‌മാസ്റ്റർ കസേരയിലേക്ക് ചാരിയിരുന്ന് അൽപ്പം ഗൗരവത്തോടെ ചോദിച്ചു.
വലുതാവുമ്പോൾ ഇവനു ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ.
അങ്ങനെ തോന്നിയാൽ അവനു ഇഷ്ടമുള്ള മതം തെരെഞ്ഞെടുക്കട്ടെ.
സാമൂഹ്യ പാഠ പുസ്തകകത്തിലെ ഈ പരാമർശത്തിനെതിരെ മത കക്ഷികളും വിദ്യാർത്ഥി സംഘനകളും രംഗത്തിറങ്ങി .പ്രതിപക്ഷമായ യുഡിഎഫ് ഉൾപ്പെടെ മത,സാമുദായിക സംഘടനകൾ പുസ്തകത്തിനെതിരെ തെരുവിലിറങ്ങി. കെഎസ്‌യു,യൂത്ത് കോൺഗ്രസ്,ബിജെപി,മുസ്ലിം ലീഗ്,ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫ് എന്നിവർ പുസ്തകം കത്തിക്കുകയും ചെയ്‌തു.
യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിഇഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി.പോലീസ് ലാത്തിച്ചാർജ് നടന്നു.യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് അടക്കം പലരും 12 ദിവസം സെൻട്രൽ ജയിലിൽ അടക്കപ്പെട്ടു.
2008 ജൂൺ രണ്ടാം വാരം വരാപ്പുഴ അതിരൂപത കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച കുര്ബാനയ്ക്കിടെ പുസ്തകത്തിനെതിരെ ലഘു ലേഖ വായിച്ചു.പാഠപുസ്തകത്തിലെ മത നിഷേധാത്തിനെതിരെ പ്രതിഷേധിക്കാൻ പലരൂപതയും ലഘു ലേഖയിലൂടെ ആഹ്വാനം ചെയ്‌തു.കമ്യുണിസ്റ്റ് വിപ്ലവാശയങ്ങൾ കുരുന്നിലെ കുത്തിവെച്ച് പാർട്ടി വളർത്താനുള്ള കുറുക്കുവഴിയാണ് മത വിരുദ്ധ പാഠപുസ്തകത്തിലെന്ന് ലഘുലേഖയിൽ ആരോപിച്ചു.
മത സംഘടനകളും പ്രതിപക്ഷവും ചേർന്ന് നടത്തിയ പ്രക്ഷോഭങ്ങൾക്കെതിരെസിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ പ്രധാന ആരോപണം കേരളത്തിൽ വിമോചന സമരം ആവർത്തിക്കുന്നുയെന്നായിരുന്നു. അപ്പോഴാണ് ബേബിയെ രണ്ടാം മുണ്ടശ്ശേരി എന്ന് വിളിച്ചത്. വിമോചനസമരകാലത്ത് ജോസഫ് മുണ്ടശ്ശേരിയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
മതമില്ലാത്ത ജീവൻ വിരുദ്ധ പ്രക്ഷോഭത്തിനിടയിൽ ഒരു അധ്യാപകൻ ഒരു അധ്യാപകൻ മരിച്ചതോടെ സമരത്തിനു ആവേശമായി. കൊണ്ടോട്ടിയിലെ വാലില്ലാപുഴ എം എൽ പി സ്‌കൂളിലെ സ്‌കൂൾ ഹെഡ്‌മാസ്റ്റർ ജെയിംസ് അഗസ്റ്റിനാണ് മരിച്ചത്. മുസ്‌ലിം ലീഗ് പ്രതിഷേധക്കാർ അധ്യാപക ക്ലസ്റ്റർ യോഗത്തിൽ കടന്നുകയറി അധ്യാപകനെ മർദ്ദിച്ചത് മൂലമാണ് മരണമെന്ന് പരാതി ഉയർന്നു. അധ്യാപകൻ മരിച്ച സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ ആരെങ്കിലും സാക്ഷി പറയാൻ പോയാൽ കയ്യും കാലും വെട്ടിയെടുക്കുമെന്ന് മുസ്‌ലിം ലീഗ് എംഎൽഎ പി കെ ബഷീർ എടവണ്ണയിൽ പ്രസംഗിച്ചതും വിവാദമായി .
ജൂലൈ രണ്ടാം വാരത്തിൽ ഇടതുപക്ഷ സർക്കാർ മതമില്ലാത്ത ജീവൻ എന്ന അധ്യായത്തിൽ മാറ്റം വേണമോ എന്നു തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചു.ഡോ.കെ എൻ പണിക്കർ ആയിരുന്നു സമിതിയുടെ അധ്യക്ഷൻ .മതമില്ലാത്ത ജീവൻ എന്ന അധ്യായത്തിൽ മതേതരത്വമാണ് ഉദ്ദേശിക്കുന്നതെങ്കിലും മതനിഷേധം എന്നുള്ള തെറ്റായ സന്ദേശത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സമിതി വ്യക്തമാക്കിയതോടെ ഈ പാഠ ഭാഗം നീക്കം ചെയ്യപ്പെട്ടു. അതോടെ വിവാദം അവസാനിക്കുകയും ചെയ്‌തു.
