അടിയന്തരാവസ്ഥയിലെ വൻ ചതിയുടെ കഥ ;ജോർജ് ഫെർണാണ്ടസ് എന്ന ദേശീയ നേതാവിനെ പോലീസുകാർക്ക് ഒറ്റികൊടുത്തത് ഒരു മലയാളി നേതാവ് .

1975 ജൂൺ 25 മുതൽ 21 March 1977 വരെ 21 മാസം നീണ്ടു നിന്ന അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി സർക്കാർ തലയ്ക്ക് വിലയിട്ടിരുന്ന സോഷ്യലിസ്റ്റ് നേതാവായ ജോർജ് ഫെർണാണ്ടസ് ക്രൈസ്‌തവ പുരോഹിതനായി പ്രച്ഛന്ന വേഷത്തിൽ ഒളിവിൽ കഴിയുന്ന കാലത്ത് അദ്ദേഹത്തെ പോലീസുകാർക്ക് ഒറ്റികൊടുത്തത് മലയാളികളായ സോഷ്യലിസ്റ്റ് നേതാക്കളായിരുന്നു .ഈ വസ്‌തുത പ്രശസ്‌ത അഭിഭാഷകനും പ്രമുഖ തൊഴിലാളി വർഗ നേതാവും മുൻ ലോകസഭ എംപിയുമായ തമ്പാൻ തോമസ് തന്റെ തൂലിക,തൂമ്പ,ജയിൽ,പിന്നെ പാർലമെന്റും എന്ന ആത്മകഥയിലൂടെ വെളിപ്പെടുത്തിയത് .ആ രണ്ടു നേതാക്കളുടെ പേരുകൾ തമ്പാൻ തോമസ് പരാമർശിച്ചിട്ടുണ്ട് .അതിലൊരാൾ എം പി വീരേന്ദ്രകുമാർ മറ്റൊന്ന് അബു അബുസാഹിബും.അന്ന് ഇരുവരും സോഷ്യലിസ്റ്റാണ്.അബു സാഹിബ് പിന്നീട് മുസ്ലിം ലീഗിലേക്ക് പോയി .മരിക്കുംവരെ വീരേന്ദ്രകുമാർ സോഷ്യലിസ്റ്റായി ജനതാദളിൽ നിന്നു .അടിയന്തരാവസ്ഥ കാലത്ത് നടന്ന ആ ചതിയുടെ കഥ തന്റെ ആത്മകഥയിൽ വിശദീകരിക്കുന്ന ഭാഗമാണ് പൂർണ രൂപത്തിൽ താഴെ ചേർക്കുന്നത് :

“അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അന്നുതന്നെ ഒളിവിൽ പോയ കേരളത്തിലെ രണ്ടു സോഷ്യലിസ്റ്റു നേതാക്കളാണ് വീരേന്ദ്രകുമാറും കെ കെ അബു സാഹിബും.അവർ ഇരുവരും ഇരുമെയ്യാണെങ്കിലും ഞങ്ങളൊരു കരളല്ലേ:ചങ്കല്ലേ എന്ന നിലയിൽ സ്നേഹിതരുമാണ്.ഇവരെ ഒരുകാലത്ത് ഇണപിരിയാത്ത സ്നേഹിതർ എന്നു വിളിച്ചിരുന്നു.രണ്ടുപേരും ലോഹ്യ സോഷ്യലിസ്റ്റുകൾ.ഒളിവു ജീവിതത്തിനു ശേഷം ഇവർ ഇണ പിരിഞ്ഞു.വീരേന്ദ്രകുമാർ ഒരിക്കലും പ്രവേശിക്കാൻ സാധ്യതയില്ലാത്ത മുസ്‌ലിം ലീഗ് എന്ന പാർട്ടിയിലേക്ക് അബു സാഹിബ് ചേക്കേറി.ഒപ്പം കായിക്കര ഷംസുദ്ദീനെയും കൂട്ടി.

