വ്യവസായ മന്ത്രി പി രാജീവിനെതിരെ ഭരണകകഷിയായ സിപിഐയുടെ സമ്മേളനത്തിൽ രൂക്ഷ വിമർശനം. ആലപ്പുഴ ജില്ലാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് വ്യവസായം, കയർ വകുപ്പുകൾക്കെതിരെ ശക്തമായ വിമർശനം ഉണ്ടായത്. ഈ രണ്ട് വകുപ്പുകളുടെയും മന്ത്രി സിപിഎം നേതാവ് പി രാജീവാണ്.
സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യവസായം,കയർ വകുപ്പുകൾക്കെതിരെ ഇപ്രകാരം പറയുന്നു. “കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയാണ്. കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്നത്.ആയിരക്കണക്കിനായ തൊഴിലാളികളുടെ ജീവനോപാധിയായ കയർ വ്യവസായ രംഗത്തെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തോട് മുഖം തിരിക്കുന്ന നിലപാടാണ് വ്യവസായ വകുപ്പ് സ്വീകരിക്കുന്നത്.”
കരിമണൽ വിഷയത്തിലും ഗുരുതരമായ ആക്ഷേപങ്ങളാണ് സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിലുള്ളത്. ആലപ്പുഴ ജില്ലയിലെ നിലനിൽപ്പിനെ ബാധിക്കുന്ന തൊട്ടപ്പള്ളിയിലെ കരിമണൽ ഖനനം ഇപ്പോഴും നിർബാധം തുടരുകയാണെന്ന് സിപിഐ വിമർശിക്കുന്നു. തീരദേശ ജനതയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സിപിഐയുടെ അടക്കം എതിർപ്പുകളെ അവഗണിച്ച് കോടിക്കണക്കിനു രൂപയുടെ കരിമണലാണ് കടത്തിക്കൊണ്ടു പോവുന്നത്. ഇത് തീരദേശത്തിന്റെ ശോഷണത്തിനു കാരണമാകുമെന്ന ശാസ്ത്രീയ ശാസ്ത്രീയ കാഴ്ചപ്പാട് വ്യവസായ വകുപ്പും മന്ത്രിയും അവഗണിക്കുകയാണ്. തികച്ചും കച്ചവട താൽപ്പര്യത്തിലുള്ളതെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഖനനം പാടില്ലെന്നാണ് സിപിഐയുടെ കാഴ്ചപ്പാട്. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന കുട്ടനാട്ടിൽ കൃഷി നാശം സംഭവിക്കുന്നതിനു ഖനനം പ്രധാന കാരണമാകുന്നുണ്ടെന്നും വിമർശിക്കപ്പെട്ടു.
ആലപ്പുഴ ജില്ലയിൽ നിരവധി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണെന്നും വ്യവസായ മേഖലയെ പുനരുദ്ധീകരിക്കണമെന്ന സിപിഐയുടെ ആവശ്യം പരിഗണിക്കപ്പെട്ടില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് സിപിഐ യുടെ സമ്മേളനത്തിൽ ഉയർന്നത്. വ്യവസായ മന്ത്രിക്കെതിരെയും സിപിഐ ഉൾപ്പെട്ട സംസ്ഥാന സർക്കാരിനെതിരെയുമാണ് രാഷ്ട്രീയ റിപ്പോർട്ടിലും പ്രതിനിധികൾ നടത്തിയ ചർച്ചകളിലും വിമർശിക്കപ്പെട്ടത്. സിപിഐയുടെ വിമർശനത്തിനെതിരെ പി രാജീവും സിപിഎം നേതാക്കളും ഇതുവരെ പ്രതികരിച്ചിട്ടില്ല. അവഗണിക്കാനാണ് തീരുമാനമെന്നറിയുന്നു.