ദുരിതാശ്വാസത്തിനിടയിലെ എട്ടുകാലി മമ്മൂഞ്ഞുകൾ

വിപിൻ.പി.എം

കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിൽ കണ്ടത്. മനുഷ്യ മനസാക്ഷിയെ പിടിച്ചുലക്കുന്നതാണ് അവിടത്തെ കാഴ്ചകൾ. ഏത് ദുരന്തവും അത്പോലെ തന്നെയാണ്. എന്നാൽ പ്രകൃതിയുടെ ദയാരഹിതമായ താണ്ഡവത്തിൽ മൂന്ന് ഗ്രാമങ്ങൾ ആണ് ഒലിച്ച് പോയത്, രക്ഷപെട്ടവർക്ക് അവിടെ ജീവിക്കുവാൻ സാധിക്കാത്ത തരത്തിൽ ആ പ്രദേശം ആകെ തകർന്ന് പോയിരിക്കുന്നു

38863 ച.കി.മീറ്റർ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്. 44 പ്രധാന നദികൾ, ഏകദേശം 40% കൃഷിസ്ഥലങ്ങൾ, 1,530 ചതുരശ്ര കിലോമീറ്റർ‌ വിസ്തീർണ്ണം ഉള്ള വനപ്രദേശം, ഏകദേശം 3-5% മുതൽ 10% വരുന്ന ചതുപ്പ് നിലങ്ങൾ ഇവയെല്ലാം ഒഴിവാക്കിയാൽ മൊത്തം ഭൂവിസ്തൃതിയുടെ 40% പോലും വാസസ്ഥലങ്ങൾ കേരളത്തിൽ ഇല്ല എന്ന യാഥാർഥ്യം കാണാതെ പോകരുത്.

മൂന്നരക്കോടി ജനങ്ങൾ വസിക്കുന്ന കേരളത്തിൽ ഏകദേശം 40 കിലോമീറ്റർ കടലും പശ്ചിമഘട്ട മലനിരകളും തമ്മിൽ ശരാശരി ദൂരം. പർവത (മലനാട്) അടിവാരങ്ങളെയോ, 580 കിലോമീറ്റർ നീണ്ടുകിടക്കുന്ന തീരപ്രദേശങ്ങളെയോ ഒഴിവാക്കി അപകട രഹിതമേഖലയായ ഇടനാടിൽ ജീവിക്കുവാൻ കഴിയാവുന്ന സാഹചര്യം അല്ല ഉള്ളത്. ഇനി താതമേന്യ അപകട രഹിതമഖല എന്ന് പറപ്പെടാവുന്ന ഇടനാടും അപകട രഹിതമല്ല എന്ന് കഴിഞ്ഞകാല പ്രളയം തെളിയിച്ചിട്ടുള്ളതാണ്, കാലാവസ്ഥമാറ്റത്തിൻ്റെ ഭാഗമായി രൂപപ്പെടുന്ന അമിത ബാഷ്പീകരണത്തിൻ്റെ ഫലമായി ഉണ്ടാകുന്ന മഴമേഘങ്ങളെ നിയന്ത്രിക്കുക എന്നത് പ്രുയോഗികമാണോ, അല്ല അതിൻ്റെ ഫലമായിഉണ്ടാകുന്ന അതിവർഷം ചൈനയൊക്കെ ചെയുന്നത് പോലെ cloud firing Rockets ഉപയോഗിച്ച് നിയന്ത്രിക്കുന്നത് പോലെ ചെയ്യുവാൻ കഴിയുമോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്.

നമ്മുടെ ഭൂപ്രകൃതിയുടെയും സാമൂഹിക സാഹചര്യങ്ങളുടെയും യാഥാർഥ്യം ഉൾക്കൊള്ളാതെ നടത്തുന്ന ചർച്ചകൾ പ്രായോഗികമല്ല എന്നാണ് തോന്നുന്നത്. ഇന്ന് കാണപ്പെടുന്ന പ്രകൃതിക്ഷോഭങ്ങൾ പോലുള്ളവ ആദ്യമായല്ല ഉണ്ടാകുന്നത്. പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ പ്രളയത്തിൽ ആണ് ചേര, പാണ്ട്യ രാജാക്കന്മാരുടെ തുറുമുഖ നഗരമായ മുസിരിസ് തുറുമുഖം ഇല്ലാതായതെന്നും കൊച്ചി രൂപപ്പെട്ടത് എന്നും ചരിത്രം പറയുന്നു പേർഷ്യ, മധ്യേഷ്യ, വടക്കൻ ആഫ്രിക്ക, ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങൾക്ക് ദക്ഷിണേന്ത്യയുമായുണ്ടായ വ്യാപാരത്തിൽ സുപ്രധാനമായ പങ്കു വഹിച്ചിരുന്ന പ്രദേശം കൂടിയായിരുന്നു മുസിരിസ്.

