വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷം. പോലീസ് സ്റ്റേഷന്റെ ഒരു ഭാഗം സമരക്കാര്‍ തകര്‍ത്തു.

3123

തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷം രൂക്ഷം. പോലീസ് സ്റ്റേഷന്‍ വളഞ്ഞ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പോലീസ് സ്റ്റേഷന്റെ ഒരു ഭാഗം സമരക്കാര്‍ തകര്‍ത്തു. ഒമ്പത് പോലീസുകാര്‍ക്ക് ഗുരുതര പരിക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത ലാത്തിച്ചാര്‍ജ്ജാണ് സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയത്. സമരക്കാര്‍ ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ പലഭാഗത്തും കേന്ദ്രീകരിക്കുകയാണ്. തീരദേശ മേഖലയാകെ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം, സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു, ജീപ്പുകള്‍ തകര്‍ത്തുമൂന്ന് മണിക്കൂറോളം സമരക്കാര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസുകാരെ ആക്രമിക്കുകയും, പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്തപ്പോഴാണ് പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചത്. പോലീസ് സ്റ്റേഷനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഒമ്പത് പോലീസുകാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാന്‍ കാരണം. ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും കഴിയാതെ വന്നപ്പോഴാണ് പൊലീസ് സംയമനം വെടിഞ്ഞ് ഇടപെട്ടത്. വലിയ പോലിസ് സന്നാഹം സ്ഥലത്തെത്തിയ ശേഷമാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റിയത്.

സ്റ്റേഷന്‍ ഉപരോധിച്ച സമരക്കാര്‍ പൊലീസ് നടപടിയെ തുടര്‍ന്ന് പിന്‍മാറിയെങ്കിലും വിഴിഞ്ഞം ബസ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് വീണ്ടും സമരക്കാര്‍ കേന്ദ്രീകരിക്കുകയാണ്. വിവിധ ഇടങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇനിയും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നു.