ബ്രിട്ടീഷ് രാജ്ഞിയുടെ പേരിനു പകരം അയ്യൻകാളി; ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രപരമായി സംഭവിച്ചുപോയ തെറ്റിന് പിണറായി വിജയൻറെ പ്രായശ്ചിത്തം

265

ഉണ്ണികൃഷ്ണൻ പറവൂർ

പത്തൊൻപതാം നൂറ്റാണ്ടിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായിരുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ സ്മരണാർത്ഥം തിരുവിതാംകൂർ രാജ്യത്തു തലയുയർത്തി നിന്നിരുന്ന വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി ജെ ടി ഹാൾ ) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മറ്റൊരു അത്ഭുതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു.

കേരളത്തിൻറെ സാമൂഹിക നവോതഥാനത്തിലെ ഏറ്റവും ജ്വലിക്കുന്ന പോരാളിയായ, നായകനായ മഹാത്മാ അയ്യൻകാളിയുടെ സ്മരണാർത്ഥമായിരിക്കും ഇനിമുതൽ വി ജെ ടി ഹാൾ അറിയപ്പെടുക. സാമ്രാജ്യത്തിൻറെ കൊടിയടയാളമായി 1896 ജനുവരിയിൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനാൽ ഉത്‌ഘാടനം ചെയ്യപ്പെട്ട വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിൻറെ ജൂബിലി സ്മാരകം മഹാത്മാ അയ്യൻകാളിയുടെ നാമധേയത്തിൽ പുനർനാമകരണം ചെയ്യപ്പെടുമ്പോൾ അയ്യങ്കാളിയുടെ പ്രജാമൂലം സഭയിലെ മുഴക്കമാർന്ന ശബ്‌ദം പ്രതിധ്വനിക്കുക തന്നെ ചെയ്യും. കേരളത്തെ നവീകരിക്കുകയും പുനഃ സൃഷ്ടിക്കുകയും ചെയ്ത ധീര യോദ്ധാവിന് ഏറെ വൈകികിട്ടിയ അംഗീകാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രപരമായി സംഭവിച്ചുപോയ തെറ്റിന് പ്രായശ്ചിത്തമായി മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കാണേണ്ടതുണ്ട്.

കേരളചരിത്രരചനയിൽ ഇ.എം.എസ്.നമ്പൂതിരിപ്പാട് ബോധപൂർവം കാണാതെപോയ അയ്യൻകാളിയുടെ കാർഷിക സമരം. ശ്രീമൂലം പ്രജാസഭയുടെ ഉത്തരവുണ്ടായിട്ടും ദളിത് കുട്ടികളെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിക്കില്ലയെന്ന സവർണ്ണ ഹിന്ദുക്കളുടെ മാടമ്പി സംസ്ക്കാരത്തിനെതിരെയാണ് മഹാത്മാ അയ്യൻകാളിയുടെ കാർഷിക സമര വെല്ലുവിളി. റഷ്യയിലെ 1917 ലെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനും മുൻപ് എന്ന ചരിത്ര യാഥാർഥ്യവും ഈ സമരത്തിനുണ്ട്. ഏകദേശം രണ്ട് വർഷത്തോളം നീണ്ട ഐതിഹാസിക ചരിത്ര പോരാട്ടത്തിന് ശേഷമാണ് ദളിത് കുട്ടികൾ പള്ളിക്കൂടങ്ങളിൽ പഠിച്ചുതുടങ്ങിയത്. ലോകചരിത്രത്തിൽ തന്നെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള കാർഷിക സമരം വേറെയുണ്ടായിക്കാണില്ല.

