പരിസ്ഥിതി സംരക്ഷണ സമരങ്ങളും സമ്പന്നനു വേണ്ടിയോ? ഭാഗം-3

790

ലാൽ ജോസഫ്

പശ്ചിമഘട്ടമല്ല മലയോര ജനതയാണ് തകർന്നു തരിപ്പണമായത്. എതൊരുല്പന്നത്തിനും വിലയില്ലാതായി. ബഹുഭൂരിപക്ഷവും കനത്ത കടക്കെണിയിലാണ്. ജപ്തി നടപടികൾ നേരിടുന്നു. സാമ്പത്തിക അഭിവൃദ്ധിക്ക് ഭൂമി കാർഷികേതര ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താനാവണം. അരനൂറ്റാണ്ടു മുമ്പുള്ള അവസ്ഥയല്ലിന്ന്.

മലയോര ജനതയുടെ പതിനായിരക്കണക്കിനു വീട് വാസയോഗ്യമല്ലാതായിട്ട് ദശാബ്ദങ്ങളായി. ഫെക്ലസ് വലിച്ചു കെട്ടിയാണ് മഴയും വെയിലും മഞ്ഞും ഏല്ക്കാതെ അതിൽ വൃദ്ധരും കുഞ്ഞുങ്ങളുമടക്കമുള്ള പതിനായിരക്കണക്കിനു മനുഷ്യർ ജീവിക്കുന്നത്.

അതേ, മലയോര ജനതയുടെ ഈ ദാരിദ്രവും അവികസിതാവസ്ഥയുമാണ് നഗര പരിസ്ഥിതിയുടെ നിലനിൽപ്പ് എന്ന് ആണയിടുന്നവരുടെ നിഗൂഡ കൗശലം ജനങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു. “ഇടുക്കിയിൽ ടൗൺ പ്ലാനിംഗ് പ്രോട്ടോകോൾ” ഉണ്ടാവണമെന്നും പാവപ്പെട്ട മനുഷ്യരുടെ ജീവിതാവശ്യങ്ങൾക്കു വേണ്ടിപ്പോലും “ഭൂമി വിൽക്കരുത്” എന്നും പറയുന്നതിന്റ കാണാച്ചരട് മണ്ണിനോടു മല്ലടിക്കുന്ന സമരചരിത്രം സിരകളിലോടുന്ന മലയോരജനതക്കതു മനസ്സിലാവും. ഭൂമിയുടെ ശേഷിപ്പിനു വേണ്ടിയുള്ള ഈ
യു എൻ നീക്കം, ക്യാമ്പയിൻ സമ്പന്നർക്കു വേണ്ടി പ്രൊട്ടോക്കോൾ ഉണ്ടാക്കാനാണോ?

സമ്പന്ന രാജ്യങ്ങളുടെ ഇത്തരം വാദം യു എൻ വഴി വരുന്നത് കേരളം തിരിച്ചറിയണം..സുനാമിയുണ്ടായി, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു, അതോടെ മനുഷ്യരും വികസനവും ടൂറിസവും ഇല്ലാതായോ?

പുഴയോരത്തും മലയോരത്തും ലോകത്തെല്ലാം മനുഷ്യർ താമസിക്കുന്നുണ്ട് ദുരിതങ്ങളും മാറാതെ കൂടയുണ്ട്.. ഓരോ കാലഘട്ടത്തിലും മനുഷ്യൻ മറികടന്നിട്ടുമുണ്ട്. മലകളിലുണ്ടാകുന്ന മരംവെട്ടിയും ക്വാറികളിലെ കരിങ്കല്ലും പുഴയിൽ നിന്നും മണലൂറ്റി പണിത വലിയ കോൺക്രീറ്റു കെട്ടിടങ്ങളിൽ ശീതീകരിച്ച മുറികളിലിരുന്ന് നഗരവാസികളും ഭരണ ഉദ്യോഗസ്ഥ മാദ്ധ്യമ പ്രമാണിമാരും ആഗോള താപനത്തെക്കുറിച്ച് മുറവിളിക്കുന്ന വിരോധാഭാസം യാഥാർത്ഥ്യങ്ൾക്കു മുന്നിൽ പൊളിഞ്ഞു വീഴുകയാണിവിടെ. ഇവർ ആഗ്രഹിക്കുന്നത് മലയോര ജനതയുടെ ദാരിദ്രമാണ്- അവികിസിതാവസ്ഥയാണ്. ഒന്നാം ലോക സമ്പന്ന രാജ്യങ്ങൾ പറയും പോലെ “നിങ്ങളുടെ ദാരിദ്രമാണ് ഞങ്ങളുടെ പരിസ്ഥിതി സുരക്ഷ” എന്ന് പറയാതെ പറയുകയാണവർ.

ശീതീകരിച്ച നഗര ബോധത്തിൽ അധിഷ്ഠിതമാണിന്ന് പൊതു പരിസ്ഥിതി ബോധം. ഈ പൊതുബോധ നിർമ്മിതിക്ക് അറിഞ്ഞും അറിയാതെയും നാമെല്ലാം പങ്കു വഹിച്ചിട്ടുണ്ട്.