അടിയന്തരാവസ്ഥയെ അനുകൂലിച്ച എം കെ സാനു മാസ്റ്റർ അടിയന്തരാവസ്ഥക്കെതിരെയുള്ള യോഗത്തിൽ പങ്കെടുത്തു. എന്തുകൊണ്ട് ?

കേരളത്തിൽ കാപട്യങ്ങളുടെ ആൾരൂപങ്ങളാണ് സാഹിത്യ സാംസ്‌കാരിക നായകർ എന്നു വിളിക്കപ്പെടുന്നവർ. ഇവരെ പൊതുജങ്ങൾക്ക് പുച്ഛമാണെന്ന് ഇവരൊഴികെ എല്ലാവർക്കുമറിയാം. പക്ഷെ അവർക്കറിയില്ല .

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോടൊപ്പമാണ് സാഹിത്യ സാംസ്‌കാരിക ലോകം എന്ന പ്രഖ്യാപനവുമായി കുറച്ച് സാഹിത്യ സാംസ്‌കാരിക നായകർ നിലമ്പൂരിലെത്തി സ്വരാജിന് വേണ്ടി പ്രചാരണം നടത്തിയത്. ഫലം വന്നപ്പോൾ സ്വരാജ് എട്ടുനിലയിൽ പൊട്ടി. അതാണ് നിലമ്പൂരിലെ ജനങ്ങൾ കൊടുത്ത മറുപടി .

ഈ സാഹിത്യ സാംസ്‌കാരിക നായകർ നിലമ്പൂരിലെത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ സ്വരാജിന്റെ തോൽവിയുടെ കാഠിന്യം കുറയുമായിരുന്നു .ഇതൊരു സന്ദേശമാണ്. ഇനി മുതൽ ഒരു രാഷ്ട്രീയ പാർട്ടിയും ഇത്തരം സാംസകാരിക നായകരെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനു കെട്ടി എഴുന്നുള്ളിക്കില്ല. ഇറക്കിയാൽ തോൽവിയായിരിക്കും ഫലം .

അടിയന്തരാവസ്ഥയ്ക്ക് 50 വർഷങ്ങൾ പൂർത്തിയാകുന്ന ഇന്നലെ അടിയന്തരാവസ്ഥയെ അന്ന് അനുകൂലിച്ച പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകൻ എംകെ സാനു മാസ്റ്റർ അടിയന്തരാവസ്ഥക്കെതിരെ സംഘടിപ്പിച്ച യോഗത്തിൽ ഒരു ഉളുപ്പുമില്ലാതെ പങ്കെടുത്തു .

അടിയന്തരാവസ്ഥ കാലത്ത് അടിയന്തരാവസ്ഥയെ അനുകൂലിച്ച് സുഖ ജീവിതം നയിച്ച സാഹിത്യ സാംസ്‌കാരിക നായകർ അടിയന്തരാവസ്ഥക്കെതിരെ സംഘടിപ്പിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നത് കാണുമ്പൊൾ അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ പോയ ഇപ്പോഴും ജീവിച്ചിരിക്കുന്ന പലരും ഇവരെയൊക്കെ പുച്ഛത്തോടെയാണ് കാണുന്നത്.

അടിയന്തരാവസ്ഥയെ അനുകൂലിച്ച എം കെ സാനുവിനെ പോലുള്ളവരുടെ അന്നത്തെ നിലപാടും ഇന്നത്തെ നിലപാടും താരതമ്യപ്പെടുത്തി കാലടി സർവകലാശാല മുൻ വൈസ് ചാൻസലറും പിഎസ്‌സി മുൻ ചെയർമാനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ .കെ എസ് രാധാകൃഷ്ണൻ ഇതുസംബന്ധിച്ച് ഫേസ്‌ബുക്കിൽ ഒരു കുറിപ്പ് എഴുതി. ആ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു :

അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം തുടർച്ചയായി വിദ്യാർത്ഥികൾ സമരം ചെയ്ത ഒരേ ഒരു കോളേജ് എറണാകുളം മഹാരാജാസ് കോളേജ് ആണ്. ആ സമരത്തിൽ ഞാനും പങ്കെടുത്തിരുന്നു. അടിയന്തിരാവസ്ഥക്ക് അരനൂറ്റാണ്ട് പഴക്കമായി.

1969 മുതൽ ഇന്ദിരാഗാന്ധി തുടങ്ങി വെച്ച രാഷ്ട്രീയ ചൂതാട്ടത്തിൻ്റെ അന്ത്യത്തിലാണ് അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് ജീവിച്ചിരുന്ന ചെറുപ്പക്കാരുടെ രാഷ്ട്രീയ സത്യസന്ധത പരിശോധിക്കാനുള്ള ഏകമാർഗ്ഗം അടിയന്തിരാവസ്ഥയോട് അവർ എന്തു സമീപനം സ്വീകരിച്ചു എന്നത് തന്നെയാണ്.

