സമാധാനം പരമേശ്വരൻ എന്ന പേര് ജീവിതത്തിൽ തുന്നി ചേർത്തത് എങ്ങനെ? സമാധാനം പരമേശ്വരന്റെ ഓർമ്മകൾക്ക് മുപ്പത്തിയൊന്ന് വർഷം

സിഐസിസി ജയചന്ദ്രൻ

സമാധാനംപരമേശ്വരൻ എന്ന പേര് ജീവിതത്തിൽ തുന്നി ചേർത്തത് ഒരു ദിവസം ഇരുണ്ടു വെളുത്തപ്പോഴല്ല. പതിനാലാം വയസില്‍ വെള്ളാട്ട് പരമേശ്വരന്‍ കോണ്‍ഗ്രസുകാരനായി പ്രവര്‍ത്തനം തുടങ്ങി. പതിനാറാം വയസില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റു ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായി. അഞ്ചുമാസത്തെ കഠിന തടവിനുശേഷം 1933 ഓഗസ്റ്റില്‍ അദ്ദേഹം ജയില്‍ മോചിതനായി.

തുടര്‍ന്ന് ഒരു വര്‍ഷം ഹിന്ദി ഖാദി പ്രചാരണ പ്രവര്‍ത്തനം നടത്തി .1934 ല്‍ ബോംബെയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രതിനിധിയായി. തുടര്‍ന്ന് പി.കൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസം തുടരുന്നതിനായി കാശി വിദ്യാപീഠത്തില്‍ വിദ്യാര്‍ഥിയായി. 1938ല്‍ കാശി വിദ്യാപീഠത്തില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട സമയമായിരുന്നു അത്.

1940 ല്‍ കാശി വിദ്യാപീഠത്തില്‍ നിന്നും പരമേശ്വരന്‍ ശാസ്ത്രി ബിരുദം നേടി . ആ സമയത്ത് അദ്ദേഹം ബനാറസ് സ്റ്റുഡന്റസ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് രണ്ട് വര്‍ഷം യു.പി സ്റ്റുഡന്റസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായി.അക്കാലത്ത് അദ്ദേഹം നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഒടുക്കം യുപിയില്‍ നിന്നും സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കി. കേരളത്തിലെത്തിയ അദ്ദേഹം 1940 -42 കാലത്ത് ഇവിടെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതനായി. അങ്ങനെ കേരള സ്റ്റുഡന്റസ് ഫെഡറേഷന്റെ സംഘാടകരില്‍ പ്രമുഖനായി അദ്ദേഹം മാറി.

1942 മുതല്‍ 47 വരെ അഖിലേന്ത്യാ സ്റ്റുഡന്റസ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എഐഎസ്എഫ് എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ തുടക്കം സ്റ്റുഡന്റസ് ഫെഡറേഷനില്‍ നിന്നായിരുന്നു .കമ്യൂണിസ്റ്റ് പാര്‍ട്ടി 1964 ല്‍ പിളര്‍ന്ന ശേഷമാണ് എ ഐ എസ് എഫില്‍ നിന്നാണ് എസ് എഫ് ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനം പിറവിയെടുത്തത് .

1948 ല്‍ പരമേശ്വരന്‍ അറസ്റ്റിലായി .വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറു മാസത്തെ തടവു ശിക്ഷ .അതു കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്ന കാലമായിരുന്നു.അറസ്റ്റ് ഒഴിവാക്കാന്‍ തമിഴ്‌നാട്ടില്‍ ഒരു വര്‍ഷത്തെ ഒളിവു ജീവിതം.1949 അവസാനത്തോടെ വീണ്ടും അറസ്റ്റ് .1951 വരെ ആറു മാസം വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവു ശിക്ഷ.

1951 അവസാനത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി പരമേശ്വരന് പുതിയ ചുമതല നല്‍കി. അങ്ങനെയാണ് അദ്ദേഹം സമാധാന പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്. രണ്ടാമത് ലോക മഹായുദ്ധത്തിനുശേഷം കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ സോവ്യറ്റ് യൂണിയനും ചൈനയുമാണ് സമാധാന പ്രസ്ഥാനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ മദിരാശിയിലാണ് ആദ്യമായി പീസ് കമ്മിറ്റി രൂപീകരിച്ചത്.

