കിരീടം സിനിമയെ അനുസ്മരിപ്പിക്കുന്ന ട്രംപ്

ഷെറീഫ് കോഴിക്കോട്

ദൈവം മധ്യ പൂർവ്വേഷ്യയെ രക്ഷിക്കട്ടെ
ദൈവം ഇസ്രായേലിനെ രക്ഷിക്കട്ടെ
ദൈവം ഇറാനെ രക്ഷിക്കട്ടെ
ദൈവം ലോകത്തെ രക്ഷിക്കട്ടെ
ദൈവം യു.എസിനെ രക്ഷിക്കട്ടെ.

എതോ പ്രസിദ്ധനായ മതാചാര്യൻ്റെ സുക്തമാണിതെന്ന് തെറ്റിദ്ധരിക്കണ്ട. മൈ പ്രൻ്റിൻ്റെ ഇറാൻ- ഇസ്രായേൽ 12 ദിവസത്തെ അടിക്ക് തിരിച്ചടി എന്ന ക്രൈം തില്ലർ കഴിഞ്ഞുള്ള വാക്കുകൾ ആണിത്. പന്ത്രണ്ട് ദിവസമായി തുടരുന്ന സംഘർഷം ഇതാ അവസാനിച്ചിരിക്കുന്നു. മാസങ്ങളോളം തുടർന്ന് പോകുമായിരുന്ന ഒരു യുദ്ധത്തിനാണ് ഇവിടെ വിരാമം ആകുന്നത്. ഇനി ഈ രാജ്യങ്ങൾ തമ്മിൽ ഒരു യുദ്ധം ഉണ്ടാവാൻ പോകുന്നില്ല. ഞാൻ ഇടപെട്ടത് കൊണ്ട് അവർ വെടി നിർത്തിയിരിക്കുന്നു.

രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ ഇല്ലാതിരിക്കട്ടെ. എല്ലാ മനുഷ്യരും പരസ്പരം സ്നേഹത്തോടെ കഴിയാൻ കഴിഞ്ഞില്ലെങ്കിലും സഹിഷ്ണുതയോടെ പുലരട്ടെ. തർക്കത്തിൽ ഏർപ്പെട്ട രണ്ട് രാജ്യങ്ങൾക്കിടയിൽ പ്രശ്ന പരിഹാരത്തിനായി ഒരാൾ രണ്ട് ഭാഗത്തെയും കേട്ട് കൊണ്ടും വിശ്വാസത്തിലെടുത്തും ഇടപെടുന്നത് നല്ലത് തന്നെയാണ്. പക്ഷെ ഈയിടെയായി പതിവിന് വീപരീതമായ ഒരു രീതി കാണുകയാണ്.പ്രശ്നത്തിൽ ഏർപ്പെട്ട രണ്ടു രാജ്യ തലവന്മാർ വെടി നിർത്തൽ പ്രഖ്യാപിക്കും മുമ്പ് മറ്റൊരു രാഷ്ട്രത്തലവൻ വെടിനിർത്തൽ പ്രഖ്യാപിക്കുന്നു.ഇതിപ്പോൾ ഇറാനും_ ഇസ്രയേലും തമ്മിൽ മാത്രമല്ല.ഇതിനു മുമ്പ് പാകിസ്താനിലെ തീവ്രവാദികൾ ഇന്ത്യയ്ക്ക് അകത്ത് നടത്തിയ നിഷ്ഠൂരമായ കൊലപാതകത്തിനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിക്കിടയിലും രണ്ടു രാജ്യത്തിൻറെ തലവന്മാർ പറയാതെ ഇദ്ദേഹം തന്നെയാണ് വെടി നിർത്തൽ പ്രഖ്യാപിച്ചത്.

കൂട്ടി വായിക്കുമ്പോൾ എവിടെയോ എന്തോ ഒരു തകരാർ പോലെ. തർക്കങ്ങൾ വളരെ വേഗം തീരുന്നത് നല്ലത് തന്നെ. തർക്കങ്ങൾ വന്ന വഴിയും പോംവഴിയും ഇട കലർത്തി പരിശോധിക്കുമ്പോൾ പാക്കിസ്ഥാൻ്റെ പട്ടാള ജനറൽ തനിക്ക് ലഭിച്ച വിരുന്നിന് ശേഷം നടത്തിയ വർത്തമാനത്തിൽ എന്തോ ഒരു അസ്വാഭാവികത തോന്നുന്നു.വിരുന്ന് തന്ന രാഷ്ട്രത്തലവനെ സമാധാനത്തിനുള്ള നോബെൽ സമ്മാനത്തിന് പരിഗണിക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്യുമ്പോൾ ലോകത്ത് നടക്കുന്ന സംഘർഷങ്ങൾ അങ്ങനെ വെറുതെ നടക്കുകയാണോ എന്ന് ഒരു സന്ദേഹം.

കിരീടം എന്ന സിനിമ ഓർത്ത് പോകുന്നു. സേതുവിൻ്റെ പേരിൽ ഗുണ്ടാ പിരിവിനിറങ്ങുന്ന കൊച്ചിൻ ഹനീഫ അനശ്വരമാക്കിയ ഇറച്ചി വെട്ടുകാരൻ ഹൈദ്രോസിനെ ഓർത്തു പോകുന്നു. അദ്ദേഹത്തിൻ്റെ പിച്ചാത്തിയും ബെൽറ്റും, പിറകിൽ ചുരുട്ടി ഉയർത്തിപ്പിടിച്ച മുണ്ടും ഓർത്ത് പോകുന്നു. ആളുകളെ ഭയപ്പെടുത്തി സേതുവിൻ്റെ പേരിൽ പിരിവ് നടത്തി ജീവിക്കാൻ ശ്രമിക്കുന്ന ഹൈദ്രുവിനെ,

ഇപ്പോൾ കൊല്ലാതെ വിടുകയാണ്. രണ്ടാഴ്ച സമയം നീട്ടിത്തരുന്നു എന്ന് കവല ചട്ടമ്പി കണക്കെയുള്ള വർത്തമാനം ഒക്കെ അന്താരാഷ്ട്ര നിലവാരത്തിൽ നിന്ന് കേൾക്കുമ്പോൾ ആകെ ചൂളി പോകുന്നു.. ലോക കാര്യങ്ങൾ ഇങ്ങനെ ലോഹിതദാസ് – സിബിമലയിൽ സിനിമ നിലവാരത്തിൽ കാണുമ്പോൾ തലക്ക് മുകളിലൂടെ ഭയപ്പെടുത്തി പായുന്ന മിസൈലും ,സൈറണുകളും അങ്ങനെ നിസ്സാരമാക്കാനും കഴിയുന്നതല്ല.
എന്തായാലും ലോകം സമാധാനത്തിലിരിക്കട്ടെ. വെടക്കാക്കി തനിക്കാക്കുന്ന ഏർപ്പാടിൽ ഏർപ്പെടാത്തവരുടെ കൈകളിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം വിളങ്ങട്ടെ.