തനിക്ക് അധികാരം നഷ്ടപ്പെടുമെന്ന് ഉറപ്പായഘട്ടത്തിൽ അവർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ പ്രതിപക്ഷനേതാക്കളെയും പാതിരാത്രി അറസ്റ്റ് ചെയ്ത് ജയിലിലാക്കി. മൗലിക അവകാശങ്ങൾ റദ് ചെയ്യപ്പെട്ടു സ്വാഭാവികമായും അഭിപ്രായ സ്വാതന്ത്യവും ഇല്ലാതായി.

നാവടക്കൂ പണിയെടുക്കൂ എന്ന് ഇന്ദിര ആഹ്വാനം ചെയ്തു. അങ്ങനെ ഇന്ത്യയിലെ മൊത്തം ജനങ്ങൾക്ക് വേണ്ടി ഒരാൾ മാത്രം സംസാരിച്ചു. സോവിയറ്റ് യൂണിയൻ ഇക്കാര്യത്തിൽ ഇന്ദിരയുടെ കൂടെയായിരുന്നു. ഇന്ത്യയിൽ അനേകം രാഷ്ട്രീയ കക്ഷികൾ നിലനില്ക്കേണ്ടതില്ല. ഇന്ദിരയുടെ പാർട്ടി മാത്രം നിലനിന്നാൽ മതി എന്നു സോവിയറ്റ് താത്വികാചാര്യന്മാർ അഭിപ്രായപെടുകയും ചെയ്തു.

ഇന്ത്യയിലെ സിപിഐ എന്ന രാഷ്ട്രീയകക്ഷി അക്കാലത്ത് ഇന്ദിരയെക്കാൾ കവിഞ്ഞ അടിയന്തിരാവസ്ഥ ഭക്തി കാത്തു സൂക്ഷിച്ചിരുന്നു. ഇന്ത്യയിലെ പത്രങ്ങളും ബുദ്ധിജീവികളും സാഹിത്യ സാംസ്കാരിക പ്രവർത്തകരിൽ മഹാ ഭൂരിപക്ഷവും ഇന്ദിരക്കും അടിയന്തിരാവസ്ഥക്കും വാഴ്ത്തുപാട്ടുമായി മുന്നിൽ ഉണ്ടായിരുന്നു. വളരെ കുറച്ചു പേർ മാത്രമാണ് അതിനെ എതിർത്തത്.

കേരളം ഭരിച്ചിരുന്നത് സിപിഐ മുഖ്യമന്തിയായിരുന്ന സി. അച്യുതമേനോനാണ്. അടിയന്തിരാവസ്ഥയെ അതിൻ്റെ മുഴുവൻ പ്രാഭവത്തിലും മേനോൻ നടപ്പിലാക്കി. അടിയന്തിരാവസ്ഥക്ക് എതിരെ പ്രവർത്തിക്കുന്നവരെ തെരഞ്ഞ് പിടിച്ച് ഒറ്റുകൊടുക്കുന്ന രാഷ്ട്രീയ ധർമ്മം സി പി ഐ നിർവ്വഹിച്ചു; സോവിയറ്റ് യൂണിയൻ്റെ അംഗീകാരം നേടി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ജനങ്ങൾ അടിയന്തിരാവസ്ഥയെ എതിർത്തിരുന്നു എങ്കിലും കേരളത്തിലെ ജനങ്ങൾ അടിയന്തിരാവസ്ഥക്ക് അനുകൂലമായിരുന്നു. എഴുത്തുകാർ വിശേഷിച്ചും അടിയന്തിരാവസ്ഥക്ക് അനുകൂലമായി നിന്നു. കേരളത്തിലെ ബുദ്ധിജീവികൾ നാവടക്കി പണിയെടുത്തു. അക്കാലത്ത് കോൺഗ്രസ്സ് നേതാവായിരുന്ന എം. കെ. രാഘവൻ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. അദ്ദേഹത്തിൻ്റെ ഔദ്യോഗിക വാഹനത്തിൽ പല ദിവസങ്ങളിലും പ്രൊഫ. എം. കെ. സാനു കോളേജിന് മുന്നിൽ വന്നു ഇറങ്ങുന്നതിന് ഞങ്ങൾ സാക്ഷ്യം വഹിച്ചു.

