പരിസ്ഥിതി സംരക്ഷണ സമരങ്ങളും സമ്പന്നനു വേണ്ടിയോ? ഭാഗം-2

405

ലാൽ ജോസഫ്

ജനങ്ങളേയും സമ്പദ്ഘടനയുടെ വളർച്ചയേയും വികസനത്തേയും പരിഗണിക്കാതെ തീവ്രവും ഏകപക്ഷീയവുമായി പരിസഥിതി സംരക്ഷണവാദം ഉയർത്തുന്നത് കപടവും ഗൂഡലക്ഷ്യത്തോടെയുമാണെന്ന് നാം തിരിച്ചറിയണം.

പരിസ്ഥിതി സംരക്ഷണവും മനുഷ്യ വ്യവസ്ഥയുടെ നിലനിൽപ്പും പരസ്പര പൂരിതമാണ്. മനുഷ്യ ആവാസ വ്യവസ്ഥയുടെ സംസ്കൃതിയുടെ ചരിത്രം പ്രകൃതിയെ ഉഴുതു മറിച്ചു കൊണ്ടു തന്നെയാണ് വളർന്നു വന്നിട്ടുള്ളത്. നാളെയും അങ്ങിനെ തന്നയാവും. കാലഘട്ടം മാറി, പ്രകൃതി പ്രതിഭാസങ്ങളും ആധുനിക ശാസ്ത്രത്തിനുപോലും പ്രവചനാധീതമാകുന്ന കാലത്താണു നമ്മുടെ ജീവിതം. കാലാനുസൃതമായ നിയന്ത്രണങ്ങൾ ഉണ്ടാവുക തന്നെ വേണം.

ഗാഡ്ഗിൽ – കസ്തൂരി രംഗൻ റിപ്പോർട്ടുകളെ സംബന്ധിച്ച് ജനങ്ങൾക്കും ജനകീയ പ്രസ്ഥാനങ്ങൾക്കും യഥാർത്ഥ പരിസ്ഥിതി വാദികൾക്കു പോലും ഒട്ടേറെ സംശയങ്ങളുണ്ടായിട്ടുണ്ട്. കേന്ദ്ര സർക്കാരിനു വേണ്ടി ഗാഡ്ഗിൽ ഒരു റിപ്പോർട്ടുണ്ടാക്കി. അത് ബൈബിളിനേക്കാളും ഖുർആൻ നേക്കാളും ഭഗവത്ഗീതയേക്കാളും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയേക്കാളും മഹത്തരമെന്ന് കരുതുന്നവരുണ്ട്. അവരങ്ങിനെ കരുതട്ടെ.എന്നാൽ
ബന്ധപ്പെട്ട കക്ഷികൾ ജനപ്രതിനിധികൾ വിദഗ്ധർ ഇവരെല്ലാവരുമായി സംവദിക്കുകയും ആശയ ക്രോഡീകരണത്തിലൂടെയും വേണം ഏതൊരു റിപ്പോർട്ടും നടപ്പാക്കേണ്ടത്. സർക്കാർ ഉത്തരവുകളായാൽ പോലും വിവേചനപരവും ഏക പക്ഷീയവുമാകരുത്. ജനങ്ങളെ കോടതി കയറ്റാതെ നോക്കണം.

ഇടുക്കി കോട്ടയം ജില്ലകളെ സംബന്ധിച്ച് വലിയ അതിജീവനത്തിന്റെ ചരിത്ര മുണ്ട്. പശ്ചിമഘട്ടത്തിലെ കുടിയേറ്റ കർഷകരെ സംരക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരചരിത്രമുണ്ട്. ഏകെജിയുടെയും, ഫാദർ വടക്കന്റേയും നേതൃത്വത്തിൽ ഉജ്ജ്വല സമരം നടത്തി പാവപ്പെട്ട മനുഷ്യർക്ക് ഭൂമിക്ക് ഉടമാവകാശം നേടികൊടുത്ത് സംരക്ഷിച്ച ഉജ്ജ്വല സമര ചരിത്രമുണ്ട് അത് പലരും ഇന്ന് മറന്നു പോവുകയാണ്. ഗാഡ്ഗിൽ ഉയർത്തുന്ന വാദം അന്നും വേറെ രൂപത്തിൽ കർഷകർക്കെതിരെ അവരുടെ സമരത്തിനെതിരെ ഉയർന്നിരുന്നു. പ്രകൃതിയോടു പൊരുതി പൊന്നു വിളയിച്ച ഭൂമിയിൽ നിന്നും കുടിയിറക്കാൻ ശ്രമമുണ്ടായി. അപ്പോഴൊക്കെ ജനങ്ങൾക്കൊപ്പം താങ്ങും തണലുമായി നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്,കർഷക പ്രസ്ഥാനമാണ്. പശ്ചിമഘട്ടത്തെക്കുറിച്ച് പറയുമ്പോൾ ഈ സമരചരിത്രം കൂടി ഓർക്കാതെ മുന്നോട്ടു പോകാനാവില്ല.

മലയോര മേഖലയെ രണ്ടായി തിരിച്ച് തീർച്ചയായും നിർമ്മാണ നിയന്ത്രണങ്ങൾ വേണം. മണ്ണൊലിപ്പു തടയാൻ സർക്കാർ തലത്തിൽ പഞ്ചായത്തു സമിതികളുടെ പിന്തുണയോടെ നടപടി സ്വീകരിക്കണം.

ഇപ്പോൾ GDP യുടെ 10% മാണ് ടൂറിസത്തിൽ നിന്നുള്ള കേരളത്തിന്റെ വരുമാനം, 2018-19ൽ 46000 ത്തിലധികം കോടി രൂപ. ഇത് അത്ഭുതകരമാം വിധം വർദ്ധിപ്പിക്കാൻ കേരളത്തിന് കഴിയും. കേരളത്തിന് പടിഞ്ഞാറ് 700 കിലോമീറ്ററോളമുള്ള കടലോരം, അതിലേറെ കിഴക്ക് ദക്ഷിണേന്ത്യയിലെ കാശ്മീർ മലനിരകളും, വയലുകളും കായലുകളാലും മനോഹരിയായ ഇടനാടും നാടൻ കലകളുടെ സമന്വയമായ
ആഘോഷങ്ങൾ ഉത്സവങ്ങൾ ഭക്ഷണം ജനങ്ങൾ സഞ്ചാരികളെ സ്വീകരിക്കുന്ന സാമൂഹ്യ അന്തരീക്ഷം ഇതൊക്കെ ഉപയോഗപ്പെടുത്തിയാൽ കേരളത്തിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാൻ കഴിയും.
അതിവേഗ റെയിലും കാരവൺ ടൂറിസവും നമ്മുടെ ടൂറിസം വികസനത്തിനു വലിയ മുതൽകൂട്ടാവും. ഇവിടെ പത്തിൽ താഴെയുള്ള വൻകിടക്കാരേ ഈ രംഗത്തുള്ളു. മാറേണ്ടത് കാലകരണപ്പെട്ട ചട്ടവട്ടങ്ങളാണ്. ലോകത്തെല്ലായിടത്തും ടൂറിസത്തെ രാജ്യത്തിന്റെ വലിയ വരുമാന സ്രോതസ്സായി കാണുമ്പോൾ നമ്മൾ ടൂറിസത്തെ മാഫിയയായി ചാപ്പകുത്തുന്നു.

(തുടരും)