കൗമുദി പത്രാധിപർ എം. സുകുമാരൻ, 1958 ൽ കേരളാ മുഖ്യമന്ത്രിയായ ഇ.എം.എസ്.നമ്പൂതിരിപ്പാടിനെ വേദിയിലിരിത്തി എഴുതിവായിച്ച ചരിത്രമായ കുളത്തൂർ പ്രസംഗം. ഇ.എം.എസ് അധ്യക്ഷനായ ഭരണ പരിഷ്ക്കാര കമ്മിഷൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തെ ശുപാർശ ചെയുന്നതിനെതിരെ പത്രാധിപർ എം.സുകുമാരൻ നടത്തിയ അവിസ്മരണീയമായ പോരാട്ടം. ഭരണ പരിഷ്ക്കാര കമ്മിഷൻ ശുപാർശ പ്രകാരം സാമ്പത്തിക സംവരണം അന്നേ നടപ്പിൽ വരുത്തിയിരുന്നെങ്കിൽ ഒ ബി സി, ഓ ഇ സി, ദളിത് വിഭാഗങ്ങളുടെ ഇന്നത്തെ അവസ്ഥയെന്തായിരിക്കുമെന്ന് ഊഹത്തിന് വിട്ടുകൊടുക്കാം.

ഈയടുത്ത കാലത്തേ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് സംവരണത്തിലെ ഭരണഘടനാ വിരുദ്ധത, ഓർമ്മകൾ ഉണ്ടായിരിക്കുമ്പോഴാണ് നല്ല ഭരണാധികാരികളാകുവാൻ കഴിയുക .

തിരുവിതാംക്കൂർ,കൊച്ചി, മലബാർ എന്നി നാട്ടുരാജ്യങ്ങളായി ഇരുപതാം നൂറ്റാണ്ടിൻറെ മദ്ധ്യകാലം വരെ നിലനിന്നിരുന്ന മലയാള നാടിൻറെ ഇരുണ്ടചരിത്രം സ്മരിക്കുമ്പോൾ മാത്രമാണ് അയ്യൻകാളിയുടെ ജീവിതവും പോരാട്ടവും ഇന്നിൻറെ തലമുറയ്ക്ക് അനുഭവവേദ്യമാകുക. വിദ്യാവിഹീനരും അപരിഷ്കൃതരും മാറുമറയ്ക്കാൻ അവകാശമില്ലാത്തവരുമായ,പൊതുവഴിയിൽ പ്രവേശനം നിക്ഷേധിക്കപെട്ടവരുമായ അടിയാള വർഗ്ഗത്തെ സമൂഹത്തിൻറെ പൊതുഇടങ്ങളിലേക്ക്,വിദ്യാലയങ്ങളിലേക്ക്,പണിശാലകളിലേക്ക് ആനയിച്ച യുഗപുരുഷൻ തന്നെയാണ് മഹാത്മാ അയ്യൻകാളി.

കേരളത്തിൻറെ നവോത്ഥന ചരിത്രം ആരംഭിക്കുന്നത് മനുഷ്യരായി ജീവിക്കാനുള്ള അടിയാളരുടെ സമരപോരാട്ടങ്ങളിലൂടെയാണ്. സ്വശരീരാവയവത്തിന് കരം ഒടുക്കേണ്ടിവന്ന ചേർത്തലയിലെ നങ്ങേലിയുടെ ‘മുല’ മുറിക്കൽ പ്രതിക്ഷേധ സമരത്തോടെ, നങ്ങേലിയുടെ ചിതയിൽ ചാടിമരിക്കുന്ന ഭർത്താവിൻറെ (കേരളത്തിലെ ആദ്യത്തേതും അവസാനത്തേതുമായ) സതിയനുഷ്‌ഠാനത്തോടെ പ്രക്ഷുബ്ദമാകുന്ന വിമോചന പോരാട്ടങ്ങൾക്ക് അയ്യങ്കാളിയിൽ എത്തുമ്പോഴാണ് വ്യക്തമായ ദിശാബോധം കൈവരുന്നത്. സവർണ്ണ സ്ത്രീകൾ ധരിക്കുന്നതുപോലെ മുക്കുത്തിയോ , പുടവയോ ധരിച്ചുപോയാൽ പൊതുവഴിയിൽ മാനഭംഗം ചെയ്യപ്പെടുന്ന പിന്നോക്ക-ദളിത് സ്ത്രീകൾ,മാറുമറയ്ക്കാൻ സമരം ചെയേണ്ടിവന്ന ചാന്നാർ സ്ത്രീകൾ,ജാതി തിരിച്ചറിവിന് കല്ലുമാല കഴുത്തിലണിയാൻ വിധിക്കപ്പെട്ടവർ, ഒട്ടേറെ പോരാട്ടങ്ങളിലൂടെയാണ് കേരളീയ സമൂഹത്തിൻറെ വികാസ പരിണാമങ്ങൾക്ക് അയ്യൻകാളി,ആറാട്ടുപ്പുഴ വേലായുധപണിക്കർ,പൊയ്കയിൽ അപ്പച്ചൻ,പണ്ഡിറ്റ് കറുപ്പൻ,സഹോദരൻ അയ്യപ്പൻ എന്നിവർ നേതൃത്വം നൽകിയത് .