മതമില്ലാത്ത ജീവൻ വിവാദം 16 വർഷങ്ങൾ പൂർത്തിയാവുന്ന സമയത്താണ് മറ്റൊരു വിവാദം ജൂൺ മാസത്തിൽ തന്നെ ആളിപ്പടരാൻ തുടങ്ങിയിട്ടുള്ളത്.അതാണ് സുംബ ഡാൻസ്.
സ്‌കൂളുകളില്‍ സൂംബ നൃത്തം നടപ്പാക്കുന്നത് തുഗ്ലക് പരിഷ്‌കാരമാണാണെന്നാണ് കാന്തപുരം വിഭാഗം എസ് വൈഎസ് ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പറഞ്ഞത് . ലഹരിയില്‍ നിന്ന് കുട്ടികളുടെ ശ്രദ്ധ മാറ്റാന്‍ ഈ തുള്ളിച്ചാട്ടത്തിന് സാധിക്കുമെന്നതിന് ശാസ്ത്രീയമായ ഒരു പഠനവും നടന്നിട്ടില്ല. ഇത്തരം കളികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്നതോടെ പഠനത്തിന്റെ ഗൗരവം നഷ്ടപ്പെടുകയും കലാലയങ്ങള്‍ വെറും നൃത്തശാലകളായി മാറുകയും ചെയ്യുമെന്നുമാണ് ഒരു മുസ്‌ലിം സംഘടനയുടെ വാദം.വഴിവിട്ട ബന്ധങ്ങള്‍ക്കും അതുവഴി ലഹരിയുടെ വ്യാപനത്തിനുമാകും ഇത്തരം പരിഷ്‌കാരങ്ങള്‍ കാരണമാവുക. ഇത്തരം തലതിരിഞ്ഞ പരിഷ്‌കാരങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. സ്ത്രീ പുരുഷ വിവേചനം ഒഴിവാക്കാന്‍ ക്ലാസ് റൂമില്‍ ഇടകലര്‍ന്നിരിക്കണമെന്ന് പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് പുതിയ പരിഷ്‌കാരമെന്നും റഹ്മത്തുല്ല സഖാഫി പറഞ്ഞു.
മറ്റൊരു മുസ്‌ലിം സംഘടന നേതാവ് പറഞ്ഞത് സുംബ ഡാൻസ് അൽപ്പവസ്ത്രം ധരിച്ചാണ് ചെയ്യുന്നതെന്നും പെൺകുട്ടികളും ആൺകുട്ടികളും ഇടകലർന്നാണ് സുംബ നൃത്തം ചെയ്യുകയെന്നും അത് അനിസ്ലാമികമാണെന്നുമാണ് .
മതമില്ലാത്ത ജീവനെ 2008 ജൂണിൽ പ്രധാനമായും എതിർത്തത് ക്രൈസ്‌തവ മത വിഭാഗമാണ്. എന്നാൽ 2025 ജൂണിൽ സുംബ ഡാൻസിനെ എതിർക്കുന്നത് മുസ്‌ലിം മത വിഭാഗമാണ്.
അതേസമയം സുംബ ഡാൻസുമായി മുന്നോട്ട് പോവുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. മതമില്ലാത്ത ജീവൻ വിവാദമായപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയും ശിവൻ കുട്ടി പറഞ്ഞപോലെയാണ് പ്രതികരിച്ചത്.എന്നിട്ട് എന്തുണ്ടായി ബേബിക്ക് മതമില്ലാത്ത ജീവൻ എന്ന അധ്യായം സാമൂഹ്യ പാഠ പുസ്തകത്തിൽ നിലനിർത്താൻ കഴിഞ്ഞോ? ഇല്ല. അതുതന്നെയായിരിക്കാം സുംബ ഡാൻസിന്റെ പേരിൽ മന്ത്രി ശിവൻകുട്ടിക്കും സംഭവിക്കുക.
പിണറായി സർക്കാർ ജെണ്ടർ ന്യുട്രൽ യൂണിഫോം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ തീരുമാനത്തോട് മുസ്ലിം സമുദായം ശക്തമായി വിയോജിച്ചപ്പോഴല്ലേ ആ പരിഷ്‌കാരം വേണ്ടെന്ന് വെച്ചത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് കാൽ മണിക്കൂർ വീതം പഠന സമയം കൂട്ടാൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ കുട്ടികൾക്ക് മദ്രസ പഠനത്തിന് തടസമാവുമെന്ന് മുസ്‌ലിം വിഭാഗം പറഞ്ഞതോടെ ആ പരിഷ്കാരവും ഭരണങ്ങനത്തായി. അത് തന്നെയായിരിക്കും സുംബ ഡാന്സിന്റെയും തലവിധി.സുംബ ഡാൻസിനെതിരെയും ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത് മുസ്‌ലിം സംഘടനകളാണ്. അതിൽ ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എംഎസ്എഫുമുണ്ട്.