അടിയന്തിരാവസ്ഥ പിൻവലിച്ചതിന് ശേഷമാണ് കേരളത്തിലെ പ്രഖ്യാപിത സാഹിത്യകാരന്മാർ അതിന് എതിരെ പ്രവർത്തിച്ചത്. അടിയന്തിരാവസ്ഥകാലത്ത് വി. സാമ്പശിവനെ ഇരുപതാം നൂറ്റാണ്ട് എന്ന കഥ പറഞ്ഞതിൻ്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷം കോളേജിലെ മലയാള വിഭാഗത്തിൽ ഒരു സാംസ്കാരിക സമ്മേളനം നടന്നു. പ്രൊഫ. എം. കെ. സാനുവും പ്രൊഫ. എം. തോമസ് മാത്യുവുമായിരുന്നു മുഖ്യ സംഘാടകർ. വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. എം. കൃഷ്ണൻ നായർ യോഗത്തിൻ്റെ അധ്യക്ഷനായിരുന്നു. എം ഗോവിന്ദൻ, ആനന്ദ്, ടി. പദ്മനാഭൻ എന്നിവരായിരുന്നു താരങ്ങൾ. എല്ലാവരും അടിയന്തിരാവസ്ഥക്ക് എതിരെ ആഞ്ഞടിച്ചു. അപ്പോൾ, കേൾവിക്കാരായിരുന്ന വിദ്യാർത്ഥികളിൽ ചിലർ എഴുന്നേറ്റ് നിന്നുകൊണ്ട്, ഈ എഴുത്തുകാർ, അടിയന്തിരാവസ്ഥ കാലത്ത്, എഴുത്തുകാർ എന്ന നിലയിൽ അതിന് എതിരെ എന്തു ചെയ്തു എന്നു ചോദിച്ചു. എഴുത്തുകാർ എന്ന നിലയിൽ തങ്ങൾ ഒന്നും ചെയ്തില്ല എന്ന് അവർ പറഞ്ഞു.

മനുഷ്യാവകാശങ്ങൾ കൊല ചെയ്യപ്പെട്ട കാലത്ത് മനുഷ്യർ എന്ന നിലയിൽ അതിനെതിരെ അവർ എന്തു ചെയ്തു എന്നു കുട്ടികൾ വീണ്ടും ചോദിച്ചു. അവർ അതിന് എതിരെ ഒന്നും ചെയ്തില്ല എന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. അങ്ങനെ അടിയന്തിരാവസ്ഥക്ക് എതിരെ ഒന്നും ചെയ്യാത്തവർ അടിയന്തിരാവസ്ഥ പിൻവലിക്കുകയും ഇന്ദിരയെ ജനങ്ങൾ തോല്പിക്കുകയും ചെയ്തതിനു ശേഷം അതിന് എതിരെ രോഷം കൊള്ളുന്നതിൽ എന്തു മര്യാദ എന്നു ചോദിച്ചതോടെ യോഗം നിർത്തി അവർക്ക് മടങ്ങേണ്ടി വന്നു. അവരിൽ ചിലർ ഇപ്പോൾ മാനവികവാദികളും സ്വാതന്ത്ര്യ ഗായകരുമാണ് എന്നതും ഒരു ഫലിതത്തിനു വേണ്ടി ഓർക്കാവുന്നതാണ്. ” ഇങ്ങനെയാണ് ഡോ .കെ എസ് രാധാകൃഷ്ണൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത് .

ഇന്നലെ അടിയന്തരവസ്ഥക്കെതിരെ ജയിലിൽ പോയവർ സിപിഎം നേതാവ് കെ എൻ രവീന്ദ്ര നാഥിന്റെ വസതിയിൽ ഒത്തുകൂടിയിരുന്നു .അഡ്വ.തമ്പാൻ തോമസും അക്കൂട്ടത്തിലുണ്ടായിരുന്നു .രവീന്ദ്ര നാഥും തമ്പാൻ തോമസും ഒരേ ജയിൽ മുറിയിലായിരുന്നു കിടന്നത് .ഈ യോഗത്തിൽ എം കെ സാനുമാസ്റ്റർ ആണ് ക്ഷണിക്കപ്പെട്ട പ്രധാനവ്യക്തികളിലൊരാൾ .അടിയന്തരാവസ്ഥയെ അനുകൂലിച്ച വ്യക്തിയാണ് എം കെ സാനു .അത്തരം വ്യക്തിയാണ് ഈ യോഗത്തിൽ നാണവും മാനവും ഇല്ലാതെ പങ്കെടുത്തത് .ആരും ഇതുസംബന്ധിച്ച് പ്രതികരിക്കാത്തത് സനുമാസ്റ്റർക്ക് 98 വയസായി എന്ന ഒറ്റ പരിഗണനയിലാണ്. അടിയന്തരാവസ്ഥയെ അനുകൂലിച്ചവർ പിന്നീട് അടിയന്തരാവസ്ഥയെ തള്ളിപ്പറഞ്ഞുകൊണ്ട് സിപിഎമ്മിനോടൊപ്പം ചേർന്ന് പലവിധ ആനുകൂല്യങ്ങളും കൈപ്പറ്റി .