കരയിൽ ഇരുന്നു പുഴയെയും വെള്ളത്തെയും കുറിച്ച് കവിതയെഴുതാം പക്ഷെ വെള്ളത്തിൽ ഇറങ്ങുമ്പോൾ ആണ് പ്രയാസം മനസിലാകുകയുള്ളു. വയനാട്ടിൽ പ്രളയ ദുരന്തം നടന്ന പ്രദേശത്ത് എല്ലാ മത വിശ്വാസികളും ഉണ്ട്. ഹിന്ദുവിന്റ്റെയും, കൃസ്തയാനിയുടെയും, മുസ്ലീമിനെയും ദേവാലയങ്ങളും പ്രാർത്ഥനകേന്ദ്രങ്ങളും എല്ലാം ഉണ്ട് , എന്നാൽ ഒരു ദൈവങ്ങളും അവിടെ രക്ഷക്ക് എത്തിയില്ല ചുരുങ്ങിയത് അവരിൽ വിശ്വസിക്കുന്നവരെയെങ്കിലും. എൻ്റെ ഒരു തമിഴ് സുഹൃത്ത് പറഞ്ഞത് പോലെ എല്ലാ ദൈവങ്ങളും കൂടിയാലോചിച്ചാണ് അവിടെ ദുരന്തം സൃഷ്ടിച്ചത്. അതുകൊണ്ടായിരിക്കാം ആരും അവരുടെ രക്ഷക്ക് വരാതിരുന്നത്.

ഈ സാഹചര്യത്തിൽ അവരെ സംരക്ഷിക്കേണ്ടത് ഭരിക്കുന്ന സർക്കാരുകളുടെ, പൊതുസമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്. മൂന്ന് ഗ്രാമങ്ങൾ പുനഃസൃഷ്ടിക്കണമെങ്കിൽ അപകട മേഖലയിൽ ജീവിക്കുന്നവരുടെ, വീടുകളും, അവിടെയുണ്ടായിരുന്ന സ്‌കൂളുകളും, ആതുരാലയങ്ങളും മറ്റ് ജനസേവന കേന്ദ്രങ്ങളും പുനസ്ഥാപിക്കണം. വയനാട് മാത്രമല്ല കേരളത്തിൻ്റെ മറ്റ് പലഭാഗത്തും ഇത് പോലെ പലതും സംഭവിച്ചിട്ടുണ്ട്. അവിടെയും സഹായം ആവശ്യമുണ്ട്. അതിനെല്ലാം വളരെയധികം പണം വേണം. അത് മനസിലാക്കികൊണ്ട് തന്നെ നിരവധി മലയാളികളും, കേരളത്തെ സ്നേഹിക്കുന്ന, മലയാളികളെ സ്നേഹിക്കുന്ന അനേകം അന്യ സംസ്ഥാനക്കാരടക്കം നൂറുകണക്കിനാളുകൾ, സംഘടനകൾ എല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്.

ഇങ്ങനെ നന്മയുള്ള മനസാക്ഷിയുള്ള മനുഷ്യർ അവരുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ കുറെ കപട നന്മ മരങ്ങളും, ചില തട്ടിക്കൂട്ട് സംഘടനകളും ഈ അവസരം മുതലെടുക്കുവാനും ഇറങ്ങിയിട്ടുണ്ട്. അവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വിശ്വാസമില്ല പകരം അവരവരുടെ നിലയിൽ ദുരിത്വാസപ്രവർത്തനം നടത്തും എന്നാണ് പറയുന്നത്.

AG യുടെ ഓഡിറ്റിങ്ങിനു കീഴിൽ വരുന്ന, ധനകാര്യ റെവന്യൂ സെക്രട്ടറിമാരുടെ നിയന്ത്രണത്തിൽ ഉള്ള, നിയമസഭയിൽ കണക്ക് ബോധിപ്പിക്കേണ്ട, വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരുന്ന cmdrf വിശ്വസ്‌തമല്ല എന്ന് പ്രചരിപ്പിക്കുകയും , അതിനുപകരം തങ്ങൾക്കു പണം നൽകിയാൽ ദുരന്തബാധിതർക്ക് ഉപകാരപ്പെടും എന്ന കള്ളം പ്രചരിപ്പിക്കുയാണ് ഇവർ. എന്നാൽ ഇക്കൂട്ടർക്ക് ആരോടാണ് ബാധ്യതയുള്ളത്? ഇവർ കണക്ക് ആർക്കാണ് സമർപ്പിക്കുന്നത്? സമൂഹത്തോട് യാതൊരു ബാധ്യതയും ഇല്ലാത്ത ഇത്തരം നന്മമരങ്ങൾ ആർക്കാണ് സഹായം ചെയുന്നത്? ഏത്‌ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ?

അതുകൊണ്ട് നമ്മൾ എന്ത് സഹായം ചെയുന്നുവെങ്കിലും അത് സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡത്തിൽ, ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ആയിരിക്കണം. വിശാലമനസോടെ ആരെങ്കിലും ദുരന്ത ബാധിതരെ സഹായിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇത്തരം കപട നന്മ മരങ്ങളെ ഒഴിവാക്കി സർക്കാർ നിയന്ത്രിത ദുരിതാശ്വാസ നിധിക്കു നൽകുകയാണ് വേണ്ടത്. ചില ചാനൽ മുതലാളിമാരും ഇറങ്ങിയിട്ടുണ്ട് ഇത് പോലെ, അവർക്ക് ദുരിതാശ്വാസത്തിനു എന്തെങ്കിലും ചെയ്യണമെങ്കിൽ അത് സ്വന്തം പണത്തിൽ ഉപയോഗിച്ച് ചെയ്യണം. അല്ലാതെ ജനങ്ങളിൽ നിന്ന് പണം പിരിച്ചു എട്ടുകാലി മമ്മൂഞ്ഞു കളിക്കുകയല്ല വേണ്ടത്.