പുഴയിൽ നിന്ന് മുങ്ങിയെടുത്ത കല്ലിൽ നമ്മുടെ ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണ ഗുരു, പിന്നീട് കണ്ണാടിയും നെയ്‌വിളക്കും പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം നൽകിയ സന്ദേശം കേരളീയ നവോഥാനത്തിന് കരുത്തുപകർന്നു. പഞ്ചമിയുടെ കൈപിടിച്ച് പള്ളിക്കൂടത്തിൻറെ പടിപ്പുര അയ്യങ്കാളി കടന്നപ്പോഴും,വില്ലുവണ്ടി യാത്രയിലൂടെ മഹാത്മാ അയ്യങ്കാളി സവർണ്ണ മാടമ്പികളെ വെല്ലുവിളിച്ചുകൊണ്ട് ദളിതൻറെ ആത്മ ബോധത്തിൽ അഭിമാനം പകർന്നപ്പോഴും ഒരു പുതുയുഗ പിറവിതന്നെയാണ് കേരളത്തിൽ സംഭവിച്ചത്. “ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന്.പക്ഷെ ധർമം വേണം” എന്ന് പറയാൻ ആർജ്ജവവും ധീരതയും പ്രകടിപ്പിച്ച നവോഥാന നായകനായിരുന്നു സഹോദരൻ അയ്യപ്പൻ അഥവാ ‘പുലയനയ്യപ്പൻ’. നിഷേധാത്മകവും രചനാത്മകവുമായ ഈ നവോഥാന വിപ്ലവങ്ങൾ സൃഷ്‌ടിച്ച അലയൊലികൾ കേരളീയ സമൂഹത്തിൽ പിൽക്കാലത്തു നടന്ന ഒരുപാടു സാമൂഹിക പരിഷ്കരണങ്ങൾക്ക് നാന്ദിയായി വർത്തിച്ചു എന്നത് ചരിത്ര സത്യം. വൈക്കം, ഗുരുവായൂർ,പാലിയം സത്യാഗ്രഹങ്ങൾ ചരിത്രത്തിൻറെ ഏടുകളിൽ കനൽ വഴികളായി എന്നും നിലനിൽക്കും. പക്ഷെ, കാലം നമ്മുടെ മുന്നിൽ വല്ലാതെ മാറുകയാണ്, പഴയമനുസ്‌മൃതിയും ശങ്കര സ്‌മൃതിയുമെല്ലാം തിരിച്ചെത്താൻ തുടങ്ങുന്നതിൻറെ സൂചനകൾ തീഷ്ണമാകുകയാണ്. വെളിച്ചമെല്ലാം അണയുന്ന കാലത്തു സൂര്യ ശോഭയോടെ നാം നവോഥാന നായകരെ സ്മരിക്കേണ്ടതുണ്ട്.