മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

പ്രശസ്‌ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് എട്ട് ദിവസം മുൻപാണ് മങ്കൊമ്പ് ഗോപാല കൃഷ്ണനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചിരുന്നു. ഇന്ന് വൈകുന്നേരം 4.55 ന് ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

ഇരുനൂറിലധികം മലയാള ചിത്രങ്ങൾക്കായി 700ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. വിമോചനസമരം ആണ് ആദ്യ ചിത്രം. സംവിധായകൻ ഹരിഹരന് വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് വരികൾ തീർത്തത്. മങ്കൊമ്പിന്റെ ഗാനങ്ങൾക്ക് ഏറെയും ഈണമിട്ടത് എം.എസ്. വിശ്വനാഥൻ. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങി നിരവധി ഹിറ്റുകൾ ​ഗോപാലകൃഷ്ണന്റെ സംഭാവനയാണ്.

ആലപ്പുഴയിലെ മങ്കൊമ്പിൽ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്പതികളുടെ ഏക മകനായാണ് ജനനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നുള്ള ചിത്രങ്ങൾ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി അന്യഭാഷാ ചിത്രങ്ങൾക്ക് ഡയലോഗുകൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്.

പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു മലയാളം പതിപ്പുകൾക്കും വരികളും സംഭാഷണങ്ങളും രചിച്ചു. മഗീധര, ശ്രീരാമ രാജ്യം, ഈച്ച പോലുള്ള ബിഗ് ബജറ്റ് അന്യഭാഷാ ചിത്രങ്ങളെ മലയാളത്തിൽ മനോഹരമായി അവതരിപ്പിച്ചതിൽ സുപ്രധാന പങ്ക് വഹിച്ചു.