തിരുവനന്തപുരം: ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകും. ആശാധാര പദ്ധതിയിലൂടെയാണ് മരുന്ന് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഞരമ്പിലൂടെ ആഴ്ചയിൽ രണ്ട് തവണയുള്ള ഇൻജക്ഷന് പകരം മാസത്തിലൊന്ന് നൽകിയാൽ മതിയെന്നതാണ് ഈ മരുന്നിന്റെ സവിശേഷത. ഹീമോഫിലിയ ചികിത്സയിൽ ഗോൾഡ് സ്റ്റാൻഡേർഡ് എന്നറിയപ്പെടുന്ന പ്രൊഫിലാക്സിസ് (പ്രതിരോധ ചികിത്സ) 2021 മുതൽ സൗജന്യമായി നൽകുന്നുണ്ട്. എമിസിസുമാബ് ചികിത്സ 2021 മുതൽ തിരഞ്ഞെടുത്ത രോഗികളിൽ നൽകുന്നുണ്ട്. മൂന്നുവർഷത്തെ ചികിത്സയുടെ ഫലപ്രാപ്തിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ രോഗികൾക്ക് പ്രയോജനകരമാകുന്ന തരത്തിൽ 18 വയസിൽ താഴെയുള്ള മുഴുവൻ രോഗികൾക്കും മരുന്ന് നൽകാൻ തീരുമാനിച്ചത്.
എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഇന്ത്യയിൽ ആദ്യം. എമിസിസുമാബ് ലഭ്യമാക്കുന്നതോടെ പൂർണമായും രക്തസ്രാവം (സീറോ ബ്ലീഡ് ) ഇല്ലാതാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 2019ൽ ആലുവ ഹീമോഫീലിയ സെന്ററിലെ രണ്ട് പേർക്കാണ് കേരളത്തിലാദ്യമായി എമിസിസുബാബ് ചികിത്സ തുടങ്ങിയത്.
2022ൽ ആശാധാര പദ്ധതിയുടെ ഭാഗമായി ആന്റിബോഡിയുള്ള കുട്ടികൾക്ക് മരുന്ന് കൊടുത്തു. ആലുവയിൽ 13 പേർക്ക് നിലവിൽ എമിസിസുബാബ് നൽകുന്നുണ്ട്. അവർക്ക് ഇതുവരെയും രക്തസ്രാവം വന്നിട്ടില്ലെന്ന് സെന്റർ മേധാവി ഡോ. എൻ വിജയകുമാർ പറഞ്ഞു. രോഗികൾക്കും അവരുടെ കുടുംബത്തിനും ഏറ്റവും ആശ്വാസകരമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
ജനിതകപ്രശ്നങ്ങൾ മൂലം രക്തം കട്ടപിടിക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ 8, 9 എന്നിവ ഇല്ലാതിരിക്കുകയോ അളവ് കുറഞ്ഞിരിക്കുകയോ ചെയ്യുമ്പോഴാണ് രോഗാവസ്ഥയുണ്ടാകുന്നത്. രക്തഘടകങ്ങൾ പ്രദാനം ചെയ്യുന്ന പ്രൊഫിലാക്സിസ് ചികിത്സ രോഗികളിലെ രക്തസ്രാവം കുറക്കുമെങ്കിലും വർഷത്തിൽ അഞ്ചിലൊരു തവണയെങ്കിലും രക്തസ്രാവം ഉണ്ടാകാറുണ്ട്. കൃത്യമായ ചികിത്സ ലഭിക്കാത്ത കുട്ടികളിൽ ഭിന്നശേഷി സാധ്യതയും ഉണ്ട്.