ഷംസുദ്ദീൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകം ജനറൽസെക്രട്ടറിയായിരുന്നു.പിന്നീട് ഷംസുദ്ദീൻ ജനത എസിലേക്ക് കടന്നുവന്നു.അബു സാഹിബാകട്ടെ മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യു (സ്വതന്ത്ര തൊഴിലാളി യൂണിയൻ )സംസ്ഥാന നേതാവും എംഎൽഎ യുമായി.

വീരേന്ദ്ര കുമാറും അബു സാഹിബും.ഒളിവുകാല ജീവിതം ചെലവഴിച്ചത് തമിഴ്‌നാട്ടിലായിരുന്നു .അന്ന് കരുണാനിധിയായിരുന്നു അവിടുത്തെ മുഖ്യമന്ത്രി .കോൺഗ്രസിതര ഗവർമെന്റായതിനാലാണ് ഒളിവിൽ പോകാൻ അവർ തെരെഞ്ഞെടുത്തത് .

കായിക്കര ഷംസുദ്ദീൻ അറസ്റ്റ് ചെയ്യപ്പെട്ട അടിയന്തരാവസ്ഥക്കാലം മുഴുവനും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു .ഒളിവിൽ പോയതിനാൽ വീരേന്ദ്രകുമാറിന്റെ സ്വാത്തുക്കൾ ഗവർമെന്റ് പിടിച്ചെടുക്കുമെന്ന ഭീഷണികൾ ഉയർന്നിരുന്നു.പല ഘട്ടങ്ങളിലായി കേരള ഗവർമെന്റുമായി ഇതുസംബന്ധിച്ച് നടത്തിയ ചർച്ചകൾ ഫലപ്രദമായില്ല.കേരളത്തിലെ പാർട്ടി നേതൃത്വം കേരള കോൺഗ്രസ് ചെയ്തതുപോലെ അടിയന്തരാവസ്ഥയെ പിന്താങ്ങിയാൽ മാത്രമെ ഒളിവിൽ പോയവരുടെ സ്വത്തുക്കൾ പിടിച്ചെടുക്കാതിരിക്കുകയുള്ളൂ.

വീരേന്ദ്രകുമാറും അബുസാഹിബും തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുമ്പോൾ ജോർജ് ഫെർണാണ്ടസ് പ്രച്ഛന്ന വേഷത്തിൽ അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിക്കുകയായിരുന്നു.ബറോഡ ഡൈനാമിറ്റ് കേസ്,ചെന്നൈയിൽ എൽഐസി ഓഫീസ് കത്തിച്ച കേസ്,തുടങ്ങി നിരവധി വിധ്വംസക പ്രവർത്തനങ്ങൾക്ക് ആരോപിതനായി .ഇന്ദിര ഗവർമെന്റ് ജോർജ് ഫെർണാണ്ടസിന്റെ തലയ്ക്കു വിലയിട്ടിരുന്നു.ജോർജ് ഫെര്ണാണ്ടസിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് വൻ പാരിതോഷികങ്ങളും സംരക്ഷണവും പ്രഖ്യാപിച്ചിരുന്നു.അടിയന്തരാവസ്ഥക്കെതിരെ ജോർജ് ഫെർണാണ്ടസ് പ്രക്ഷോഭം നയിച്ചത് മദിരാശിയിലെ സാന്തോം കത്തോലിക്കാ പള്ളിയിൽ വൈദികനായി പ്രച്ഛന്നവേഷത്തിലിരുന്നു കൊണ്ടായിരുന്നു.

ജോർജ് ഫെർണാണ്ടസിന്റെ ഒളിത്തത്താവളത്തെക്കുറിച്ച് അറിയാവുന്ന ഒരാളെ മാത്രമെ ഉണ്ടായിരുന്നുള്ളൂ.അത് അപ്പറാവുവായിരുന്നു.മദിരാശിയിലെ സ്വാധീനമുള്ള സോഷ്യലിസ്റ്റ് നേതാവും ധനാഢ്യനുമായിരുന്നു അദ്ദേഹം.

