സൂപ്പർ താരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്തള്ളി വിര്‍ജില്‍ വാന്‍ഡെകിനു യുവേഫയുടെ പുരസ്‌കാരം

87

മൊണാക്കോ: സൂപ്പർ താരങ്ങളായ ലയണൽ മെസിയേയും ക്രിസ്റ്റ്യാനോ റൊണാൾഡോയേയും പിന്തള്ളി കഴിഞ്ഞ സീസണിലെ മികച്ച യൂറോപ്യന്‍ താരത്തിനുള്ള യുവേഫയുടെ പുരസ്‌കാരം സ്വന്തമാക്കി ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ഡെക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് വാൻഡെകിനെ പുരസ്കാരത്തിന് അർഹനാക്കിയത്. യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയറാവുന്ന ആദ്യ ഡിഫൻഡറാണ് ഈ ഡച്ചുകാരൻ.

മികച്ച ഡിഫൻഡറും വാൻഡെക് തന്നെയാണ്. ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിന്റെ താരം ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം. മികച്ച ഫോർവേഡിനുള്ള പുരസ്കാരം ബാർസലോണയുടെ ലയണൽ മെസി സ്വന്തമാക്കിയപ്പോൾ മികച്ച ഗോളിയായി ലിവർപൂളിന്റെ ആലിസണ്‍ ബെക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. അയാക്സിന്റെ ഫ്രാങ്കി ഡി യോങ് ആണ് മികച്ച മിഡ് ഫീൽഡർ.

യുവേഫ ഈ പുരസ്കാരം ആരംഭിച്ചതുമുതൽ എല്ലാ വർഷവും മെസിക്കും റൊണാൾഡോയ്ക്കും മാറിമാറിയായിരുന്നു പുരസ്കാരങ്ങൾ. റൊണാൾഡോ മൂന്ന് വട്ടം പുരസ്കാരം സ്വന്തമാക്കിയപ്പോൾ മെസി രണ്ട് വട്ടം നേട്ടത്തിനർഹമായി.