തുടര്‍ന്നാണ് ഇന്ത്യോ സോവ്യയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി, ഇന്ത്യോ ചൈനീസ് അസോസിയേഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

അക്കാലത്ത് ഇന്ത്യക്ക് സോവ്യറ്റ് യൂണിയന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.1954 ല്‍ അഖിലേന്ത്യാ സമാധാന സമ്മേളനം മദിരാശിയില്‍ നടക്കുകയുണ്ടായി. ആണവ ആയുധങ്ങള്‍ക്കും യുദ്ധത്തിനെതിരെ വലിയ വികാരം ആ സമ്മേളനത്തില്‍ അലയടിച്ചു. ഈ സമ്മേളനം പരമേശ്വരനെ അഖിലേന്ത്യാ പീസ് കൗണ്‍സിലിന്റെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.

തുടര്‍ന്നാണ് അദ്ദേഹം സമാധാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവുമായി ലോക രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് .വിയന്ന, ഹെല്‍സിങ്കി ,സ്‌റ്റോക്‌ഹോം ,കൊളംബോ, മോസ്‌കോ, ബര്‍ലിന്‍ സമ്മേളനങ്ങളില്‍ പരമേശ്വരനാണ് ഇന്ത്യയെ നയിച്ചത്.സമാധാന പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സമ്മേളനങ്ങളും വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനവും ലോക നേതാക്കളുമായി അടുത്ത ബന്ധമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പീസ് പരമേശ്വരന്‍ എന്നായിരുന്നു ലോകമെങ്ങും അദ്ദേഹം അറിയപ്പെട്ടിരുന്നത്. കേരളത്തില്‍ അത് സമാധാനം പരമേശ്വരനായി.

1958 ലെ സ്‌റ്റോക്‌ഹോം സമ്മേളനത്തില്‍ വെച്ച് സോവ്യറ്റ് യൂണിയനും ചൈനയുമായി തമ്മില്‍ നടന്ന ആശയ സംഘട്ടനം പരമേശ്വരനെ വളരെയധികം വേദനിപ്പിച്ചു. സോവ്യയറ്റ് യൂണിയന്‍ വ്യവസായിക വിപ്ലവത്തിന്റെ പക്ഷത്തും ചൈന കാര്‍ഷിക വിപ്ലവത്തിന്റെ പക്ഷത്തും നിലയുറപ്പിച്ചു. അതാണ് ആശയ സംഘട്ടനത്തിനിടയായത് .ആ ആശയ സംഘട്ടനം സമാധാന പ്രസ്ഥാനത്തെയും ബാധിച്ചു. തുടര്‍ന്ന് ലോകസമാധാന പ്രസ്ഥാനം പിളര്‍പ്പിനെ നേരിട്ടു. തുടര്‍ന്ന് 1959ല്‍ അദ്ദേഹം സമാധാന പ്രസ്ഥാനത്തില്‍ നിന്നും രാജിവച്ചു, തുടര്‍ന്ന് പരമേശ്വരന്‍ കേരളത്തിലെത്തി.

1962 ൽ സി ഐ സി സി ബുക്ക്‌ ഹൌസ് തുടങ്ങി. എല്ലാത്തിൽ നിന്നും ഒതുങ്ങി മാറി പുസ്തക ശാലയിൽ ജീവിതം ഒതുക്കി നിർത്തി. 1994 ജൂൺ 30 ന് 79 മത്തെ വയസ്സിൽ അദ്ദേഹത്തിന്റെ പ്രസ്സിൽ വച്ച് പൊടുന്നനെ കുഴഞ്ഞു വീണ് മരിച്ചു. തികച്ചും സമാധാന പൂർണ്ണമായ അദ്ദേഹം ആഗ്രഹിച്ച മരണം.

യുദ്ധം എന്നതാണ് ഏറ്റവും വലിയ വിപത്ത് എന്ന് ലോകത്തെ പഠിപ്പിക്കാൻ തന്റെ യൗവനം മുഴുവൻ ചിലവഴിച്ചത് കൊണ്ട് ലോകം നൽകിയ പേരാണ് സമാധാനം പരമേശ്വരൻ.

ഇന്ന് സമാധാനം പരമേശ്വരൻ ഈ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിയൊന്ന് വർഷം. എപ്പോൾ വേണമെങ്കിലും ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കാൻ കോപ്പു കൂട്ടുന്ന ഡൊണാൾഡ് ട്രംപിന്റെ വിഡ്ഢിതത്തിന്റെ ഭയപ്പാടിലാണ് ലോകം മുഴുവനും. (ഈ ലേഖകന്റെ പിതാവാണ് സമാധാനം പരമേശ്വരൻ )