വീരേന്ദ്രകുമാറും അബുസാഹിബും അപ്പറാവുവിൽ നിന്നും ജോർജ് ഫെർണാണ്ടസിന്റെ ടെലഫോൺ നമ്പർ കരസ്ഥമാക്കി.ഒരു ദിവസം അദ്ദേഹത്തെ വിളിച്ചു.ഇതുസംബന്ധിച്ച് പിന്നീട് ജോർജ് ഫെർണാണ്ടസ് എന്നോട് പറഞ്ഞത് അന്ന് അവരുടെ ടെലഫോൺ വിളിയിൽ എന്തോ പന്തികേട് തോന്നിയിരുന്നുയെന്നാണ്.ഫോണിൽ അവരുമായി സംസാരിച്ച ഉടനെ ജോർജ് ഫെർണാണ്ടസ് പാതിരിയുടെ വേഷത്തിൽ പുറത്തിറങ്ങി.താമസിച്ചിരുന്ന മുറിയിൽ നിന്നും പള്ളിയുടെ സമീപമുള്ള ലെറ്റർ ബോക്സിനടുത്തേക്ക് വടിയും കുത്തിപ്പിടിച്ച് നടന്നെത്തി .ഒരു പ്രായമായ പത്തിരി നടന്നു പോകുന്നതായാണ് ആളുകൾ കണ്ടത്.മുറിയിൽ നിന്നെറിങ്ങിയ ശേഷം നിമിഷങ്ങൾക്കകം ജോർജ് താമസിച്ചിരുന്ന ഇടം പോലീസ് വളഞ്ഞു.”

ആരാണ് ജോർജ് ഫെർണാണ്ടസിനെ പോലീസുകാർക്ക് ഒറ്റുകൊടുത്തത് .വീരേന്ദ്ര കുമാറോ അബുസാഹിബോ ?അഡ്വ.തമ്പാൻ തോമസ് 2018ലാണ് തന്റെ ആത്മകഥയിൽ ഇക്കാര്യം പരാമർശിച്ചത് .അന്ന് വീരേന്ദ്ര കുമാർ ജീവിച്ചിരിപ്പുണ്ട്.എന്നിട്ടും ഇതുസംബന്ധിച്ച് ഒന്നും അദ്ദേഹം മിണ്ടിയില്ല.എന്തുകൊണ്ട് ? 2020 മെയ് 28 നു എൺപത്തിരണ്ടാമത്തെ വയസിലാണ് സാംസ്കാരികനായകൻ കൂടിയായ എംപി വീരേന്ദ്രകുമാർ നിര്യാതനായത്.

ഇനി ആരായിരുന്നു ജോർജ് ഫെർണാണ്ടസ് ? മുൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി, അടിയന്തരാവസ്ഥക്കാലത്തെ വിപ്ലവ സൂര്യൻ, എൻ.ഡി.എ മുന്നണിയുടെ അമരക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായ മുതിർന്ന സോഷ്യലിസ്റ്റ് നേതാവായിരുന്നു ജോർജ് മാത്യു ഫെർണാണ്ടസ് എന്നറിയപ്പെടുന്ന ജോർജ് ഫെർണാണ്ടസ്. അടിയന്തരാവസ്ഥ കാലത്ത് നടന്ന വൻ ചതിയുടെ കഥയാണ് തൂലിക,തൂമ്പ,ജയിൽ,പിന്നെ പാർലമെന്റും എന്ന ആത്മകഥയിലൂടെ പ്രശസ്‌ത അഭിഭാഷകനായ തമ്പാൻ തോമസ് വെളിപ്പെടുത്തിയത് .(കടപ്പാട് :തൂലിക,തൂമ്പ,ജയിൽ,പിന്നെ പാർലമെന്റും,തമ്പാൻ തോമസ് )